ശാസ്ത്രീയ മനോഭാവത്തിന്മേലുള്ള കടന്നാക്രമണം: ഒരു സംവിധാനപരമായ പ്രശ്നം – ഡോ. രഘുനന്ദൻ

1

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 2023 ഒക്ടോബർ 14 ന് ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്ത് ASSAULT ON SCIENTIFIC TEMPER : A Systematic Problem എന്ന വിഷയത്തിൽ ഡോ. രഘുനന്ദൻ (AIPSN മുൻ പ്രസിഡന്റ്) നടത്തിയ പ്രഭാഷണം .

ഡോ. രഘുനന്ദന്റെ പ്രഭാഷണം pdf വെർഷൻ വായിക്കാം
https://acrobat.adobe.com/link/track?uri=urn:aaid:scds:US:75aea469-b24f-3d2f-9370-906be9d0b861

 

ഒക്ടോബർ 14, 2023

ആലപ്പുഴ / കർമസദൻ

ശാസ്ത്രീയ മനോഭാവത്തിന്റെ അടിത്തറ തകർക്കാനുള്ള അനേകം ശ്രമങ്ങൾ കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ മുതിർന്ന മന്ത്രിമാരുടെയും സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പുരാണങ്ങളെ ശാസ്ത്രമായി പ്രചരിപ്പിക്കാനുള്ള തീവ്രശ്രമം നടക്കുന്നു. കാപട്യപൂർവ്വം കെട്ടിച്ചമച്ച മറ്റൊരു ആഖ്യാനവും ഇതിനൊപ്പം തള്ളിവിടുന്നുണ്ട്. മറ്റെല്ലാ നാഗരികതകളിലേയും സംസ്കാരങ്ങളിലേയും വിജ്ഞാനത്തേക്കാൾ പൗരാണിക വൈദിക ഹിന്ദു വിജ്ഞാനം ആദിമമാണെന്നു മാത്രമല്ല, അതിശ്രേഷ്ഠവുമാണെന്നതാണത്. പുരാതന ഇന്ത്യയിലെ പല പ്രധാനപ്പെട്ട യഥാർത്ഥ നേട്ടങ്ങൾക്കും ഈ തള്ളൽ ദോഷകരമാണ്. അസത്യത്തിന്റെയും അതിശയത്തിന്റെയും കാർമേഘങ്ങൾ അവയെ സംശയത്തിൽ വീഴ്ത്തിയേക്കാം. ഭരണഘടനയുടെയും രാഷ്ട്ര സങ്കല്പത്തിന്റെയും ഹൃദയത്തിൽ തന്നെ വൈവിധ്യം ഉൾവഹിക്കുന്നതാണ് ഈ വിശാല രാജ്യം. വക്രീകരിക്കുകയും വർഗീയവത്ക്കരിക്കുകയും ചെയ്യപ്പെട്ട ചരിത്രവും, കാപട്യപൂർവ്വം ഏകീകരിക്കപ്പെട്ട, യാഥാസ്ഥിതിക, പാരമ്പര്യാധിഷ്ഠിത ഹിന്ദി ഹിന്ദു-ഹിന്ദുസ്ഥാൻ സംസ്ക്കാരവും, അതിന്റെ മേൽ അടിച്ചേല്പിക്കാനാണ് ശ്രമം. രാജ്യത്തിന്റെ ഭാവിയെ തന്നെ അപായപ്പെടുത്തുന്ന ഈ വ്യാജ ആഖ്യാനം വിദ്യാഭ്യാസ സംവിധാനത്തിലൂടെ പ്രചരിപ്പിച്ച്, പ്രതികാരചിന്തയും കപട ദേശീയ ബോധവും യുവമ നസുകളിൽ ഉറപ്പിച്ച്, രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ പ്രവണതയെ വിമർശിക്കുന്നവർ “ദേശവിരുദ്ധർ”, “പാശ്ചാത്യവൽക്കരിക്കപ്പെട്ടവർ”, “കോളനിവത്ക്കരിക്കപ്പെട്ട മനസ്സിന്റെ ഉല്പന്നങ്ങൾ” എന്നൊക്കെ ഹീനമായി ആക്രമിക്കപ്പെടുന്നു. കൂടാതെ സംഘടിത ട്രോൾ പരമ്പരകളിലൂടെയും ബലപ്രയോഗത്തിലൂടെയും പലപ്പോഴും അവർ ആക്രമണത്തിന് ഇരയാക്കപ്പെടുന്നു.

ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ ഗവൺമെന്റ് തന്നെ നിഷേധിക്കുകയും തെറ്റിക്കുകയും ചെയ്യുന്നു. അങ്ങനെ സ്ഥിതിവിവരക്കണക്കുകളേയും നയപരിപാടികളേയും വിമർശനാത്മകമായി പരിശോധിക്കാനുള്ള അവസരം അടിച്ചമർത്തുമ്പോഴും ശാസ്ത്രീയ മനോഭാവമാണ് അട്ടിമറിക്കപ്പെടുന്നത്. തെളിവുകൾ അടിസ്ഥാനമാക്കിയ യുക്തിചിന്ത തന്നെ ഇത് മൂലം മൂല്യശോഷണത്തിന് വിധേയമാകുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി കോവിഡ് 19 മഹാമാരിയുടെയും നോട്ടു നിരോധനത്തിന്റെയും കാലങ്ങളിലെന്നപോലെ, നയരൂപീകരണ കാര്യങ്ങളിൽ, ഈയിടെയായി, തെളിവധിഷ്ഠിത വിദഗ്ധ അഭിപ്രായം പരിഗണിക്കപ്പെടാതെ തീരുമാനമെടുക്കുന്നു. ഇതിൽ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.

