പരിഷത്തിനെ ചാരി കുട്ടികളെ ചതിക്കരുത്

0

പരിഷത്തിനെ ചാരി കുട്ടികളെ ചതിക്കരുത്
ടി കെ മീരാഭായ്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടരുന്ന ഭാഷാ സംവാദത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് പരിഷത്ത് സംസ്ഥാന പ്രസിഡൻറ്
അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മണ്ഡലത്തിൽ അക്കാദമികവും ജനകീയവുമായ ഇടപെടലാണ് പരിഷത്ത് നടത്തിയത്. വിദേശ ഫണ്ട് പോലുള്ള ആരോപണങ്ങൾ മറുപടി നൽകിക്കഴിഞ്ഞതാണ്. ഇനിയും തങ്ങളുടെ ദൗത്യം നിറവേറ്റുമെന്ന് അടിവരയിടുന്നു.

കേരളത്തിലെ ഭാഷാ പഠനത്തിലെ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ‘ഭാഷാസംവാദ’ത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേരും വസ്തുതാപരമായി കാര്യങ്ങളെ സമീപിക്കുന്നതിനാണ് ശ്രമിക്കുന്നത് ഇതിന് വിരുദ്ധമായി കേവലം ആരോപണങ്ങൾ മാത്രം ഉന്നയിച്ചുകൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വികേന്ദ്രീകൃത ആസൂത്രണം, പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങിയ മേഖലകളിൽ പരിഷത്ത് നടത്തിയ സർഗാത്മക ഇടപെടലുകളെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമം പലരും നടത്തുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥക്കെല്ലാം കാരണം ശാസ്ത്രസാഹിത്യ പരിഷത്താണെന്ന് സ്ഥാപിക്കാനായി പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്നു. 1997-98-ലെ വിദ്യാഭ്യാസ പരിഷ്ക്കരണത്തിൽ പങ്കെടുക്കുന്നതിന് പരിഷത്തിന് കോടികൾ കിട്ടിയെന്നും ആ കോടികൾക്കായി കേരളത്തെ സംഘടന പണയംവെച്ചുവെന്നും വരെ ആക്ഷേപിക്കുന്നു. ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ എഴുതുന്നതിനും ശാസ്ത്രത്തെ ജനകീയമാക്കുന്നതിനും ലക്ഷ്യമിട്ട് 1962-ൽ രൂപംകൊണ്ട ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പിന്നീട് ശാസ്ത്രത്തെ സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളിലേക്ക് അത് വികസിച്ചു.
പരിഷത്തും വികേന്ദ്രീകൃത ആസൂത്രണവും
വികേന്ദ്രീകൃത ആസൂത്രണവുമായി ബന്ധപ്പെട്ട് പരിഷത്തിനെതിരായി ഉയർത്തപ്പെട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ, സി.ഡി.എസ്. വഴി വിദേശഫണ്ട് സ്വീകരിച്ചുവെന്നതും വിഭവഭൂപട നിർമാണത്തിലൂടെ ശേഖരിച്ച വിവരങ്ങൾ വിദേശത്തേക്ക് കടത്താൻ സഹായിച്ചു എന്നതുമാണല്ലോ. യഥാർത്ഥ വസ്തുത എന്താണെന്ന് നോക്കാം.
ഇന്നത്തെ ലോകത്തിൽ പല രാജ്യങ്ങൾക്കും പലതരം വിദേശ ഫണ്ടുകളും ലഭ്യമാണ്. അവ തിരിച്ചു കൊടുക്കേണ്ടതില്ലാത്ത ഗ്രാന്റ്റ് ആയോ, വായ്പയായോ, അന്താരാഷ്ട്ര കരാറുകൾ വഴിയോ, ഉഭയകക്ഷി കരാറുകൾ വഴിയോ ആവും ലഭ്യമാവുക. ഇന്ത്യയിലാണെങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുവാദത്തോടുകൂടിയേ വിദേശഫണ്ട് ലഭിക്കുകയുള്ളൂ. 1976- ലെ F.C.R.A. (Foreign Contribution Regulation Act) അനുസരിച്ച് രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല. നിയമപ്രകാരം സ്വീകരിച്ച ഫണ്ടിന്റെ സ്രോതസ്സുകളും അതിന്റെ വിനിയോഗവും സംബന്ധിച്ച റിപ്പോർട്ട് മേൽലൈസൻസുള്ള എല്ലാവരും ഓരോവർഷവും കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്ത്യാഗവൺമെന്റിന്റെ വെബ്സൈറ്റിൽ ആർക്കും ലഭ്യമാണുതാനും. ശാസ്ത്രസാഹിത്യപരിഷത്തിന് ഇങ്ങനെയൊരു ലൈസൻസില്ല. അതുകൊണ്ടുതന്നെ വിദേശഫണ്ട് സ്വീകരിക്കുക സാധ്യവുമല്ല.
