കേരള വിദ്യാഭ്യാസത്തിൽ ഗുണതയുറപ്പാക്കുക – ജനകീയ ക്യാമ്പയിൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ സെമിനാർ

0

 

കോഴിക്കോട് : വിദ്യാഭ്യാസ ഗുണതയും പരീക്ഷാപരിഷ്‌കാരങ്ങളും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറുകളിൽ രണ്ടാമത്തേത്  കോഴിക്കോട്ട് പരിഷത്ത് ഭവനിൽ  നടന്നു. തൃശ്ശൂർ മുതൽ കാസർകോഡ് വരെയുള്ള ഏഴ് ജില്ലകളിൽ നിന്നായി നൂറ്റി അറുപതു പേർ സെമിനാറിൽ പങ്കാളികളായി.

വിദ്യാഭ്യാസത്തിൻ്റെ ഊന്നൽ വിദ്യാർത്ഥിയിൽ ആയിരിക്കണം.അത് സാമൂഹ്യ ഉത്തരവാദിത്തമാണ്. ഇക്വിറ്റി (തുല്യത) എന്നത് വിദ്യാഭ്യാസത്തിൻ്റെ കാഴ്ചപ്പാടായിരിക്കണം. ഇന്നത്തെ വിദ്യാഭ്യാസത്തിൽ ആ കാഴ്ചപ്പാട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇതിന് ഒരു പ്രധാന കാരണം അദ്ധ്യാപകരാണ്. അവർ വെറും വിഷയാദ്ധ്യാപകരായി മാറിപ്പോവുന്നു.മറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന (പഠിക്കാൻ സഹായിക്കുന്ന) അദ്ധ്യാപകരാവുന്നില്ല. എസ് സി ഇ ആർ ടി മുൻ ഡയറക്ടർ പ്രൊഫ. എം.എ. ഖാദർ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടന്ന പരിഷത്ത് വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരോ കുട്ടിയും പഠിക്കുകയും വളരുകയും ചെയ്യണം എന്നതിനാണ് പ്രാഥമിക പരിഗണന. ശരിയായ ജ്ഞാനമുണ്ടെങ്കിലേ അദ്ധ്യാപകനാകാൻ കഴിയൂ. വിദ്യാഭ്യാസത്തിൻ്റെ ക്വാളിറ്റി (ഗുണപരത) യാണ് പ്രധാനം, അതിൻ്റെ അന്തിമഫലമല്ല. നന്നായി പഠിക്കുന്നുണ്ട് എന്നുറപ്പു വരുത്തിയാൽ മൂല്യനിർണ്ണയം ഒരു പ്രശ്നമാവില്ല. ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്തുന്നതിന് വിമർശനാത്മക ചിന്ത വളർത്തേണ്ടതുണ്ട്. ഗ്രേഡിംഗ് കൊള്ളില്ല ഗ്രേസ് മാർക്ക് വേണ്ട, എല്ലാവരും ജയിക്കാൻ വേണ്ടിയല്ല പരീക്ഷ എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തുമ്പോഴും ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങളെ അദ്ധ്യാപകരുൾപ്പടെ ആരും വിലയിരുത്തുന്നില്ല. ഉദാഹരണമായി അദ്ദേഹം പറഞ്ഞു, എന്തുകൊണ്ടാണ് പല കുട്ടികളും കണക്കിൽ തോൽക്കുന്നത് എന്ന ചോദ്യത്തിന് അദ്ധ്യാപകർ നൽകുന്ന ഉത്തരങ്ങൾ ഇവയാണ് – ദരിദ്രരും നിരക്ഷരരുമായ രക്ഷിതാക്കൾ, പാരൻ്റിംഗ് കൃത്യമായി നൽകാത്തത്, കണക്കിൻ്റെ ബേസ് ഇല്ലാത്തത് .എന്നാൽ ക്ലാസ്സിൽ കൃത്യമായ പഠനാന്തരീക്ഷം ഉണ്ടാക്കാൻ തനിക്ക് കഴിഞ്ഞോ എന്നോ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കത്തക്കവിധത്തിൽ പഠന പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞോ എന്നൊന്നും ആരും വിമർശനപരമായി പരിശോധിക്കുന്നില്ല.

സെമിനാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കരണങ്ങളും എന്ന വിഷയത്തിൽ പരിഷത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ. പി വി പുരുഷോത്തമൻ അവതരണം നടത്തി. കെ എസ് ടി എ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഷീജ എം, എ കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കെ.കെ.സുധാകരൻ, ഡോ.ജെ.പ്രസാദ്, വിദ്യാഭ്യാസകൺവീനർ ഡോ. എം.വി. ഗംഗാധരൻ, കെ.ടി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ ജില്ലാ പ്രതിനിധികൾ ക്യാമ്പയിൻ ആസൂത്രണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളികളായി. സ്വാഗതസംഘം കൺവീനർ ഡോ. കെ.രമേശ് സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed