കാടിനു കാവല്‍ നാം തന്നെ സമരസ്മരണകളിരമ്പും മുണ്ടേരിയില്‍ വീണ്ടും
നിലമ്പൂര്‍ : ഒന്നാം മുണ്ടേരി മാര്‍ച്ചിന്റെ നൂറുനൂറ് സമരസ്മരണകളുമായി ഒത്തുകൂടിയവര്‍… രണ്ടാം മുണ്ടേരി മാര്‍ച്ചിലൂടെ പരിഷത്തിന്റെ ഭാഗമായവര്‍… രണ്ട് മാര്‍ച്ചുകളിലും പങ്കാളിയാകാന്‍ ഭാഗ്യം സിദ്ധിക്കാതെ പിന്നീട് സംഘടനയില്‍ വന്നവര്‍… പാട്ടുപാടി, അറിവുകള്‍ കൈമാറി, ഓര്‍മകള്‍ അയവിറക്കി, അനുഭവങ്ങള്‍ പങ്കുവെച്ച്, വിത്തെറിഞ്ഞ്, ഒരു കൂട്ടായ്മ. എല്ലാ അര്‍ത്ഥത്തിലും തലമുറകളുടെ സംഗമം ആയിരുന്നു ജൂലൈ 2 ന് മലപ്പുറം നിലമ്പൂരിലെ മുണ്ടേരിയിലെ സമരസ്മരണ.
മുണ്ടേരിവനവും വനത്തിലൂടെ ഒഴുകുന്ന പുഴയും കഴിഞ്ഞ 33 വര്‍ഷമായി നേഞ്ചോടുചേര്‍ത്ത് കാത്തുസൂക്ഷിച്ച പഴയ തലമുറയില്‍ നിന്ന്, അവരുടെ പ്രതിനിധിയായ വി.എം.കൊച്ചുണ്ണി മാസ്റ്ററില്‍ നിന്ന് മുണ്ടേരി വനത്തിന്റെയും ചാലിയാറിന്റേയും സംരക്ഷണ ചുമതല പുത്തന്‍ തലമുറ ഏറ്റുവാങ്ങി. പിന്നെ, പരിഷത്ത് പതാകയും ദീപശിഖയുമേന്തി പാട്ടുകളും മുദ്രാഗീതങ്ങളുമായി വനത്തിലേക്ക് യാത്ര.
1984 ജൂലൈ 2നു നടന്ന ഒന്നാം മുണ്ടേരി മാര്‍ച്ചിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തിനാണ് മുണ്ടേരിയില്‍ പരിസ്ഥിതിക്കൂട്ടായ്മ നടത്തിയത്. ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് അഡ്വ.കെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. കൊച്ചുണ്ണി മാഷ്, കെ.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സമരസ്മരണകളും ഇന്നത്തെ പാരിസ്ഥിതികചിന്തകളും പങ്കുവെച്ചു. പ്രകൃതിയിലെ കാര്‍ബണ്‍ വര്‍ധനയെക്കുറിച്ച് ജില്ലാ പ്രസിഡണ്ട് വി.വി.മണികണ്ഠന്‍, വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമത്തെയും മഴക്കാല കരുതലുകളെയും പറ്റി ജില്ലാ സെക്രട്ടറി വി.ആര്‍.പ്രമോദും വിഷയാവതരണം നടത്തി. ബഷീര്‍ ചുങ്കത്തറ, കെ.അരുണ്‍കുമാര്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.ഷൗക്കത്തലി, എസ്.ബി.ഷാജി, പി.ഡി.പ്രസാദ് എന്നിവര്‍ സംസാരിച്ചു. സംസാരത്തിനിടയില്‍ത്തന്നെ പരിചയപ്പെടലും അനുഭവങ്ങള്‍ പങ്കിടലും മുദ്രാഗീതങ്ങളുടേയും കവിതകളുടേയും ആലാപനവും ഉണ്ടായിരുന്നു. പ്രതീകാത്മകമായി തീപ്പന്തവും പരിഷദ് പതാകയും കൊച്ചുണ്ണി മാസ്റ്റര്‍ കൈമാറിയത് ബാലവേദി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. ഉച്ചക്കു ശേഷമായിരുന്നു ആവേശകരമായ വനയാത്ര. എന്തു വില നല്‍കിയും ഈ വനത്തെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം. ചാലിയാറിന്റെ കുളിര്‍മയില്‍ ക്ഷീണമകറ്റല്‍. ഒടുവില്‍, വീണ്ടും ഒത്തുചേരാനായി പിന്മടക്കം.
മുണ്ടേരി മാര്‍ച്ച് – അല്പം ചരിത്രം
ചാലിയാറിന്റെ വൃഷ്ടിപ്രദേശമായ നീര്‍പുഴയുടെ ഉത്ഭവകേന്ദ്രത്തില്‍ മുണ്ടേരി, മുക്കം, മാളകം ഭാഗത്തുള്ള 1680 ഏക്കര്‍ നിത്യഹരിതവനം മുറിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു 1984 ജൂലൈ 2ന് ഒന്നാം മുണ്ടേരി മാര്‍ച്ച്. ഭൂപരിഷ്കരണം നടപ്പിലാക്കിയതോടെ ഭൂരഹിതരായ നിലമ്പൂര്‍ കോവിലകത്തെ 112 കുടുംബം ഒന്നിന് 15 ഏക്കര്‍ വീതം കൃഷിഭൂമി അവകാശപ്പെട്ടതാണ് എന്ന വാദമുയര്‍ത്തിയാണ് ഇടതൂര്‍ന്നു നില്‍ക്കുന്ന ഈ വനം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 128 പരിഷത്ത് പ്രവര്‍ത്തകര്‍ മുണ്ടേരി സ്കൂളില്‍ ഒത്തുകൂടി വനത്തിലേക്ക് മാര്‍ച്ച് നടത്തിയത് സംഘടനയുടെ ചരിത്രത്തിലെ ആവേശോജ്വലമായ ഒരു ഏടാണ്. നിയമസഭയിലടക്കം അതിന്റെ അലയൊലികളുണ്ടായി. ഈ വനം വെട്ടിമാറ്റാന്‍ വീണ്ടും ടെണ്ടര്‍ വിളിച്ചപ്പോഴാണ് 2012 ആഗസ്റ്റ് 11ന് രണ്ടാം മുണ്ടേരി മാര്‍ച്ച് നടത്തിയത്. മലപ്പുറം ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി ആയിരത്തിലേറെ പരിഷദ് പ്രവര്‍ത്തകര്‍ അതില്‍ പങ്കാളികളായി.