നെതർലൻഡ്സ് ഗവൺമെന്റ് ടിൻബർഗൻ ഫൗണ്ടേഷൻ വഴി നൽകിയ ഫണ്ട് ഉപയോഗിച്ച്, തിരുവനന്തപുരം CDS.(Centre for Development Studies) വിപുലമായ പഠനപദ്ധതി നടപ്പിലാക്കുകയുണ്ടായി. K.R.P.L.L.D. (Kerala Research Programme for Local Level Development) എന്നാണ് ആ പദ്ധതിയുടെ പേര്. അതിന്റെ ഭാഗമായി ഗവേഷണാർത്ഥം ഇന്ത്യൻ കറൻസിയിൽ ലഭിച്ച സാമ്പത്തിക സഹായത്തെയാണ് വിദേശഫണ്ടായി ചിത്രീക രിച്ചിരിക്കുന്നത്. നെതർലൻഡ്സ് ഗവൺമെന്റിന് കേരളത്തെ സംബന്ധിച്ച ഗവേഷണത്തിൽ എന്താണിത്ര താത്പര്യം എന്ന ചോദ്യം ഉയരാവുന്നതാണ്. ആരാണ് ടിൻബർഗൻ, നെതർലൻഡ്‌സുകാർക്ക് CDS-നോട് എന്താണിത്ര മമത, CDS-ന് പരിഷത്തിനോട് എന്താണിത്ര പരിഗണന, വിഭവഭൂപടത്തിൽ വിദേശികൾക്ക് പ്രത്യേകിച്ച് വല്ല താത്പര്യവുമുണ്ടോ തുടങ്ങിയ സംശയങ്ങളും ഉയർന്നുവരാവുന്നതാണ്.
നെതർലൻഡ്‌സ് എന്നത്, സമുദ്രനിരപ്പിനുതാഴെ സ്ഥിതിചെയ്യുന്ന ഭൂമി ഏറെയുള്ള രാജ്യമാണ്. ഇന്ത്യയിൽ ജനവാസം നിറഞ്ഞ ഇത്തരം ഭൂമിയുള്ള പ്രധാനമേഖല കേരളത്തിലെ കുട്ടനാടാണ്. അതിനാൽ കേരളത്തിലെ പരിസ്ഥിതിയും വികസനവുമൊക്കെ നെതർലൻഡ്സിന് പണ്ടേ താത്പര്യവും കൗതുകവുമുള്ള വിഷയങ്ങളാണ്. കുട്ടനാട്ടിലെ തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും പദ്ധതി രൂപവത്കരണത്തിനും നിരന്തരമായി അവർ സാങ്കേതിക സാമ്പത്തിക സഹായം നൽകി വരുന്നത് അതുകൊണ്ടാണ്. യാൻ ടിൻബർഗൻ (Jan Tinbergen) പ്രശസ്തനായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ്. 1969-ൽ ആദ്യത്തെ സാമ്പത്തിക നൊബേൽ ലഭിച്ചത് അദ്ദേഹ ത്തിനാണ്. സി.ഡി.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡോ.കെ.എൻ.രാജിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. 1994-ൽ ടിൻബർഗൻ നിര്യാതനായപ്പോൾ അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്താൻവേണ്ടിയാണ് നെതർലൻഡ്സ് ഗവൺമെൻ്റ് ടിൻബർഗൻ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ഈ ഫൗണ്ടേഷൻ വഴിയുള്ള സാമ്പത്തികസഹായം നൽകാൻ ടിൻബർഗന്റെ സുഹൃത്തായ ഡോ.കെ.എൻ.രാജ് വളർത്തി എടുത്ത സി.ഡി.എസ്. തിരഞ്ഞെടുക്ക പ്പെട്ടത് തികച്ചും സ്വാഭാവിക മാണ്. സി.ഡി.എസിന് ലഭിച്ച നെതർലൻഡ്‌സ് സാമ്പത്തി കസഹായം കേരളത്തിലെ ഗവേഷകർക്ക് നൽകുന്നതിന് സുതാര്യമായ ഒരു സംവിധാനം ഉണ്ടായിരുന്നു. അതുപ്രകാരം ഏതെല്ലാം ഗവേഷണ പ്രോജക്ടുകൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചത് എന്നത് സി.ഡി.എസിന്റെ വെബ്സൈറ്റിൽ ആർക്കും കാണാവുന്നതാണ്. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന മികച്ച ഗവേഷണപ്രോജക്ട് ആര് മുന്നോട്ടുവെച്ചാലും അതിന് സഹായം നൽകുക എന്നതായിരുന്നു. CDS-ന്റെ നിലപാട് ഇപ്രകാരം നടന്ന മൂന്നൂറോളം ഗവേഷണ പ്രോജക്ടുകളിൽ ഒന്നുമാത്രമായിരുന്നു പരിഷത്തിൻ്റെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിക്ക് അനുവദിച്ച Panchayat Level Development Planning (PLD.P.) പരിഷത്ത് ഏറ്റെടുത്ത ആ ഗവേഷണ പ്രോജക്ടിന്റെ ഫലങ്ങൾ പലതും കേരളസർക്കാർ ആവിഷ്കരിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന് പ്രയോജനപ്പെടുകയുണ്ടായി എന്നതും ഓർമ്മിപ്പിക്കട്ടെ.