വർത്തമാനകാല വിജ്ഞാനയുഗത്തിൽ സ്വാശ്രയ വികസനം സുസാധ്യമാക്കുന്നതിന് അവശ്യം വേണ്ട R & D (ഗവേഷണവും വികസനവും) ബഡ്ജറ്റ് വെട്ടിച്ചുരുക്കലിൽ പെട്ടിരിക്കുകയാണ്. ഗവേഷണത്തിനുള്ള ലോക ശരാശരി ബഡ്ജറ്റ് വിഹിതം ജി.ഡി.പിയുടെ 1.8 ശതമാനമായിരിക്കേ, ഇവിടെ, അത് 0.7 ശതമാനത്തിലും താഴെയാണ്. എന്നാൽ കപടശാസ്ത്ര “ഗവേഷണ “ത്തിന് പുതുതായി ഫണ്ട് അനുവദിക്കുന്നുണ്ട്. ഗോവിഭവങ്ങൾ, തെളിയിക്കാത്ത വൈദ്യപരിഹാരങ്ങൾ, നാനാവിധത്തിലുള്ള അന്ധവിശ്വാസങ്ങൾ. വ്യാജവും കല്പിതവുമായ ചരിത്രം, ഗവൺമെന്റിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത വികസന സംബന്ധമായ വസ്തുതകളും വിവരങ്ങളും പക്ഷപാതപരമായും അശാസ്ത്രീയമായും വ്യാഖ്യാനിക്കൽ തുടങ്ങിയവയാണവ. ശേഷിവികസനം ഇന്ത്യയിൽ കിഴക്കനേഷ്യൻ രാജ്യങ്ങളിലേതിനേക്കാളും വളരെ പിന്നിലാണ്. യു.കെ.യിൽ ഔപചാരിക പരിശീലനം 68 ശതമാനവും ജപ്പാനിൽ 80 ശതമാനവും ദക്ഷിണ കൊറിയയിൽ 96 ശതമാനവും ആയിരിക്കുമ്പോൾ, ഇന്ത്യയിൽ അത് വെറും 4.7 ശതമാനമാണ്. സാങ്കേതികവിദ്യയുടെ ഇറക്കുമതിയെ സമ്പദ് വ്യവസ്ഥ കൂടുതലായി ആശ്രയിക്കുമ്പോൾ കഠിന പരിശ്രമത്തിലൂടെ ഇന്ത്യ വളർത്തിയെടുത്ത ശാസ്ത്ര സാങ്കേതിക ശേഷികൾ ക്രമമായി ശോഷിച്ചു പോകുന്നു. ഇന്ത്യയുടെ സമഗ്ര വികസനത്തിനും ആഗോള മൂല്യ ശൃംഖലയിലേക്കുള്ള ഉയർച്ചയ്ക്കും ഇത് തടസ്സമാകുന്നു.

അങ്ങനെ തെളിവുകളെ അടിസ്ഥാനമാക്കിയ യുക്തി ബോധം, ബഹുത്വം, ചിന്താ സ്വാതന്ത്ര്യം, സമഗ്രവും സ്വയാശ്രിതവുമായ വികസനത്തിൽ പ്രധാന ചാലകമായി ശാസ്ത്ര സാങ്കേതികവിദ്യയുടെ സ്ഥാനം കുറയ്ക്കൽ എന്നീയിടങ്ങളിൽ വ്യവസ്ഥാപരമായ ആക്രമണം നടക്കുമ്പോൾ ശാസ്ത്രീയ മനോഭാവത്തിന്റെ പ്രതിരോധവും പ്രചാരണവും വർത്തമാനകാല സന്ദർഭത്തിൽ വിവിധ സമരമുഖങ്ങളിൽ നടത്തേണ്ട യുദ്ധമായി മാറുന്നു. ഇനി ശാസ്ത്രീയ മനോഭാവം വളർത്താനുള്ള പ്രസ്ഥാനം അന്ധവിശ്വാസങ്ങളെ തുറന്നു കാട്ടുന്നതിനും തെളിമയാർന്ന ശാസ്ത്ര സംവേദനത്തിൽ ഇടപെടുന്നതിനുമപ്പുറം പോകേണ്ടിയിരിക്കുന്നു. തീർച്ചയായും ഇവ സുപ്രധാനമായി തുടരുമെങ്കിലും, ചിലപ്പോൾ വിമർശനാത്മക ചിന്തയും തെളിവുകളെ അടിസ്ഥാനമാക്കിയ യുക്തിവിചാരവും പ്രചരിപ്പിക്കുന്നതിന് അവയ്ക്ക് പുതിയ, കൂടുതൽ വ്യാപ്തി ആവശ്യമായി വരും.

ഇനി, സുപ്രധാന സമകാലിക വെല്ലുവിളികൾ സംക്ഷിപ്തമായി വിവരിക്കാം.

