ഔഷധ വിലവർദ്ധനവ് പിൻവലിക്കുക
കോട്ടയം : അവശ്യ മരുന്നുകളുടെ വിലവർധനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രവർത്തയോഗം ആവശ്യപ്പെട്ടു സാധാരണക്കാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിട്ടുള്ളത്.
ഔഷധനിർമ്മാണക്കമ്പിനികളുടെ ആവശ്യപ്രകാരം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി 8 ഇനം മരുന്നുകളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായായി ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ ഭൂരിഭാഗവും ചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സയായി ഉപയോഗിക്കുന്നവയുമാണ്.പല മരുന്നുകളുടെയും നിലവിലുള്ള പരിധിയുടെ 50% വില വർദ്ധിപ്പിച്ചു. ഈ മരുന്നുകൾ എല്ലാം തന്നെയും ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമ്മസ്യൂട്ടിക്കൽ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്ക് തുടങ്ങിയ പൊതുമേഖല ഔഷധകമ്പനികളിൽ ഉൽപാദിപ്പിച്ച് വന്നിരുന്നവയാണ്. ആരോഗ്യ മേഖലയിൽ ദോഷകരമായി ബാധിക്കുന്ന തീരുമാനം പിൻവലിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകയോഗം പരിഷത്ത് വാർത്ത എഡിറ്റർ സുനിൽകുമാർ എസ് എൽ ഉദ്ഘാടനം ചെയ്തു. വികസന ക്യാമ്പയിൻ മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വിജു കെ നായർ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക അവലോകനം ട്രഷറർ എസ് എ രാജീവും, ഭാവി പ്രവർത്തനരേഖ നിർവാഹ സമിതി അംഗം ജിസ്സ് ജോസഫും അവതരിപ്പിച്ചു .
ജില്ലാ വൈസ് പ്രസിഡണ്ട് പി എൻ കേശവൻ അനുശോചന പ്രമേയവും നിർവ്വാഹക സമിതി അംഗം ആർ സനൽകുമാർ അവശ്യ മരുന്നു വില വർധന സംബന്ധിച്ച പ്രമേയവും അവതരിപ്പിച്ചു. വിവിധ കാമ്പയിനുകൾ സംബന്ധിച്ച് നിർവാഹകസമിതി അംഗം കെ രാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രശ്മി മാധവ്, വികസന സമിതി കൺവീനർ സി ശശി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മേഖലാ അടിസ്ഥാനത്തിൽ ചർച്ചയും തുടർന്ന് പൊതു അവതരണവും നടന്നു. ഡിസംബർ ഒന്ന്,രണ്ട് തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥ വിജയിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ യൂണിറ്റ് തലം മുതൽ സംഘടിപ്പിക്കും. ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ മികച്ച പങ്കാളിത്തം ഉറപ്പൂ വരുത്തും. ജില്ലയിൽ ബാലവേദി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ തീരുമാനിച്ചു. നവംബർ ശാസ്ത്രമാസാചരണം ജില്ലയിൽ മുഴുവൻ ബാലവേദി യൂണിറ്റുകളിലും സംഘടിപ്പിക്കും. ജില്ലയിൽ ബാലവേദി മേഖലാ കമ്മിറ്റികൾ രൂപീകരിക്കും. നവംബർ മാസത്തിൽ പാലാ മേഖലയിൽ വച്ചു വിപുലമായ രീതിയിൽ ജെൻഡർ കൺവൻഷൻ ചേരും. ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കും. ലുക്കാ പുറത്തിറക്കുന്ന ശാസ്ത്ര കലണ്ടറുകൾ ജില്ലയിൽ അഞ്ഞൂറ് എണ്ണം പ്രചരിപ്പിക്കുവാനും പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് യുവസമിതിയുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ഭൂമിയിൽ പൈതൃക നടത്തം സംഘടിപ്പിക്കും. ജില്ലയിലെ സാധ്യതയുള്ള പ്രധാന എൻജിനീയറിങ് കോളേജുകളിൽ യുവസമിതി സാങ്കേതം യൂണിറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കുവാനും പ്രവർത്തക യോഗം തീരുമാനിച്ചു. പരിഷത്ത് പുറത്തിറക്കുന്ന ജെ ഡി ബർണലിന്റെ ജീവചരിത്രം പുസ്തകം ജില്ലയിൽ 500 പ്രീ പബ്ലിക്കേഷൻ ഓർഡറുകൾ കണ്ടെത്തി പ്രചരിപ്പിക്കുവാനും തീരുമാനിച്ചു. സംഘടനയുടെ 62 മത് വാർഷികത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം അടുത്ത വർഷം ഏപ്രിലിൽ കോട്ടയം മേഖലയിൽ നടത്തുവാനും തീരുമാനിച്ചു. പ്രവർത്തക യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു ശശിധരൻ നന്ദി പറഞ്ഞു.