ഇന്ന് നമുക്ക് എത്രയോ തരത്തിലുള്ള ഭൂപടങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണ്. ലോകത്ത് എവിടെയുമുള്ള വിവരങ്ങൾ ലഭിക്കുന്ന ഇത്തരം ഭൂപടങ്ങൾ സൗജന്യമാണ്താനും. ഇതിൽനിന്ന് വ്യത്യസ്തമായി എന്താണ് പഞ്ചായത്ത് തലത്തിൽ തയ്യാറാക്കിയ വിഭവഭൂപടങ്ങളിൽ ഉണ്ടായിരുന്നത്? ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. എത്രയോകാലമായി നമ്മുടെ ഓരോ വില്ലേജ് ഓഫീസിലും ലഭ്യമായ കഡസ്‌ട്രൽ ഭൂപട (cadatsral map) സർവേ നമ്പറിലെയും പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതാതിടത്തെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി രേഖപ്പെടുത്തുന്നു എന്നത് മാത്രമാണ് വിഭവഭൂപട നിർമാണത്തിന്റെ പ്രത്യേകത. പ്രാദേശിക സന്നദ്ധപ്രവർത്തകർക്ക് വിഭവങ്ങളെക്കുറിച്ചുള്ള അറിവ് നൽകുകയും അവരെ വികസനപദ്ധതി ആസൂത്രണത്തിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് വിഭവഭൂപടങ്ങൾ ഈ രീതിയിൽ നിർമിക്കുന്നതിലെ താത്പര്യം. ഗൂഗിൾ മാപ്പുകളിലോ ഐ.എസ്.ആർ.ഒ.യുടെ ‘ഭുവൻ (Bhuvan) മാപ്പുകളിലോ ഇന്ന് ലഭ്യമല്ലാത്ത ഒരു വിവരവും പഞ്ചായത്തുതല വിഭവ ഭൂപടത്തിൽ ഇല്ലെന്നത് രണ്ടും പരിശോധിക്കുന്ന ആർക്കും എളുപ്പത്തിൽത്തന്നെ ബോധ്യമാകും. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട് ദിവസങ്ങൾക്കകം, എല്ലാ കണക്കുകളും സഹിതം പരിഷത്തിന്റെ ഭാരവാഹികൾ പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചതുമാണ്.
ഡി.പി.ഇ.പി.യും, പരിഷത്തിന്റെ പങ്കാളിത്തവും
1958-59-ൽ രൂപംകൊണ്ട കേരള എജുക്കേഷണൽ ആക്ട് & റൂളിന് (KER) ശേഷം സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നടന്ന അടിസ്ഥാനപരമായ മാറ്റമായിരുന്നു 1997-98-ലെ പാഠ്യപദ്ധതി പരിഷ്കരണം. 1991-92 ആവുമ്പോഴേക്കും കേരളത്തിലെ ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള പ്രായപരിധിയിലെ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളുകളിൽ പ്രവേശനം നേടിയിരുന്നു. 1991 ഏപ്രിലിൽ പൂർത്തിയായ സാക്ഷര കേരളം പരിപാടി 1992 ആകുമ്പോഴേക്കും പൂർത്തിയായ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളുടെ (DIET) സ്ഥാപനം, 1993-ലെ യശ്‌പാൽ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയവയിലൂടെ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്ത്രവും പുതുക്കി പ്പണിയാനുള്ള ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. 1987-ൽ തിരുവനന്തപുരം ജില്ലയിലെ ഒരു സബ്ജില്ലയിലെ ഏഴാംതരംവരെ പഠിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലെ നിരക്ഷരത കണ്ടെത്താനും അത് പരിഹരിക്കാനും ‘അക്ഷരവേദി എന്ന പേരിൽ പരിഷത്ത് നടത്തിയ ഇടപെടൽ, 1992-ൽ കാസർകോട് ഡയറ്റിന്റെയും തൊട്ടടുത്തവർഷം ഇതര ഡയറ്റുകളുടെയും നേതൃത്വ ത്തിൽനടന്ന ‘അക്ഷരപ്പുലരി’ പരിപാടികൾ, 1993-ൽ കണ്ണൂർ, കാസർകോട് ജില്ലാ കൗൺസിലുകളുടെ ആഭിമുഖ്യത്തിൽനടന്ന പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ‌് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നതും നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയെക്കാൾ പല നിലകളിലും മെച്ചപ്പെട്ടതെന്ന് വിലയിരുത്താവുന്ന ഒരു പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും രൂപംകൊണ്ടപ്പോൾ അതിനെ ‘കളിയും ചിരിയും മാത്ര’ മെന്നുപറഞ്ഞ് നിസ്സാരവത്കരിക്കാനാണ് അന്ന് ചിലർ ശ്രമിച്ചത് ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്നതാണ്.
1995-ൽ എ.കെ. ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ കോൺഗ്രസിൽ അവതരിപ്പിച്ച ഇരുനൂററി അമ്പതോളം പ്രബന്ധങ്ങൾ ഗുണനിലവാരത്തിലും അവസരതുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസ നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയുണ്ടായി. 1995-ൽ നടത്തിയ ‘വിദ്യാഭ്യാസ ജനസഭ’യെത്തുടർന്ന് ഡോ.അശോക് മിത്ര അധ്യക്ഷനായി പരിഷത്ത് നിയോഗിച്ച കേരള വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടും സമാനമായ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഇത്തരം ഇടപെടലുകൾ ഗുണനില വാരം ഉയർത്തുന്നതിനുള്ള അഭിവാഞ്ചയും പഠനത്തിൽ പിന്നാക്കം പോകുന്നവരെ മുന്നാക്കം കൊണ്ടുവരാനുള്ള താത്പര്യവും സർക്കാർ ജനകീയ തലങ്ങളിൽ എത്രമാത്രം അന്നുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ്.
1990-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണത്തിന്റെ തുടർച്ചയായാണ് സ്കൂൾ വിദ്യാഭ്യാസത്തിൽ വിദേശഫണ്ട് വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്. ജില്ലാതലത്തിലെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാനായുള്ള ഈ പരിപാടിയിൽ (ഡി.പി.ഇ.പി.) സാക്ഷരതയിൽ പിന്നാക്കം നിൽക്കുന്നതും സമ്പൂർണ സാക്ഷരതാപ്രവർത്തനങ്ങൾ ഏറ്റെടുക്കുകവഴി പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ആവശ്യകതാബോധം സൃഷ്ടിക്കപ്പെട്ടതും സ്ത്രീ സാക്ഷരതാനിരക്കിൽ ദേശീയ ശരാശരിയെക്കാൾ പിന്നിലുള്ളതുമായ ജില്ലകളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഈ മാനദണ്ഡങ്ങളിൽപ്പെട്ട ജില്ലകൾ ഇല്ലാതിരുന്നിട്ടും കേരളത്തിൽ 1993-ലും 1996-ലുമായി 6 ജില്ലകൾ ഡി.പി.ഇ.പി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായിട്ടായിരുന്നു.
ഡിപി ഇ.പി. പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ അതുണ്ടാക്കാവുന്ന പല പ്രശ്നങ്ങളും പരിഷത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ആ വിമർശനം നിലനിൽക്കവേ തന്നെ, പ്രൈമറി ക്ലാസുകളിലെ പാഠ്യപദ്ധതിനവീകരണത്തിനായി 1996-ൽ സംസ്ഥാന സർക്കാർ ഡി.പി.ഇ.പിയെ ചുമതലപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരായ പരിഷത്ത്പ്രവർത്തകർ അത് കേരളത്തിന് അനുഗുണമാക്കാൻ തങ്ങളാലാവും വിധം ഇടപെട്ടിട്ടുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയെക്കാൾ പല നിലകളിലും മെച്ചപ്പെട്ടതെന്ന് വിലയിരുത്താവുന്ന ഒരു പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും രൂപംകൊണ്ടപ്പോൾ അതിനെ ‘കളിയും ചിരിയും മാത്ര’മെന്നു പറഞ്ഞ് നിസ്സാരവത്‌കരിക്കാ നാണ് അന്ന് ചിലർ ശ്രമിച്ചത്.
ആ ഘട്ടത്തിൽ യശ്പാൽ കമ്മിറ്റിയുടെ നിർദേശങ്ങളുടെയും സംഘടനയുടെതന്നെ മുന്നനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ആ പാഠ്യപദ്ധതിയെ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടിലേക്ക് പരിഷത്ത് എത്തിച്ചേരുകയു ണ്ടായി എന്നത് വസ്തുതയാണ്. അന്ന് ആ പാഠ്യപദ്ധതിസമീപനത്തിന് പരിഷത്തിനെപ്പോലുള്ള സംഘടനകളും നിരവധി വിദഗ്ധരും അധ്യാപകരും നൽകിയ പിന്തുണയുടെ ബലത്തിൽക്കൂടിയാണ് ജ്ഞാന നിർമിതിയിലധിഷ്ഠിതമായ ഒരു പഠനസമീപനം അഞ്ചു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്ക് വികസിപ്പിക്കാൻ കേരളത്തിലെ എസ്.സി.ഇ.ആർ.ടി. ഉൾപ്പെടെയുള്ള അക്കാദമിക നേതൃത്വത്തിന് പിന്നീട് കഴിഞ്ഞതെന്നും ഞങ്ങൾ കരുതുന്നു. അന്നങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ഡി.പി.ഇ.പി എന്നത് കേരളത്തെ സംബന്ധിച്ച് ധൂർത്തും ഏറെ രീതികളിൽ വിനാശകരവുമാ കുമായിരുന്നു എന്നുതന്നെയാണ് പരിഷത്ത് ഇന്നും വിശ്വസി ക്കുന്നത്.
1997-98-ലെ സ്കൂ‌ൾ പാഠ്യപദ്ധതി പരിഷ്‌കരണം വരും മുൻപും വന്നകാലത്തും വന്നതിനുശേഷവും വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, വിദ്യാഭ്യാസ ഘടന, ഉള്ളടക്കം, പഠനരീതി എന്നിവ സംബന്ധിച്ച പരിഷത്തിന്റെ സമീപനങ്ങളും നിലപാടുകളും അടിസ്ഥാനപരമായി സമാനമായിരുന്നെന്ന് കാണാം. ഗുണതയും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ പ്രക്രിയ ലോകബാങ്കിൻ്റെ ധനസഹായത്തോടെ കേന്ദ്ര സർക്കാർ രാജ്യത്തെ ഒട്ടേറെ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഡി.പി.ഇ.പി. എന്ന് നാമോർക്കണം. മാത്രമല്ല, കേരളത്തിൽ വിഭിന്ന കാലയളവുകളിൽ ഭരിച്ചിരുന്ന യു.ഡി. എഫ്., എൽ.ഡി.എഫ്. സർക്കാരുകൾ അത് തുടരുകയുമുണ്ടായി.
കളിലൂടെ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ പരമാവധി വികസിപ്പിക്കാനും അവരെ മികച്ച പൗരന്മാരാക്കി മാറ്റാനും അതുവഴി സമൂഹത്തെ പുതുക്കിപ്പണിയാനും വിദ്യാഭ്യാസ പ്രക്രിയ ഉതകണമെന്നതാണ് ആ നിലപാട്. അതിലുറച്ചുനിന്നുകൊണ്ടാണ് ഡി.പി.ഇ.പി.ക്കെതിരേയുള്ള മറ്റെല്ലാ വിമർശനങ്ങളും നിലനിർത്തിയും ഉചിതഘട്ടങ്ങളിൽ അവ ഉന്നയിച്ചും ശിശുകേന്ദ്രീകൃതവും പ്രക്രിയാധിഷ്ഠിതവുമായ പഠനരീതിക്കൊപ്പം പരിഷത്ത് നിലകൊണ്ടത്. പരിഷത്തിനെ സംബന്ധിച്ച് പ്രക്രിയാധിഷ്ഠിതപഠനത്തിൻ്റെ ലാബുകളായിരുന്നു സ്കൂ‌ളിന് പുറത്ത് കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിവന്ന ബാലവേദികൾ. ശിശുകേന്ദ്രീകൃതമെന്നൊക്കെ പലരുംപല രീതികളിലും പറയാറുണ്ടെങ്കിലും എങ്ങനെയാണ് കുട്ടികളുമായി ഇടപഴകേണ്ടത്, അവരോട് സംവദിക്കേണ്ടത്, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും കൂട്ടായ ഇടപെടലുകളിലുടെയും അറിവ് നിർമിക്കാൻ സഹായിക്കേണ്ടത് എന്ന് പരിഷത്ത് പ്രവർത്തകരായ അധ്യാപകർ കൂടുതലായും മനസ്സിലാക്കിയത് ബാലവേദി പ്രവർത്തനങ്ങളിലൂടെയാണ്. വ്യത്യസ്തമായ ബാലമാസികയെന്ന രീതിയിൽ ‘യുറിക്ക’ രൂപപ്പെടുത്താനും വേറിട്ട മൂല്യ നിർണയരീതി എന്നരീതിയിൽ ‘വിജ്ഞാനോത്സവം’ രൂപകല്പന ചെയ്യാനുമൊക്കെ പരിഷത്തിന് കഴിഞ്ഞതും നിരവധി ട്രൈ ഔട്ടുകളിലൂടെയാണ്. ഇത്തരം അനുഭവങ്ങളുള്ള പരിഷത്ത് പ്രവർത്തകരും അനുഭാവികളായ മറ്റധ്യാപകരും പാഠ്യപദ്ധതിയു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അവ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമേയുള്ളൂ.
1986-ൽ പാർലമെന്റ് പാസാക്കി, 1992-ൽ പരിഷ്‌കരിച്ച ദേശീയവിദ്യാഭ്യാസനയ ത്തിലും 1991-ലെ ആചാര്യ രാമമൂർത്തി കമ്മിഷൻ റിപ്പോർട്ടിലും 1992-ലെ ജനാർദന റെഡ്ഡി കമ്മിറ്റി റിപ്പോർട്ടിലും 1993-ലെ ‘ഭാരരഹിതപഠനം’ (Learning without burden) എന്ന് പേരുള്ള യശ്‌പാൽ കമ്മിറ്റി റിപ്പോർട്ടിലുമൊക്കെ ശിശുകേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവും പരിസരബന്ധിതവുമായ പഠനസമീപനങ്ങൾക്കുവേണ്ടി കേന്ദ്രസർക്കാർ നിലകൊണ്ടിരുന്നു. 1995-ൽ എ.കെ. ജി. പഠന ഗവേഷണകേന്ദ്രം നടത്തിയ സെമിനാർ മുന്നോട്ടുവെച്ച കാഴ്ചപ്പാടും അത്തരമൊരു മാറ്റം തന്നെയായിരുന്നു. ലോകമാകെ ബോധനശാസ്ത്രത്തിൽ വന്നുകൊണ്ടിരുന്ന പുതിയ കണ്ടെത്തലുകളും മറിച്ചൊന്നല്ല ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, പാഠപുസ്തകങ്ങളോ ക്ലാസ് റൂം പ്രവർത്തനമാതൃകയോ അന്ന് ഇന്ത്യയിൽ വിരളമായിരുന്നു.
വിദ്യാഭ്യാസരംഗത്ത് നിരന്തരം പരീക്ഷണങ്ങൾ നടത്തുകയും ഇടപെടുകയും ചെയ്തിരുന്ന പരിഷത്തിന് ഇത്തരമൊരു പഠനസമീപനത്തിൽ തീർച്ചയായും താത്പര്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ 1980-കളുടെ അവസാനം കേന്ദ്രസർക്കാരിൻ്റെ അക്കാദമികസ്ഥാപനമായ മൈസൂരിലെ റിജണൽ കോളേജ് ഓഫ് എജുക്കേഷനിൽ (ഇന്നത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ) പരിഷത്തിൻ്റെ ഒരു പഠനസംഘം സന്ദർശിക്കുകപോലുമുണ്ടായി. ശിശു കേന്ദ്രിതവിദ്യാഭ്യാസത്തിൽ അന്നുണ്ടായിരുന്ന മെച്ചപ്പെട്ട ഒരു മാതൃക മധ്യപ്രദേശിലെ ‘ഏകലവ്യ’ എന്ന സംഘടന അവിടത്തെ സ്‌കൂളുകളിൽ വികസിപ്പിച്ചെടുത്ത ചില രീതി കൾമാത്രമായിരുന്നു.
