പഠനം മനുഷ്യത്വ ഘടകങ്ങളെക്കൂടി വളർത്തുന്നതാകണം -പ്രൊഫ. എം.എ. ഖാദർ

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ സെമിനാർ പ്രൊഫ എം എ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ക്ലാസ് മുറികളിൽ വിഷയം പഠിച്ചതുകൊണ്ടുമാത്രം സമൂഹം നന്നാവില്ലെന്നും മനുഷ്യത്വഘടകങ്ങളെക്കൂടി ഉൾക്കൊള്ളുന്നതാകണം പഠനരീതിയെന്നും എസ് സി ഇ ആർ ടി മുൻ ഡയറക്ടർ പ്രൊഫ. എം.എ. ഖാദർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഗുണതയും പരീക്ഷാപരിഷ്‌കാരങ്ങളും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന സംവിധാനത്തിൽ സമൂഹത്തെക്കൂടി ഉൾക്കൊള്ളണമെങ്കിൽ വ്യക്തിയിൽ നിന്ന് സമൂഹത്തെ കേന്ദ്രീകരിച്ച പ്രവർത്തനം വേണം. കുട്ടികളിൽ സാംസ്‌ക്കാരിക പരിവർത്തനം നടത്തേണ്ടത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. അത് മൂല്യനിർണ്ണയമല്ലെന്നും പഠനത്തിൽ നിന്നും നേടുന്ന നിലവാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാഠ്യപദ്ധതി വിനിമയം ചെയ്യുന്ന രീതി അധ്യാപകരുടെ അവതരണത്തിലാണ് അടങ്ങിയിരിക്കുന്നത്. വിമർശനാത്മക ചോദ്യം ചോദിക്കാൻ കുട്ടികളെ തയ്യാറാക്കുന്നതുപോലെത്തന്നെ അധ്യാപകരും അത്തരം ചോദ്യങ്ങൾ ചോദിക്കാനും അഭിമുഖീകരിക്കാനും തയ്യാറാവണം. കുട്ടികളിലെ വ്യത്യസ്ത അഭിരുചിപോലെതന്നെ വ്യത്യസ്ത രീതികളിലാണ് അവരുടെ ഗുണനിലവാരത്തെ വിലയിരുത്തേണ്ടത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പഠനരീതികളിൽ സമഗ്രമായ മാറ്റം അനിവാര്യമാണെന്നും പ്രൊഫ. എം.എ. ഖാദർ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കരണങ്ങളും എന്ന വിഷയത്തിൽ ഒ എം ശങ്കരൻ അവതരണം നടത്തി. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ നജീബ്, എ കെ എസ് ടി യു അക്കാദമിക് കോ ഓർഡിനേറ്റർ എസ് എസ് അനോജ്, ജനറൽ സെക്രട്ടറി പി വി ദിവാകരൻ, വിദ്യാഭ്യാസകൺവീനർ ഡോ. എം.വി. ഗംഗാധരൻ, ജി ഷിംജി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബി. രമേശ് സ്വാഗതവും ജില്ലാ വിദ്യാഭ്യാസ കൺവീനർ അനിൽ നാരായണര് നന്ദിയും രേഖപ്പെടുത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed