ഓൺലൈൻ യൂണിറ്റുകൾ എന്ത് ? എങ്ങനെ ?

0

പരിഷത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ മുഴുവന്‍ പേരെയും സംഘടനാ പ്രവര്‍ത്തകരാക്കാന്‍ ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ അംഗത്വം എന്ന ആശയം കണ്ണൂർ സമ്മേളനം അംഗീകരിച്ചത്. എന്നാല്‍ അതിന് ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും ഇങ്ങനെ വരുന്നവരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന ആശയക്കുഴപ്പം മൂലം അത് വേണ്ടത്ര മുന്നോട്ട് നീങ്ങിയില്ല. ഇക്കാര്യങ്ങളില്‍ ആശയ വ്യക്തയുണ്ടാക്കി പരിഷത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന, പരിഷത്തിലൂടെ സമൂഹത്തിന് സംഭാവനചെയ്യാന്‍ കഴിയുന്ന മുഴുവന്‍പേരേയും സംഘടനയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പരിപാടിയാണ് ഇവിടെ വിവരിക്കുന്നത്.

തയാറാക്കിയത് : പി.പി.ബാബു (സംസ്ഥാന ട്രഷറര്‍)

10 സെപ്റ്റംബര്‍, 2023

നമ്മുടെ സംഘടന വളര്‍ച്ചയുടെ ഒരു സവിശേഷ ഘട്ടത്തിലാണ്. പരിഷത്ത് കേരളസമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത വര്‍ഷമായിരുന്നു കഴിഞ്ഞത്. കേരളവികസനം സംബന്ധിച്ച് പൊതുവിലും പരിഷത്ത് നിലപാടുകള്‍ പ്രത്യേകിച്ചും വലിയ തോതില്‍ ചര്‍ച്ചയായി. ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സംസ്ഥാന പദയാത്ര അതിന്റെ സംഘാടന മികവും പങ്കാളിത്തവും അതിലുന്നയിച്ച വിഷയങ്ങളും കൊണ്ടുമാത്രമല്ല, പദയാത്രയെ സ്വീകരിക്കാനും അനുധാവനം ചെയ്യാനും കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് വിഭിന്ന ചേരിയിലുള്ളവരും സാംസ്കാരിക രംഗത്തെ പ്രമുഖരും തയ്യാറായി എന്നതിനാലും കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ ഒരനുഭവമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിനെ അപമാനത്തിലാഴ്ത്തിയ നരബലി റിപ്പോട്ട് ചെയ്യപ്പെട്ടപ്പോഴും നഷ്ടപ്പെടുന്ന ശാസ്ത്രബോധം തിരിച്ചുപിടിക്കാന്‍ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തമായ സംഘടന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആയിരുന്നു. അതുപോലെ കപടശാസ്ത്രങ്ങളും കപടഗവേഷണങ്ങളും വഴി ശാസ്ത്ര നിരാസവും കെട്ടുകഥകളെ ശാസ്ത്രവും ചരിത്രവുമായി അവതരിപ്പിക്കലും കേന്ദ്രസര്‍ക്കാരിന്റെ നയമായി മാറിയ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനും പരിഷത്തിന് നേതൃത്വപരമായ പങ്കു വഹിക്കാന്‍ കഴിയും. ശാസ്ത്രപ്രധാനമായ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ നാം നടത്തിയ പ്രചരണ പരിപാടികളും വലിയതോതില്‍ സ്വീകരിക്കപ്പെട്ടത് അതിന്റെ സൂചനയാണ്.

എന്നാല്‍ സമൂഹം പ്രതീക്ഷിക്കുന്ന തലത്തിലേക്ക് നമുക്ക് ഉയരാന്‍ അക്കാദമികശേഷിയിലും സംഘാടന മികവിലും ഇനിയും ഏറെ മുന്നോട്ട് പോയേ തീരൂ. നമ്മുടെ അംഗങ്ങളുടെ‍ ‍ എണ്ണത്തിലും ശേഷികളിലും മികവ് കൈവരിച്ചു കൊണ്ടേ അത് സാധ്യമാകൂ. പക്ഷേ കഴിഞ്ഞ വര്‍ഷം സംഘടനയുമായി വിവിധ ഘട്ടങ്ങളില്‍ സഹകരിക്കാന്‍ തയ്യാറായി വന്നവരെപ്പോലും സംഘടനയിലേക്ക് വേണ്ടവിധം ആകര്‍ഷിക്കാനാവുന്നില്ല എന്ന് ഈ വര്‍ഷത്തെ അംഗത്വ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്നു. ഇതെന്തുകൊണ്ടാണ്?