സംസ്ഥാനങ്ങളെ അക്കാദമികവും നടത്തിപ്പുപരവുമായ കാര്യങ്ങളിൽ സഹായിക്കാനാണ് എഡ്‌സിൽ (Educational Consultants India Limited) എന്ന സ്ഥാപനം 1990-കളിൽ ദേശീയതലത്തിൽ നിലവിൽ വന്നത്. എഡ്‌സിലിന്റെ ഭാഗമായി കേരളത്തിൽ വന്നിരുന്ന സുബീർ ശുക്ലയ്ക്ക് ഏകലവ്യയുടെ മേൽപ്രവർ ത്തനങ്ങളിൽ പങ്കെടുത്തതിന്റെ ചില അനുഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1996-97-ൽ നടന്ന പാഠ്യപദ്ധതി തയ്യാറാക്കൽ, പാഠപുസ്തകങ്ങളുടെയും അധ്യാപകസഹായികളുടെയും രചന, തുടർന്ന് 1997 ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന അധ്യാപക പരിശീലനം തുടങ്ങിയവയിൽ എഡ്‌സിൽ പ്രതിനിധികൾ തുടക്കഘട്ടങ്ങളിൽ പങ്കാളികളായിരുന്നുവെങ്കിലും ഒരു പരിധിക്കപ്പുറമുള്ള സഹായം നൽകാൻ അവർക്ക് കഴിഞ്ഞി രുന്നില്ല എന്നതാണ് വസ്തുത. കാരണം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിലെ സങ്കീർണമായ രണ്ടാംതലമുറ പ്രശ്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് വേണ്ടത്ര പരിചിതമായിരുന്നില്ല അതിനാൽ കേരളത്തിലെ പ്രൈമറി ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും ഡയറ്റുകളിലെ വിദഗ്‌ധനും മറ്റും(അതിൽ പരിഷത്ത് അനുഭവമുള്ളവരും ഉണ്ടായിരുന്നു) ഇവിടത്തെ സവിശേഷ സാഹചര്യം മൂന്നിൽ കണ്ട് ചർച്ചചെയ്യും എഴുതിയും ട്രൈ ഔട്ട് ചെയ്തും നിരന്തരവും സമഗ്രവുമായ മൂല്യനിർണയം എന്നത് ഡി.പി.ഇ.പി. വരുന്നതിനും എത്രയോ മുൻപ് നിലവിൽവന്ന ആശയമാണ്. കേന്ദ്ര സർക്കാരിൻറെ ഔദ്യോഗികരേഖകളിൽ continuous evaluation എന്ന രീതിയിൽ ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത് 1966-ലെ കോത്താരി കമ്മിഷൻ റിപ്പോർട്ടിലാണ്.
വിമർശിച്ചും തള്ളിക്കളഞ്ഞും വീണ്ടുമെഴുതിയും മറ്റും തയ്യാ റാക്കിയതാണ് യഥാർഥത്തിൽ അന്നുണ്ടായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അധ്യാപക സഹായികളും മറ്റും. ആ പാഠ്യപദ്ധതിയുടെ നിർവഹണവിജയത്തിനായി അന്നത്തെ കരിക്യുലം കമ്മിറ്റി അംഗമായ ഡോ. എം.പി.പരമേശ്വരൻ മുഖാന്തരം പരിഷത്ത് ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. പ്രസ്തുത പാഠ്യപദ്ധതി കേരളത്തിൽ നിലനിന്നിരുന്ന രീതിയിൽ നിന്ന് ഏറെ ഭിന്നമാകയാൽ ഏതാനുമിടങ്ങളിൽ ട്രൈ ഔട്ട് നടത്തിയശേഷം ഘട്ടം ഘട്ടമായി മാത്രമേ വ്യാപിപ്പിക്കാവൂ എന്നതായിരുന്നു ആ നിർദേശം. പക്ഷേ, നിർഭാഗ്യവശാൽ കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും അതിൻറെ ആവശ്യമില്ലെന്ന് പറഞ്ഞ് എതിർക്കുകയാണ് ഉണ്ടായത്. അന്നത് ചെയ്തിരുന്നെങ്കിൽ ഇന്നത്തെതിലും മികച്ച ഫലം നമുക്ക് ഉണ്ടാക്കാൻ കഴിയുമായിരുന്നു. ഇങ്ങനെ പല രീതികളിൽ പ്രക്രിയാധിഷ്ടിതമായ പാഠപുസ്തകങ്ങൾ മികച്ചതാക്കാനും അതിന്റെ നിർവഹണം ഫലപ്രദമാക്കാനും പരിഷത്തിന്റെ പ്രവർത്തകർ ഇടപെട്ടതിൽ സംഘടനയ്ക്ക് അഭിമാനമേയുള്ളൂ, ‘എഴുത്തുപരീക്ഷയ്ക്ക് പകരം നിരന്തര മൂല്യനിർണയം എന്നത് ഡി.