2014 മുതൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ മന്ത്രിമാർ പൗരാണിക ഇന്ത്യയിൽ (അതുകൊണ്ട് ഉദ്ദേശിക്കുന്നത് വൈദിക സംസ്കൃത ഹിന്ദു പാരമ്പര്യങ്ങളെയാണ്) അനേകം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ സമകാലിക ശാസ്ത്ര സാങ്കേതികവിദ്യയ്ക്ക് സമമായ അറിവുകൾ ഉണ്ടായിരുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിൽ കൃത്യമായി ആനത്തല വെച്ചുപിടിപ്പിച്ച ഗണപതി വികസിത കോസ്മെറ്റിക് സർജറിക്ക് ഉദാഹരണമായി അവതരിപ്പിക്കപ്പെട്ടു. പൗരാണിക പുഷ്പകവിമാനം നക്ഷത്രാന്തര യാത്രയ്ക്ക് ഉപയോഗിച്ചതും ഇൻറർനെറ്റ് മഹാഭാരത കാലത്ത് ഉണ്ടായിരുന്നതും മറ്റും മറ്റും ഇവയിൽ ഉൾപ്പെടും.

അതിശയോക്തിപരമോ അബദ്ധപൂർണമോ ആയ ഈ അവകാശവാദങ്ങളെല്ലാം വളരെ ദുർബലമായ ചില ആദ്യ പ്രസ്താവനകളിലോ പരികല്പനകളിലോ കെട്ടിപ്പടുത്തവയാണ്. പ്രഥമ കർത്താക്കൾ ഒരിക്കലും ഉദ്ദേശിക്കാത്തവയാണിവ. ഉദാഹരണത്തിന് ഭാസ്കരാചാര്യ രണ്ടാമൻ (എ.ഡി.8-ാം നൂറ്റാണ്ട്) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന “ഭൂമിക്ക് ഭാരമുള്ള വസ്തുക്കളെ തന്നിലേക്ക് തന്നെ വലിക്കാനുള്ള ആകർഷണ ശക്തിയുണ്ട്. അതുകൊണ്ട് താഴ്ന്ന ഭാഗങ്ങളിലോ വശങ്ങളിലോ സ്ഥിതിചെയ്യുന്ന വസ്തുക്കൾ വീഴുന്നില്ല” എന്നീ വരികൾ ഗുരുത്വാകർഷണം സംബന്ധിച്ച അറിവ് അദ്ദേഹത്തിനുണ്ടായിരുന്നെന്ന് തെളിയിക്കാനായി ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ, ശാസ്ത്രത്തിൽ ഗുരുത്വമെന്നത് ഭൂമിയുടെ മുകളിലേക്ക് പതിക്കുന്ന വസ്തുക്കൾ മാത്രമല്ല. ശാസ്ത്രം ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത് രണ്ടു വസ്തുക്കളുടെ പിണ്ഡങ്ങൾ തമ്മിലുള്ള വ്യവഹാരത്ത നിശ്ചയിക്കുന്ന ബലവും അവ തമ്മിലുള്ള അകലവുമായാണ്. ഗണിത ശാസ്ത്രപരമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള സംജ്ഞയാണത്. അവ്യക്തമായ പ്രസ്താവനയല്ല. എന്തായാലും, ഈ അവകാശവാദങ്ങൾ വിവര ദരിദ്രമെങ്കിലും വളർന്നുകൊണ്ടിരിക്കുന്ന “ഇന്ത്യയാണ് ശ്രേഷ്ഠ’ മെന്ന തീവ്രദേശീയതയ്ക്ക് ശക്തി പകരുമ്പോൾ, ശാസ്ത്ര സമൂഹത്തിൽ ഇത് പൊതുവേ ഇന്ത്യയെ പരിഹാസപാത്രമാക്കുന്നു. മാത്രമല്ല, പുരാതന മധ്യകാലഘട്ടങ്ങളിലെ വ്യത്യസ്ത ബൗദ്ധിക പാരമ്പര്യങ്ങളിൽ ഇന്ത്യ നേടിയ സുപ്രധാന ശാസ്ത്ര നേട്ടങ്ങൾക്ക് ഇത് ഹാനി വരുത്തുകയും ചെയ്യുന്നു. മൂർത്തമായ തെളിവുകളുടെ പിന്തുണ വേണമെന്നതിനെ അവഗണിച്ചും മതാധിഷ്ഠിത വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും സങ്കല്പങ്ങളെയും പകരം സ്വീകരിക്കാൻ പ്രേരിപ്പിച്ചും ഇത്തരം അവകാശവാദങ്ങൾ ശാസ്ത്രീയ മനോഭാവത്തിന്റെ അടിവേരിളക്കുകയാണ് ചെയ്യുന്നത്. അവിടെവിടെ ഇത്തരം പരാമർശങ്ങൾ തുടർന്നുകൊണ്ട് ഈ പ്രക്രിയയുടെ സ്ഥാപനവൽക്കരണത്തിന് ഒരു പുതിയ ഊന്നൽ നൽകുന്നുണ്ട്. ഉദാഹരണത്തിന്, NEP യുടെ ഭാഗമായി, സർവകലാശാലകളിലും കോളേജുകളിലും പരമ്പരാഗത ഇന്ത്യൻ വൈജ്ഞാനിക പദ്ധതികളിലെ കോഴ്സുകൾ നിർബ്ബന്ധിതമാക്കുന്നു. കാമധേനു ഗോവിജ്ഞാൻ പ്രചാര പ്രസാർ പരീക്ഷ എന്ന പേരിൽ ഒരു ഓൺലൈൻ “ഗോ ശാസ്ത്ര ” പരീക്ഷ 2021 ൽ പ്രഖ്യാപിക്കുകയുണ്ടായി. പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ “പ്രോത്സാഹിപ്പിക്കാൻ” 900 സർവ്വകലാശാലകൾക്ക് യു. ജി.സി, എഴുതുകയും ചെയ്തിരുന്നു. മൃഗപരിപാലനം, മത്സ്യം, പാൽ മന്ത്രാലയത്തിന്റെ കീഴിലെ ദേശീയ കാമധേനു സമിതി തയ്യാറാക്കിയ പഠന വിഭവങ്ങൾക്കനുസരിച്ച് അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു. വലിയ വിവാദങ്ങൾക്കും പ്രതിഷേധത്തിനും ശേഷം പരീക്ഷ മാറ്റിവെയ്ക്കപ്പെട്ടു. ഖരഗ്പൂർ ഐഐടിയിലെ ഇന്ത്യൻ വൈജ്ഞാനിക പദ്ധതിക്കുള്ള കേന്ദ്രം ഒരു കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നു. അക്കാദമിക പരിഷ്ക്കാര നാട്യത്തോടെ പ്രസിദ്ധീകരിച്ച അതിൽ ശാസ്ത്രത്തെ സംബന്ധിച്ച് വികലമായ വീക്ഷണമാണ് നൽകിയിരുന്നത്.