ഒരു സംഘടനയുടെ ഏറ്റവും അടിസ്ഥാനമായ പ്രവര്‍ത്തനം അംഗത്വ പ്രവര്‍ത്തനമാണ്. അത് ശാസ്ത്രീയവും ചിട്ടയുമായി നടക്കുമ്പോഴാണ് മികച്ച സംഘടനാ പ്രവര്‍ത്തകരും കാലിക പ്രസക്തിയുള്ള പ്രവര്‍ത്തന പരിപാടികളുമുണ്ടായി സംഘടന അതിന്റെ പ്രവര്‍ത്തനലക്ഷ്യത്തിലേക്ക് നീങ്ങുക. എന്നാല്‍ നിലവിലെ അംഗത്വപ്രവര്‍ത്തനത്തില്‍ ചില ദൗര്‍ബല്യങ്ങള്‍ പ്രകടമാണ്. അത് ഇപ്രകാരമാണ് :

1. പരിഷത്തില്‍ അംഗമാകുന്നവര്‍ പലരും താല്പര്യപൂര്‍വ്വം വരുന്നവരോ സംഘടനയെ ചലിപ്പിക്കുന്നവരോ അല്ല. അതേ സമയം പരിഷത്തില്‍ പ്രവര്‍ത്തിക്കണമെന്ന് കരുതുന്ന പലര്‍ക്കും വഴി കിട്ടാത്തതിനാല്‍ പരിഷത്തില്‍ അംഗമാകാന്‍ കഴിയുന്നില്ല.

2. പരിഷത്തിന്റെ അംഗത്വവും പ്രവര്‍ത്തനങ്ങളും നടക്കുന്ന യൂണിറ്റുകളുടെ പ്രവര്‍ത്തന പരിധി കണക്കാക്കിയാല്‍ കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ചെറിയൊരു ഭാഗമേ വരൂ.

3. പരിഷത്തില്‍ യുവാക്കളും സ്ത്രീകളും അംഗങ്ങളായി എത്തി പ്രവര്‍ത്തകരാകുന്നത് കുറവാണ്.

4. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളേറെയും വിദൂരസ്ഥലങ്ങളില്‍ പഠിക്കയും തൊഴിലെടുക്കുകയും ചെയ്യുന്നതിനാല്‍ ‍ പ്രാദേശിക യൂണീറ്റുകളില്‍ അംഗമാകാനോ പ്രവര്‍ത്തിക്കാനോ അവര്‍ക്കാകുന്നില്ല.

5. പ്രാദേശിക യൂണിറ്റുകളില്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യവും സര്‍ഗ്ഗാത്മകതയുമുള്ളവര്‍ ആകര്‍ഷിക്കപ്പെടാത്തതിനാല്‍ പുതിയ പരിപാടികള്‍ രൂപപ്പെടുത്തുന്നതിനും ആശയപ്രചരണത്തിനും പ്രാപ്തി കുറയുന്നു. ജില്ലാമേഖലാകമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന കേവലമായ സന്നദ്ധ പ്രവര്‍ത്തനം മാത്രമായി സംഘടനാ പ്രവര്‍ത്തനം ചുരുങ്ങുന്നു.‍

അതായത് അംഗത്വപ്രവര്‍ത്തനത്തിലെ ദൗര്‍ബല്യം യൂണിറ്റ് പ്രവര്‍ത്തനത്തേയും യൂണിറ്റിന്റെ പ്രവര്‍ത്തനരാഹിത്യത്തെയും ബാധിക്കുന്ന വിഷമവൃത്തത്തിലാണ് സംഘടനയുള്ളത്.

ഓണ്‍ലൈന്‍ അംഗത്വം

പരിഷത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ മുഴുവന്‍ പേരെയും സംഘടനാ പ്രവര്‍ത്തകരാക്കാന്‍ ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ അംഗത്വം എന്ന ആശയം കണ്ണൂർ സമ്മേളനം അംഗീകരിച്ചത്. എന്നാല്‍ അതിന് ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും ഇങ്ങനെ വരുന്നവരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന ആശയക്കുഴപ്പം മൂലം അത് വേണ്ടത്ര മുന്നോട്ട് നീങ്ങിയില്ല. ഇക്കാര്യങ്ങളില്‍ ആശയ വ്യക്തയുണ്ടാക്കി പരിഷത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന, പരിഷത്തിലൂടെ സമൂഹത്തിന് സംഭാവനചെയ്യാന്‍ കഴിയുന്ന മുഴുവന്‍പേരേയും സംഘടനയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പരിപാടിയാണ് ഇവിടെ വിവരിക്കുന്നത്.

