ദ്വിദിന സഹവാസ ബാലോത്സവം- തൃശൂർ – ഒല്ലൂക്കര മേഖല
20/04/24 തൃശൂർ
തൃശൂർ – ഒല്ലൂക്കര മേഖലകളുടെ ദ്വിദിന സഹവാസ ബാലോത്സവം സെപ്തംബർ 20, 21 തീയതികളിലായി മരോട്ടിച്ചാൽ UP സ്കൂളിൽ നടന്നു. തൃശൂർ മേഖലയിലെ 27 ബാലവേദി കൂട്ടുകാർ ഒല്ലൂക്കര മേഖലയിലെ മരോട്ടിച്ചാൽ യൂണിറ്റിലെ എഡിസൺ ബാലവേദിയുടെ ആതിഥ്യം സ്വീകരിച്ച് ഒരു ദിവസത്തെ സഹവാസത്തിനായിയാണ് ബാലോത്സവത്തിൽ എത്തി ചേർന്നത്. 20 ന് രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. 9.50 നാണ് അതിഥികളായ തൃശൂർ ബാലവേദി കൂട്ടുകാരും പ്രവർത്തകരും എത്തിച്ചേർന്നത്. 10.30 ന് തൃശൂർ മേഖല ബാലവേദി കൺവീനർ നിർമ്മല ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് വിമല ടീച്ചർ ഓണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
നാടൻ പൂവുകളെ വർഗ്ഗീകരിച്ചുള്ള കളിയിലൂടെ മേഖല സെക്രട്ടറി അംബിക മഞ്ഞുരുക്കൽ പ്രവർത്തനം നടത്തി.
പിന്നീട് കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് ഭാഷ, നാടകം, ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ മൂലകളിലെ പ്രവർത്തനങ്ങളിൽ മുഴുകി. മൂന്ന് മൂലകളിലെയും പ്രവർത്തനങ്ങളിൽ കുട്ടികൾ നന്നായി ഇടപെട്ടു.
വൈകീട്ട് 4.30 ന് നാടിനെക്കുറിച്ചറിയാൻ ചുള്ളിക്കാവ് ചെക്ക്ഡാമും, അവിടെ നിന്ന് തുടങ്ങുന്ന സഹ്യപർവ്വതത്തിൻ്റെ കാടിനേയും പരിചയപ്പെടുന്നതിന് സന്ദർശനത്തിനായി പോകുകയും ചെയ്തു. ആ കൊച്ചു യാത്ര കുട്ടികൾക്ക് ഉല്ലാസം പകരുകയും പുതിയൊരു ആവാസ വ്യവസ്ഥയുടെ ബാലപാഠങ്ങളെ ആസ്വദിക്കുകയും ചെയ്തു. അവിടെ വച്ച് അതിഥികളെ ആതിഥേയർക്ക് കൈമാറുകയും, അന്നേ രാത്രി അതിഥികളായെത്തിയ കുട്ടികൾ പുതിയ കൂട്ടുകാരോടും വീടിനോടും വീട്ടുകാരോടും ചേർന്ന് നിൽക്കുകയും ചെയ്തു. പല കാരണങ്ങളാൽ ആദ്യ ദിവസം ഉണ്ടായിരുന്ന കുട്ടികളിൽ ചിലർ എത്തിയില്ലെങ്കിലും, പുതിയ കുറച്ച് കൂട്ടുകാർ ഒപ്പം ചേരുകയും ചെയ്തു.
കളികളിലൂടെയാണ് രണ്ടാം ദിന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു നിന്ന കളികളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. അതിനു ശേഷം IRTC ഹരിത സഹായ സ്ഥാപനം ജില്ലാ കോർഡിനേറ്റർ ആയ ഗ്രീഷ്മയുടെയും ഇന്ദുലേഖ, അഭിജിത് സുദർശൻ എന്നിവരുടെയും നേതൃത്വത്തിൽ ‘ഹരിതം ‘ *ട്രഷർ ഹണ്ട്* കളിക്കുകയും ആവേശപൂർവ്വം ആ കളിയിൽ മുഴുകുകയും ചെയ്തു.
ആറ് ഗ്രൂപ്പുകളായി ഉത്സാഹത്തോടെ നിധി തേടിയ കുട്ടികൾ അതിലൂടെ പരിചയപ്പെട്ടത് കൃത്യമായ മാലിന്യ സംസ്കരണ രീതികളാണ്. നിധി കണ്ടെത്തി വിജയിച്ച *മഹാബലി* ഗ്രൂപ്പ് ലീഡർ ബെൻ C ചാക്കോ ഗ്രൂപ്പിൻ്റെ പേരിനെ അന്വർത്ഥമാക്കും വിധം, നിധി കണ്ടെത്തിയത് ഞങ്ങളുടെ ഗ്രൂപ്പാണെങ്കിലും അത് എല്ലാവർക്കുമായി പങ്കുവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഓരോ ടീമിന്റെയും അനുഭവങ്ങൾ ടീം ലീഡർമാർ പങ്കു വയ്ക്കുകയും ആ കളിയുടെ ആശയവും ടീം സ്പിരിട്ടും ഉൾക്കൊള്ളുകയും ചെയ്തു. ഉച്ച ഭക്ഷണത്തിനു ശേഷം കുട്ടികൾ പിന്നെയും പാട്ടും കളികളുമായി ഒത്തുകൂടി. രണ്ടു ദിവസത്തെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വേളയിൽ ഓണോത്സവത്തെക്കുറിച്ച് തൃപ്തികരവും സന്തോഷകരവുമായ അനുഭവങ്ങളാണ് കുട്ടികളും രക്ഷിതാക്കളും പങ്കുവയ്ച്ചത്. സമാപന സമ്മേളനത്തിൽ വച്ച് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ എല്ലാവരെയും അഭിനന്ദിക്കുകയും കൂടുതൽ മുന്നോട്ട് വന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനത്തിനു ശേഷം, ഇനി അടുത്ത ബാലോത്സവം ക്രിസ്മസ് അവധിക്കാലത്ത് കൂടാമെന്ന ഉറപ്പിൽ അതിഥികളായെത്തിയ തൃശൂർ മേഖലയുടേയും ഒല്ലൂക്കര മേഖലയിലെ മറ്റു യൂണിറ്റുകളിലെയും കൂട്ടുകാർ 4 മണിയോട് കൂടി ബാലോത്സവത്തിൻ്റെ മധുരസ്മരണകളുമായി മരോട്ടിച്ചാലിൽ നിന്നും മടങ്ങി.