അത്തരം വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് പറയുന്നതിനപ്പുറം അവയെ പ്രതിരോധിക്കുന്നതിന് ജനകീയ ശാസ്ത്ര പ്രസ്ഥാനം പോകേണ്ടതുണ്ട്. തെളിവുകളുടെ സഹായത്തോടെ, എന്തുകൊണ്ട് അവ ശരിയല്ല എന്ന് ബോധ്യപ്പെടുത്തുന്ന വിധം വാദിച്ച് സമർത്ഥിക്കാൻ കഴിയണം. അങ്ങനെ ചെയ്യുമ്പോൾ പുരാതന – മധ്യകാലഘട്ടങ്ങളിൽ വളർന്ന വികസിതവും കൃത്യവുമായ വിജ്ഞാനത്തെ അഭിവാദ്യം ചെയ്ത് ആദരിക്കണം. ഉദാ: ഭൂമിയുടെ അക്ഷത്തിന്റെ ചരിവ് സംബന്ധിച്ച് ആര്യഭട്ടന്റെ കണക്കുകൾ, പൈയുടെ മൂല്യം, ടിഗണോമെട്രി, കാൽക്കുലസ് തുടങ്ങിയവ അല്ലെങ്കിൽ ശുദ്ധമായ ഇരുമ്പോ വുട്ട്സ് സ്റ്റീലോ (Woots Steel) ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ . ഇരുമ്പും സ്റ്റീലും ഉണ്ടാക്കുന്ന കൈപ്പണിക്കാരനായ ഇന്ത്യാക്കാരന് ഫാക്ടറികൾ അടിസ്ഥാനമാക്കിയുള്ള യു.കെ.യിലെ ഇരുമ്പ് ഉരുക്ക് ഉല്പാദനവുമായി മത്സരിക്കാൻ സാധിക്കാതെപോയത് എന്തു പരിമിതികൾ കൊണ്ട് എന്ന് ജനകീയ ശാസ്ത്ര പ്രസ്ഥാനം അന്വേഷിക്കണം. ഇന്ത്യയിലെ പുരാതന ശാസ്ത്രത്തെ സംബന്ധിച്ച വിചിത്രമായ അവകാശവാദങ്ങളെ പരിഹസിക്കുന്നത് ഒരുകൂട്ടം ശ്രോതാക്കളെ രസിപ്പിച്ചേക്കാം. എന്നാൽ പുരാതന ഇന്ത്യൻ നേട്ടങ്ങളോട് നമ്മൾ എന്തിന് വിപ്രതിപത്തി കാട്ടുന്നു എന്ന് അത്ഭുതം കൂറുന്ന പലരും അകന്നു പോയേക്കാം.

സ്ഥാപനവൽക്കരിക്കപ്പെട്ട ഈ ശ്രമങ്ങളുടെ ഭാഗമായി, NCERT പാഠപുസ്തകങ്ങളുടെ പരിഷ്ക്കരണത്തിലൂടെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിലും സയൻസിന്റെ മേൽ ക്ഷോഭജനകമായ ആക്രമണം അഴിച്ചുവിട്ടതായി, വിമർശനപരമായി ചിന്തിച്ചാൽ കാണാം, പത്താം സ്റ്റാൻഡേർഡിലെ പുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം, ഡാർവ്വിനെപ്പറ്റിയുള്ള ബോക്സ് ഐറ്റം ഉൾപ്പടെ, ഒഴിവാക്കപ്പെട്ടിരിക്കുന്നു. മന്ത്രിമാരുൾപ്പടെയുള്ള ഹിന്ദുത്വ വക്താക്കൾക്ക് ദശാവതാരമാണ് കൂടുതൽ മെച്ചപ്പെട്ട സിദ്ധാന്തം ! പൈഥാഗോറിയൻ സിദ്ധാന്തത്തിൽ നിന്നും പൈഥ ഗോറസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നു. കാരണം, ബൗധായനനെന്ന പുരാതന പണ്ഡിതനാണ് ഇത് ആദ്യം കണ്ടു പിടിച്ചതെന്ന വിവാദാസ്പദമായ അവകാശവാദം നിലവിലുണ്ട്. അദ്ദേഹം തെളിവ് തയ്യാറാക്കിയിട്ടുണ്ടെന്ന് ആരും അവകാശപ്പെട്ടിട്ടില്ലെങ്കിൽ പോലും ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും, ധാതുപദാർത്ഥങ്ങളും, വനങ്ങളും പരിസ്ഥിതിയും സംബന്ധിച്ച വിവിധ അധ്യായങ്ങളും ഭാഗങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാരണം കുട്ടികൾ ഇവയെ സംബന്ധിച്ച് അറിയാതിരിക്കുകയും അതുകൊണ്ട് ഇവയെ സമ്പൂർണമായി ചൂഷണം ചെയ്യാൻ കുത്തകകൾക്ക് സഹായകമായ നിലപാടെടുത്ത സർക്കാരിനെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യും.

കൂടുതൽ വിശാലമായ പൊതുസമൂഹത്തിൽ ഹിന്ദുത്വ ശക്തികൾ അന്ധവിശ്വാസവും കപടശാസ്ത്രവും യഥാർത്ഥ ചരിത്രമാണ് പുരാണമെന്ന വിശ്വാസവും ഏകാത്മക “സനാതന ” ഹിന്ദുമതവും ആചാരങ്ങളും സംബന്ധിച്ച കപട ആഖ്യാനങ്ങളും (നിർമ്മിതമാണവ ) സജീവമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സനാതന ധർമ്മം എന്തിനെ സൂചിപ്പിക്കുന്നുവെന്നതിനെ സംബന്ധിച്ച് ധാരാളം അഭിപ്രായഭേദങ്ങളുണ്ട്. അതിനൊപ്പം മുസ്ലിങ്ങൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ വ്യാജ സ്ഥിരരൂപങ്ങളേയും പ്രചാരണങ്ങളേയും അടിസ്ഥാനമാക്കിയ വിപ്രതിപത്തികളും .