1 ഓൺലൈൻ അംഗത്വം ആർക്കെല്ലാം വേണ്ടി?

പരിഷത്തിൽ അംഗമാകാൻ ആഗ്രഹിക്കുന്ന എന്നാൽ പരിഷത് പ്രവർത്തകർ അംഗത്വത്തിനായി സമീപിക്കാത്ത ആർക്കും ഓൺലൈനിൽ അംഗത്വത്തിന് അപേക്ഷിക്കാം.

2. ഓൺലൈൻ അംഗത്വത്തിന് അപേക്ഷിക്കാവുന്ന സാഹചര്യങ്ങൾ

പരിഷത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ

a. ആരെ സമീപിക്കണമെന്നറിയില്ല

b. യൂണീറ്റില്ലാത്ത പ്രദേശത്ത് താമസം

c. ജോലിക്കോ പഠനത്തിനോ സ്വന്തം സ്ഥലത്ത് നിന്ന് കേരളത്തിൽ തന്നെ മാറിത്താമസിക്കുന്നു. അവിടത്തെ പ്രാദേശിക യൂണിറ്റിൽ ബന്ധപ്പെടാനാവുന്നില്ല.

d. മറ്റ് സംസ്ഥാനങ്ങളിൽ ജോലിയോ പഠനമോ ഉള്ളവർ

e. മറ്റ് രാജ്യങ്ങളിൽ ജോലിയോ പഠനമോ ഉള്ളവർ

3. അംഗത്വത്തിന് താല്പ‍ര്യപ്പെടല്‍ എങ്ങിനെ?

a. പരിഷത്തിന്റെ പ്രവര്‍ത്തന ലക്ഷ്യവും നടത്തുന്ന പ്രവര്‍ത്തനങ്ങളും ആര്‍ക്കെല്ലാം പരിഷത്തില്‍ ‍അംഗമാകാം എന്ന് വിവരിക്കുന്ന, ജനറല്‍ സെക്രട്ടറിയുടെ കുറിപ്പ് സൈറ്റില്‍ ഉണ്ടാകും.

b. അത് വായിച്ച് താല്‍പര്യപ്പെടുന്നവര്‍ ഓൺലൈൻ സൈറ്റിലെ ഫോറം പൂരിപ്പിച്ച് അംഗത്വത്തിന് താല്പര്യം അറിയിക്കുന്നു.

c. താല്‍പര്യം പ്രകടിപ്പിച്ച വ്യക്തിയുടെ ഇന്റഗ്രിറ്റി സംബന്ധിച്ച് മേഖലാ സെക്രട്ടറി വഴി അന്വേഷണം നടത്തി ജില്ലാട്രഷറര്‍ അംഗീകാരം നൽകുന്നു/ തിരസ്കരിക്കുന്നു.

d. സംഘടനയില്‍ അംഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയും അംഗത്വ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള ജനറല്‍ സെക്രട്ടറിയുടെ / ജില്ലാ സിക്രട്ടറിയുടെ അറിയിപ്പ്.

e. അംഗത്വഫീസും താല്‍പര്യപ്പെടുന്നെങ്കില്‍ ആവശ്യമുള്ള ശാസ്ത്ര മാസികകള്‍ക്കുള്ള‍ വരിസംഖ്യയും പ്രത്യേക അക്കൗണ്ടിലേക്ക് ഓൺലൈനായി തന്നെ അടയ്ക്കുന്നു. ഫോറത്തിൽ ഇതിന്റെ വിവരവും പൂരിപ്പിച്ചിരിക്കണം.

f. താമസിക്കുന്ന സ്ഥലത്തോ ജോലിചെയ്യുന്ന സ്ഥലത്തോ (പഞ്ചായത്തില്‍) പരിഷത്ത് യൂണിറ്റുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാകുമോ എന്ന ചോദ്യവും ഉണ്ടാകുംയൂണിറ്റുകളുടെ പേരും (സെക്രട്ടറിയുടെ നമ്പറും) തിരിച്ചുള്ള അറിയിപ്പില്‍ ചേര്‍ക്കണം.