കോവിഡ് 19 മഹാമാരി കാലത്ത് സൂര്യന്റെ നേരേ മുഖം തിരിക്കുക ( സൂര്യ നമസ്ക്കാരത്തിലെന്നപോലെ ), ചൂടുവെള്ളം കുടിക്കുക, സ്ത്രീകൾ ദിവസവും പ്രാദേശിക ക്ഷേത്രത്തിൽ ആരതി ചെയ്യുക , ആരതി ജലം കൊണ്ട് വീട്ടു വാതിൽ അടയാളപ്പെടുത്തുക (ഇങ്ങനെ ഹൈന്ദവേതര ഭവനങ്ങളും വേറിട്ട ടയാളപ്പെടുത്തപ്പെട്ടു) തുടങ്ങിയ സ്വകാര്യ മന്ത്രിക്കൽ പരിപാടിയിലൂടെ ഹിന്ദുത്വ സംഘടനകൾ വൈറസിനെ തുരത്താനെന്ന പേരിൽ ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചു. മുസ്ലീം പച്ചക്കറിക്കച്ചവടക്കാർ മനഃപൂർവ്വം കോവിഡ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് അവരുടെ ഉല്പന്നങ്ങളിൽ തുപ്പണമെന്ന സോഷ്യൽ മീഡിയാ പ്രചാരണവും നടത്തപ്പെട്ടു. ഈ അവസരം ഉപയോഗിച്ച് ശതകോടീശ്വരനായ ഒരു യോഗ ഗുരുവിന് സ്വന്തം ആയുർവേദ ഉല്പന്നങ്ങൾ മാസങ്ങളോളം കോവിഡിനുള്ള പ്രതിവിധിയായി വഴിനീളെ കച്ചവടം നടത്താൻ അനുമതി ലഭിച്ചു. ഡോക്ടർമാരുടെയും ശാസ്ത്ര സംഘങ്ങളുടെയും ശക്തമായ പ്രതിഷേധമാണ് അവസാനം അയാളെക്കൊണ്ടത് നിർത്തിവെയ്പിച്ചത്. ഹിന്ദുത്വവാദ ശക്തികളുടെ ധാരാളം വക്താക്കൾ ശാസ്ത്രമായി തെളിയിച്ച ചികിത്സകളും “പാരമ്പര്യ” പരിഹാരങ്ങളും തമ്മിലുളള തുല്യത പറഞ്ഞ് അയാളെ പ്രതിരോധിച്ചു. ജനങ്ങളെല്ലാം ബാൽക്കണികളിലെത്തി മെഴുകുതിരിയോ വിളക്കോ കത്തിക്കണമെന്നും കൊറോണാ വൈറസിനെ അടിച്ചോടിക്കാൻ പാത്രങ്ങൾ കൂട്ടിയടിക്കണമെന്നും പ്രധാനമന്ത്രി തന്നെ ഉദ്ബോധിപ്പിക്കുകയുണ്ടായി. വ്യാജ പ്രസ്താവങ്ങൾ ഏറെ നിറഞ്ഞ ട്രോളുകൾക്ക് ഇതു വഴിവെച്ചു. പാത്രം കൊട്ടലെന്ന സംഘടിത കർമ്മം ഫലപ്രദമെന്ന് സ്പേസിൽ നിന്നും റേഡിയേഷൻ രേഖപ്പെടുത്തിയ നാസ (NASA) തെളിയിച്ചു ! ഒരു പ്രത്യേക കോവിഡ് വാക്സിന്റെ ഫലശേഷി തെളിയിക്കാനുള്ള നിർബ്ബന്ധിത മൂന്നാം ഘട്ട പരീക്ഷണഫലം പോലും ഗവണ്മെന്റ് ഒരിക്കലും പരസ്യപ്പെടുത്തിയില്ല. ശാസ്ത്രത്തിനുപരി ദേശീയ പൊങ്ങച്ചത്തിന് ഗവൺമെന്റ് പ്രാധാന്യം കൊടുത്തത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി നശിപ്പിച്ചു. ഉന്നതജാതി ഹൈന്ദവ മൂല്യമായി ഹിന്ദുത്വ ശക്തികൾ പ്രചുരപ്രചാരം നൽകാൻ ശ്രമിക്കുന്ന മറ്റൊരു കപട ഗുണവിശേഷമാണ് സസ്യാഹാരശീലം . ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ 88% സമുദായങ്ങളും സസ്യേതര ഭക്ഷണ ശീലമുള്ളവരാണെന്നിരുന്നിട്ടും ഐ ഐ റ്റി കൾ മെസുകളിൽ മാംസം നൽകുന്നത് നിർത്തിവെയ്ക്കാൻ നിർബന്ധിതരായി. നഗരങ്ങൾ അപ്പാടെ വെജിറ്റേറിയൻ എന്ന് പ്രഖ്യാപിക്കപ്പെട്ടു. സിന്ധു നദീതട സംസ്ക്കാര കാലത്തെ ഭക്ഷണ ശീലങ്ങൾ സംബന്ധിച്ച ഒരു പ്രദർശനത്തിലെ പുരാവസ്തു ഖനിജങ്ങളിൽ മൃഗാസ്ഥികൾ കണ്ടതുകൊണ്ട് മന്ത്രിമാരുടെ പിന്തുണയോടെ ഹിന്ദുത്വ ശക്തികൾ ആവശ്യപ്പെട്ടതനുസരിച്ച് അത് തകർക്കുകയും പകരം വ്യാജ സസ്യാഹാരക്രമം പ്രദർശിപ്പിക്കുകയും ചെയ്തു.

ഏകാത്മകമായ ഹിന്ദുത്വ ലോകവീക്ഷണവും സാമൂഹ്യ സാംസ്കാരിക നിയമങ്ങളും ഇന്ത്യയിലെ ജനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗം മാത്രമല്ലിത്. അംഗീകൃത അധികാര കേന്ദ്രമെന്ന മട്ടിൽ ഹിന്ദുത്വ ശക്തികൾ കപടശാസ്ത്ര ഉപദേശങ്ങളും അന്ധവിശ്വാസങ്ങളും പിന്തുടരാൻ ജനങ്ങളെ നിർബന്ധിച്ച് ക്രമേണ ശാസ്ത്രീയ മനോഭാവത്തെ നശിപ്പിക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമംകൊണ്ടു കൂടിയാണിത്. രാജ്യപുരോഗതി ആഗ്രഹിക്കാത്ത “ദേശവിരുദ്ധർ” എന്ന് വിളിച്ച് വിമർശകരെയെല്ലാം ആക്രമിക്കുക എന്നത് ഇപ്പോൾ സർക്കാർ വക്താക്കളുടെയും സഖ്യശക്തികളുടെയും പതിവ് പരിപാടിയായിട്ടുണ്ട്. വിമർശനങ്ങളിലേയും ചിന്തകളിലേയും അഭിപ്രായങ്ങളിലേയും വൈവിധ്യത്തെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അടിച്ചമർത്തുന്നതിന് സർവ്വകലാശാലകൾക്കുള്ളിലും ഐഐടികളിലും പൊതുസമ്മേളനങ്ങളിലും ശാരീരിക ആക്രമണം പതിവായിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയോട് ബന്ധപ്പെട്ട ഹിന്ദുത്വ സംഘടനകൾ പുസ്തകങ്ങളിലും കവിതയിലും സംഗീതത്തിലും സിനിമയിലും ഭക്ഷണശീലത്തിലും മറ്റും അവരുടെ സ്വന്തം സെൻസർഷിപ്പ് അടിച്ചേൽപ്പിക്കുകയും പലപ്പോഴും പൊതുപരിപാടികളും അവതരണങ്ങളും അലങ്കോലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അക്രമം ബഹളം എന്നിവയോടു കൂടിയ വർഗീയ ആവേശത്തള്ളലുകൾ, ആൾക്കൂട്ട ആക്രമണം, ന്യൂനപക്ഷത്തിനും മതനിരപേക്ഷതാ വാദികൾക്കും സാമൂഹ്യപ്രവർത്തകർക്കും പൗരസമൂഹ പ്രവർത്തകർക്കും എതിരായ വിദ്വേഷ പ്രസംഗം എന്നിവ സമ്പൂർണ്ണ ആധിപത്യത്തിനുവേണ്ടിയുള്ള ആസൂത്രിത ഭീഷണിപ്പെടുത്തലിന്റെ ഭാഗമാണ്. വിദ്വേഷം, അസഹിഷ്ണുത, അതിക്രമം എന്നിവയുടേതായ ഈ അന്തരീക്ഷം ബലപ്രയോഗത്തിന്റേതായ ഒരു പരിസരം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വിമർശനത്തിനെതിരെ, പ്രത്യേകമായി ശാസ്ത്രം, യുക്തിബോധം, വിമർശനാത്മക ചിന്ത എന്നിവയ്ക്കെതിരെയാണ്. നരേന്ദ്ര ധാൽബോൽക്കർ, ഗോവിന്ദ് പൻസാരേ,എം എം കാൽ ബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ ആസൂത്രിത കൊലപാതകം ഇതിന്റെ തെളിവാണ്. മാധ്യമപ്രവർത്തകരേയും വിദ്യാർഥികളേയും സാമൂഹിക പ്രവർത്തകരേയും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഉപദ്രവിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ “കൂട്ടിലടച്ച ” തത്തകളായ ED, CBI, IT യും മറ്റ് ഏജൻസികളും റെയ്കൾ നടത്തുന്നു.