4. താല്‍പര്യം പ്രകടിപ്പിച്ച വ്യക്തിയുടെ ഇന്റഗ്രിറ്റി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ശാസ്ത്രത്തിലും മാനവികതയിലും ഊന്നി നിന്ന് സമൂഹത്തില്‍ ഇടപെടുന്ന സംഘടനയാണ് പരിഷത്ത്. സ്വാഭാവികമായും ശാസ്ത്രത്തിലും മാനവികതയിലും ഊന്നിയ സാമൂഹ്യ ഇടപെടല്‍ അംഗീകരിക്കുന്നവരാണ് പരിഷത്തിലേക്ക് വരിക. എന്നാല്‍ ശാസ്ത്രവിരുദ്ധതയിലും സാമൂഹ്യവിരുദ്ധതയിലും വര്‍ഗീയപ്രചരണത്തിലും മുഴുകിയ പലരും‍ ഇന്ന് കേരളത്തിലുണ്ട് എന്നതിനാല്‍ അത്തരക്കാര്‍ ആരും പരിഷത്തിന്റെ ഭാഗമാകരുത് എന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.

5. അപ്പോള്‍ പരിഷത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും വിയോജിക്കുന്നവര്‍ക്ക് പരിഷത്തില്‍ അംഗമാകാമോ?

പരിഷത്തിലെ അംഗങ്ങളോട് സംഘടന ആവശ്യപ്പെടുന്നത് ആശയങ്ങളിലേയും നിലപാടുകളിലേയും വിശ്വാസമല്ല, ബോധ്യമാണ്. ആ ബോധ്യത്തിലേക്ക് അംഗങ്ങള്‍ എത്തിച്ചേരുക സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ്. പരിഷത്തിന്റെ സംഘടനാ സംസ്കാരവും (പാരിഷത്തികത) അതിലൂടെയാണ് ആര്‍ജിക്കുക. അതുകൊണ്ട് തന്നെ പരിഷത്തിന്റെ ആശയങ്ങളും നിലപാടുകളും കൂടുതല്‍പേരിലേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് അംഗത്വത്തിലേക്ക് കൂടുതല്‍പേരെ കൊണ്ടു വരിക എന്നത്. സയന്‍സിനെയും മാനവികതയെയും അംഗീകരിക്കുന്നവരാകണമെന്നേ അംഗത്വത്തിനായി ശഠിക്കേണ്ടതുള്ളു.

6. അംഗത്വത്തിന് താല്പര്യപ്പെട്ടവരുടെ യൂണിറ്റ് തീരുമാനിക്കുന്നത് എങ്ങനെ?

a. ഇപ്പോള്‍ താമസിക്കുന്ന (ജോലി ചെയ്യുന്ന) സ്ഥലം കേരളത്തിൽ തന്നെയാണ്, പ്രാദേശിക യൂണിറ്റില്‍ ബന്ധപ്പെടാന്‍ അസൗകര്യങ്ങളില്ല എങ്കില്‍ അവർ നിര്‍ദേശിച്ച യൂണിറ്റില്‍ ഉള്‍പ്പെടുത്തി വിവരം യൂണിറ്റ് സെക്രട്ടറിയെ അറിയിക്കും / യൂണിറ്റ് സിക്രട്ടറിക്ക് കൈമാറി ഉൾപ്പെടുത്തും.

b. ജില്ലയില്‍ തന്നെ ജീവിക്കുന്നു, എന്നാല്‍ പ്രാദേശിക യൂണിറ്റില്‍ ബന്ധപ്പെടാന്‍ (യൂണിറ്റില്ലാത്തതിനാലോ ഔദ്യോഗിക കാരണങ്ങളാലോ) അസാധ്യമായവരെ ജില്ലാകമ്മിറ്റിയുടെ ഓണ്‍ലൈന്‍ യൂണിറ്റില്‍ അംഗമാക്കും. പ്രദേശത്ത് യൂണിറ്റുണ്ടാകുന്ന മുറയ്ക്കോ സ്വന്തം പ്രദേശത്ത് സ്ഥിരതാമസമാകുന്ന മുറയ്ക്കോ അവരെ പ്രാദേശിക യൂണിറ്റിലേക്ക് മാറ്റാം.