ശാസ്ത്രീയ മനോഭാവത്തിനു വേണ്ടിയുള്ള പ്രചാരണം

മുകളിൽ പറഞ്ഞ പശ്ചാത്തലത്തിലായിരിക്കണം ശാസ്ത്രീയ മനോഭാവത്തിനു വേണ്ടി ആസന്നമായ AIPSN/BGVS ദേശീയ പ്രചരണം ഏറ്റെടുക്കേണ്ടത്. ഈ പ്രചരണത്തിന്റെ പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകാവുന്നതാണ്.

1. ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രീയ മനോഭാവത്തിനു വേണ്ടിയുള്ള പോരാട്ടം അന്ധവിശ്വാസത്തിന് മാത്രം എതിരായിട്ടുള്ളതല്ല. (അന്ധവിശ്വാസം നിലനിൽക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ സമൂഹത്തിൽ തുടരുന്ന പിന്നാക്കാവസ്ഥയും അതു ചൂഷണം ചെയ്യാനുള്ള നിക്ഷിപ്ത കക്ഷികളുടെ താല്പര്യവുമാണ്.) ശാസ്ത്രീയ മനോഭാവം, വിമർശനാത്മക ചിന്ത തെളിവുകളെ അടിസ്ഥാനപ്പെടുത്തിയ യുക്തിവാദം എന്നിവയുടെ മേൽ, തീർച്ചയായും ശാസ്ത്രത്തിന്റെ മേൽ, മൊത്തമായി നടത്തുന്ന ആക്രമണത്തിനെതിരെയുള്ള സംവിധാനപരമായ പോരാട്ടമാണിത്.

2. ഈ കുറിപ്പിൽ പ്രത്യേക പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുള്ള വിവിധ വിഷയങ്ങളിൽ പ്രത്യേകിച്ചും, ഭരണസംവിധാനത്തിന്റെയും ഹിന്ദുത്വ സാമൂഹ്യ-സാംസ്ക്കാരിക സംഘങ്ങളുടെയും സാമൂഹ്യ മാധ്യമ ട്രോൾ സേനയുടെയും നടപടികളിലും നിലപാടുകളിലും ജനകീയ ശാസ്ത്രപ്രസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കണം.

3. ഹിന്ദുത്വ ശക്തികൾ വിപുലമായ ജനസഞ്ചയങ്ങളുടെ മതപരവും പാരമ്പര്യപരവും സാംസ്ക്കാരികവും ദേശീയവുമായ വികാരങ്ങൾ കൊണ്ടാണ് കളിക്കുന്നത്. അതുകൊണ്ട് കപടശാസ്ത്രത്തേയും അന്ധവിശ്വാസത്തേയും അയുക്തിയേയും ആക്രമിക്കുമ്പോൾ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെയും ദേശസ്നേഹപരമായ വികാരങ്ങളെയും ആക്രമിക്കാതിരിക്കാൻ ജനകീയ ശാസ്ത്രപ്രസ്ഥാനം ശ്രദ്ധിക്കണം. പകരം, ജനങ്ങളെ ഹിന്ദുത്വ ശക്തികളിൽ നിന്നും പ്രത്യയശാസ്ത്രത്തിൽ നിന്നും അകറ്റിക്കൊണ്ട് ശാസ്ത്രം, ശാസ്ത്രീയ രീതി, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയ യുക്തിചിന്ത എന്നിവ വിശദീകരിക്കണം.

4. വ്യാജ ആഖ്യാനങ്ങളിന്മേലും കപട ശാസ്ത്രത്തിന്മേലും നടത്തുന്ന ആക്രമണം മതിയായ മൂർച്ചയുള്ളതാകണം. എന്നാൽ, അത് ജനങ്ങളെ പരിഹസിക്കുന്നതാകരുത്. ഈ വ്യാഖ്യാനങ്ങൾ എന്തുകൊണ്ട് വ്യാജമാണെന്ന് തെളിവ് സഹിതം വിശദീകരിക്കാൻ നമുക്ക് കഴിയണം. പൗരാണിക കാലത്തെ വിജ്ഞാനത്തിന്റെ അവസ്ഥ സംബന്ധിച്ച് വ്യത്യസ്ത വിഷയങ്ങളിലെ സുപ്രതിഷ്ഠിത രീതികളും സാക്ഷ്യപ്പെടുത്തലിന്റെ മാനദണ്ഡങ്ങളും ഉപയോഗിച്ചുള്ള മൂർത്തവും ചരിത്രപരവുമായ തെളിവുകൾ ആവശ്യമാണ്.

5. നമ്മുടെ പ്രചരണം മതത്തിൽ നിന്നും അകന്നു നിൽക്കണം. മതത്തെയോ വിശ്വാസത്തെയോ ശാസ്ത്രീയ ചർച്ചയിലേക്ക് വലിച്ചിറക്കാൻ ജനകീയ ശാസ്ത്ര പ്രസ്ഥാനം ആഗ്രഹിക്കുന്നില്ല. അതുപോലെ വിശ്വാസത്തിന്റേയും മതത്തിന്റേയും മേഖലകളിലേക്ക് ശാസ്ത്രത്തെ വലിച്ചിടാനും പാടില്ല. ആസ്തികരെ നാസ്തികരാക്കാനുള്ളതല്ല ജനകീയ ശാസ്ത്ര പ്രസ്ഥാന പ്രചരണം! മതപരമായ വിശ്വാസങ്ങൾ വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളാണ്. മതപരമായ വിശ്വാസങ്ങൾ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നും മറ്റുള്ളവരോട് വിവേചനം കാട്ടുകയോ സാമൂഹ്യ ക്രമത്തെയും യോജിപ്പിനെയും താറുമാറാക്കുകയോ ചെയ്യരുതെന്നും മാത്രമാണ് നമ്മൾ ആവശ്യപ്പെടുന്നത്.

6. പുരാതന ഇന്ത്യയിലെ ശാസ്ത്ര സാങ്കേതികവിദ്യകളെ സംബന്ധിച്ച വ്യാജ ആഖ്യാനങ്ങളേയും കപട ശാസ്ത്രത്തേയും ചെറുക്കുന്നതിന് ജനകീയ ശാസ്ത്ര പ്രസ്ഥാന പ്രവർത്തകർ കൂടുതലായി പഠിക്കേണ്ടതുണ്ട്. പ്രവർത്തകർക്ക് വേണ്ട പ്രചരണോപകരണങ്ങൾ ജനകീയ ശാസ്ത്രപ്രസ്ഥാനം സശ്രദ്ധം മൂർത്തമായി തയ്യാറാക്കേണ്ടതാണ്. മുൻകാല പ്രചരണങ്ങൾക്കായി ഇന്ത്യയുടെ പൈതൃകത്തെ സംബന്ധിച്ച് AIPSN രണ്ടു ലഘുലേഖകൾ തയ്യാറാക്കിയിട്ടുണ്ട്. അവ AIPSN വെബ്ബ് സൈറ്റിൽ (https://aipsn.net) ലഭ്യമാണ്. പ്രിന്റ് / ഇന്റർനെറ്റ് മാധ്യമങ്ങളിൽ ഇപ്പോൾ വർദ്ധിച്ച രീതിയിൽ ഹിന്ദുത്വവാദ വിഭവങ്ങൾ പ്രചാരത്തിലുള്ളതിനാൽ പുതിയ പ്രചരണ വിഭവങ്ങൾ നമ്മൾ തയ്യാറാക്കേണ്ടതുണ്ട്.

7. “ഹിന്ദി – ഹിന്ദു-ഹിന്ദുസ്ഥാൻ” രീതിയിൽ ഏക ശിലാഘടിതമായ “ഇന്ത്യൻ ” സംസ്കാരം നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ സംഘങ്ങളുടെ വ്യാജവും ചരിത്രരഹിതവും അശാസ്ത്രീയവുമായ ആഖ്യാനങ്ങളും നമ്മുടെ പ്രചരണത്തിന്റെ പരിധിയിൽ വരണം. സംസ്കാരികവും ഭാഷാപരവും വംശീയവും മതപരവുമായ ബൃഹത് വൈവിധ്യമുള്ള യഥാർത്ഥ ഇന്ത്യയുടെ മേൽ നിർമ്മിത “ദേശീയ” (ഉന്നത ജാതി ബ്രാഹ്മിണിക്കൽ) സ്വത്വവും സംസ്കാരവും അടിച്ചേല്പിക്കപ്പെടുകയാണ്. തീർച്ചയായും അവ ചെറുക്കപ്പെടണം.

വിവർത്തനം കെ.പി.കെ.

1 thought on “ശാസ്ത്രീയ മനോഭാവത്തിന്മേലുള്ള കടന്നാക്രമണം: ഒരു സംവിധാനപരമായ പ്രശ്നം – ഡോ. രഘുനന്ദൻ

Leave a Reply

Your email address will not be published. Required fields are marked *