c. ജോലിയുടെയോ പഠനത്തിന്റെയോ ഭാഗമായി മറ്റു ജില്ലയില്‍ പോയി താമസിക്കേണ്ടിവരുന്നവര്‍ക്ക് അവിടുത്തെ പ്രാദേശിക യൂണിറ്റില്‍ ബന്ധപ്പെടുത്താന്‍ ആവുന്നില്ല എങ്കില്‍ അവരെയും സ്വന്തം ജില്ലയുടെ ഓണ്‍ലൈന് ‍യൂണിറ്റില്‍ ചേര്‍ക്കാം.

d. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്നവരെയും ജില്ലയുടെ ഓണ്‍ലൈന്‍ യൂണിറ്റിലാണ് ഉള്‍‍പ്പെടുത്തുക. (ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് അംഗത്വം നല്‍കേണ്ടതില്ല). ഇവര്‍ക്കും നാട്ടിലേക്ക് തിരിച്ചെത്തുന്ന മുറയ്ക്ക് പ്രാദേശിക യൂണിറ്റിലേക്ക് മാറാം.

7. മേല്‍ പറഞ്ഞ എല്ലാവര്‍ക്കും ഒരേ ഓണ്‍ലൈന്‍ യൂണിറ്റാവുമോ ഉണ്ടാവുക?

ചുരുങ്ങിയത് നാല് ഓണ്‍ലൈന്‍ യൂണിറ്റെങ്കിലും ജില്ലയില്‍ വേണ്ടിവരും. അപ്രകാരം നാല് യൂണിറ്റുകൾ ഒരു പുതിയ മേഖലാ കമ്മിറ്റിക്ക് കീഴിൽ ഏകോപിപ്പിക്കാം. ആദ്യ ഘട്ടത്തിൽ ജില്ലാ കമ്മിറ്റി നിശ്ചയിക്കുന്ന ഒരു മുഖ്യ കോർഡിനേറ്ററും ഒരു സഹായിയും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം.

ആദ്യ ഘട്ടത്തിൽ ജില്ലാ തലത്തിൽ ഒരു ഗൂഗിൾ ഫോം തയ്യാറാക്കി ഡാറ്റാ ശേഖരിച്ച്, പ്രവർത്തനങ്ങൾ സംഘടിപ്പിക്കാം.

ജില്ലകളുടെ മേൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സംഘടനയുടെ വെബ് സൈറ്റ് വഴി തന്നെ അംഗത്വ അപേക്ഷ സ്വീകരിച്ച് ജില്ലകൾക്ക് കൈമാറുന്ന സംവിധാനങ്ങൾ അടുത്ത വർഷം ഐ.റ്റി സബ് കമ്മിറ്റി തയ്യാറാക്കി തുടങ്ങണം.

യൂണിറ്റില്ലാത്തതിനാല്‍ അംഗമായവര്‍ക്കുള്ളത്, കേരളത്തിനുള്ളില്‍ മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്‍, മറ്റ് സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവര്‍ക്കുള്ളത്‍, വിദേശത്തുള്ളവര്‍ക്കുള്ളത് എന്നിങ്ങനെയാകാം‍. ഫലപ്രദമാകാൻ ഒന്നില്‍ അപേക്ഷകര്‍ അമ്പതില്‍ കൂടുതലായാല്‍ അതിനെ വിഭജിക്കാം. (യൂറോപ്പ് ,ഗൾഫ്, മറ്റുള്ളവ എന്നിങ്ങനെ വിദേശ യൂണിറ്റിനെയും മറ്റ് സംസ്ഥാനങ്ങളുടെതിനെ വിവിധ സംസ്ഥാനാടിസ്ഥാനത്തിലും). ഓരോ ഓണ്‍ലൈന്‍ യൂണിറ്റിനും ഒരു വാട്സ് ആപ് / ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാവണം.

8.അംഗത്വ നടപടി പൂര്‍ത്തിയാക്കല്‍ എപ്പോള്‍?

അംഗത്വഫീസ് ലഭിച്ച് അവരുടെ യൂണിറ്റും തീരുമാനിച്ച് വാട്സ് ആപ് ഗ്രൂപ്പും സൃഷ്ടിച്ചു കഴിഞ്ഞാല്‍ അവരെ വിവരം ഓണ്‍‍ലൈനായി രേഖാമൂലം ജില്ലാ ട്രഷറര്‍/ ജില്ലാ സിക്രട്ടറി അറിയിക്കണം. പരിഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതും മിനിമം ചെയ്യേണ്ടതായി പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്നതുമാകണം കത്ത്.

9. എന്തെല്ലാം കാര്യങ്ങളാണ് അംഗങ്ങളില്‍നിന്ന് മിനിമം പ്രതീക്ഷിക്കേണ്ടത്?

പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായത്ര പങ്കെടുക്കുക, പരിഷദ് ആശയങ്ങളും നിലപാടുകളും മനസ്സിലാക്കാന്‍ ശ്രമിക്കുക, ഭിന്നാഭിപ്രായങ്ങള്‍ സംഘടനയുമായി സംവദിക്കുക, ബോധ്യമായ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും ആശയപ്രചരണം നടത്തിയും സഹായിക്കുക, പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളം ഉല്പന്നങ്ങളും കൂടുതല്‍ പേരിലേക്കെത്താന്‍ സഹായിക്കുക, ശാസ്ത്ര ബോധത്തെ പൊതുബോധമാക്കി മാറ്റുവാൻ നിരന്തരം പ്രയത്നിക്കുക, ഇത്തരം പരിഷത്താശയങ്ങള്‍ താന്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളെകൂടി ബോധ്യപ്പെടുത്താന്‍ യത്നിക്കുക, ആവശ്യമായ ഘട്ടങ്ങളില്‍ തന്റെ സവിശേഷമായ കഴിവുകളും ശേഷിയും സംഘടനക്കായി സന്നദ്ധാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തുക.

10. ഓണ്‍ലൈന്‍ അംഗങ്ങള്‍ക്ക് എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനാവുക?

പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, അംഗങ്ങളും വൈവിധ്യമുള്ളതാണ്. നാം നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിജയപഥത്തിലേക്കെത്തിക്കാന്‍‍ അക്കാദമിക വൈദഗ്ധ്യം, ആശയവിനിമയശേഷി, സര്‍ഗ്ഗാത്മകത , സംഘാടനം, സന്നദ്ധപ്രവര്‍ത്തനം എന്നിവയെല്ലാം വേണ്ടിവരും. ഈ കഴിവുകള്‍ എല്ലാവരിലും ഒത്തൊരുമിക്കാന്‍ പ്രയാസമാണ്. അതേസമയം പല പ്രവര്‍ത്തകരിലുമായി അവ ഉണ്ട് താനും. അവ ഒത്തൊരുമിക്കുമ്പോഴുള്ള രസതന്ത്രമാണ് പരിഷത്തിന്റെ ഓജസ്സ്. എന്നാല്‍ ആദ്യം പറഞ്ഞ മൂന്നിലും പരിമിതി ഇന്ന് അനുഭവപ്പെടുന്നു. അതിനാല്‍ സംഘാടനവും സന്നദ്ധതയും മാത്രം ആവശ്യമായ പ്രവര്‍ത്തനങ്ങള യൂണിറ്റുകളിലും മേഖലകളിലും സംഘടിപ്പിക്കപ്പെടുന്നുള്ളു. അതേസമയം മറ്റ് തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍വിഷയ സമിതി, ക്ലാസ്സുകള്‍ , കലാജാഥ , മാസിക തുടങ്ങിയവയിലെ അക്കാദമികവും സര്‍ഗ്ഗാത്മകവുമായ സഹായം ചെയ്തുകൊണ്ട് ഏറെപ്പേര്‍ ജില്ലാ സംസ്ഥാന തലങ്ങളിലുണ്ട്. അവരില്‍ പലരും പ്രാദേശികമായി യൂണിറ്റില്ലാത്തതിനാല്‍ പരിഷത്തംഗത്വം ഇല്ല എന്ന സാഹചര്യവും ഉണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനവും പരിഷദ് പ്രവര്‍ത്തനമായി കാണണം. ഓണ്‍ലൈന്‍ യൂണിറ്റുകളിലൂടെ അത്തരക്കാരയും സംഘടനയുമായി ബന്ധിപ്പിക്കാന്‍ കഴിയും.

ഓൺലൈൻ യൂണിറ്റുകൾ എന്ത് ? എങ്ങനെ ? മാര്‍ഗനിര്‍ദേശങ്ങള്‍ pdf version വായിക്കാം / പ്രിന്റ് എടുക്കാം. ഈ  ലിങ്ക് ക്ലിക് ചെയ്യുക

https://parishadvartha.in/wp-content/uploads/2023/09/online-unitguidelines.pdf unitguidelines

 

Leave a Reply

Your email address will not be published. Required fields are marked *