പി.ഇ.പി. യുടെ നിർദേശമാണെന്നും എസ്. എസ്.എൽ.സി. പരീക്ഷയ്ക്ക് 20 ശതമാനം മാർക്ക് എല്ലാവർക്കും കൊടുക്കുന്നത് സി.ഇ. പ്രകാരമാണെന്നുമാണല്ലോ മറ്റൊരു വിമർശനം. നിരന്തരവും സമഗ്രവുമായ മൂല്യനിർണയം (continuous and comprehensive evaluation) എന്നത് ഡി.പി.ഇ.പി. വരുന്നതിനും എത്രയോ മുൻപ് നിലവിൽവന്ന ആശയമാണ്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ continuous evaluation എന്ന രീതിയിൽ ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത് 1966-ലെ കോത്താരി കമ്മിഷൻ റിപ്പോർട്ടിലാണ്. 1986-92-ലെ വിദ്യാഭ്യാസ നയത്തിലാവട്ടെ നിലവിലുള്ള മൂല്യനിർണയ സങ്കല്പനങ്ങളെ മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് പകരമായി continuous and comprehensive evaluation ഉൾപ്പെടുത്തേണ്ടതിനെക്കുറിച്ചും പ്രതിപാദിച്ചതായി കാണാം. കുട്ടികളുടെ ഓരോ മേഖലയിലുമുള്ള വികാസം പഠനത്തോടൊപ്പംതന്നെ വിലയിരുത്തി മെച്ചപ്പെടുത്തുക എന്നതാണ് നിരന്തര വിലയിരുത്തൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് എല്ലാ മേഖലകളിലും നടക്കണം എന്ന ഓർമ്മപ്പെടുത്തലാണ് സമഗ്രമായ മൂല്യനിർണയം എന്നതുകൊണ്ട് അർഥമാക്കുന്നത്.
എന്നാൽ ഒരു നിശ്ചിതകാല (term/ annual/quarter) നടക്കുന്ന വിലയിരുത്തൽ മറ്റുചില ലക്ഷ്യങ്ങൾക്കായാണ് നടത്തുന്നത്. അതുവരെ നേടിയ കഴിവുകളുടെ ആകത്തുക മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് അത് പലപ്പോഴും സൗകര്യാർത്ഥം എഴുത്തുപരീക്ഷയായാണ് നടക്കാറ്. ഈ എഴുത്തുപരീക്ഷയ്ക്ക് പകരം നേരത്തേ സൂചിപ്പിച്ച സി.ഇ.മതിയെന്ന് ലോകത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയിലും നിർദേശിക്കാനിടയില്ല. ഡി.പി .ഇ.പി-യിൽ അങ്ങനെ നിർദ്ദേശിച്ചിട്ടുമില്ല. വിദ്യാഭ്യാസത്തിൽ വിദഗ്‌ധരായവർക്കുമാത്രം പരിചിതമായ സാങ്കേതിക പദാവലികൾ ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കാനായി തെറ്റായരി തിയിൽ അവതരിപ്പിക്കുന്നത് ഒന്നുകിൽ അറിവുകേടാകാം. അല്ലെങ്കിൽ മറ്റ് ചില ലക്ഷ്യങ്ങ ളാലാകാം.കേരളത്തിലെ തുടർമൂല്യ നിർണയത്തിൽ 20 സ്റ്റോറിൽ 20 കൊടുക്കുന്നുവെന്ന് പറയുന്നവർ ഈ സമ്പ്രദായം CBSE, ICSE സ്കൂളുകളിലും ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മിണ്ടാത്തതെന്തേ? സി.ബി.എസ്.ഇ. യിൽ ആവശ്യമുള്ളവർക്ക് പ്രയാസമുള്ള ചില വിഷയങ്ങൾ അടിസ്ഥാന തലത്തിൽ (basic level) പഠിക്കാനുള്ള സൗകര്യമുണ്ട് എന്നത് കാണാത്തതെന്തേ? ഐ.സി. എസ്.ഇ യിൽ പത്താം ക്ലാസ് പാസാവാൻ ആറിൽ അഞ്ച് വിഷയങ്ങൾ മാത്രം ജയിച്ചാൽ മതി എന്നതും വസ്തുതയല്ലേ? കേരള സിലബസിലായിരുന്നെ ങ്കിൽ ഇവയെല്ലാം നിലവാരം തകർക്കാനുള്ള ലോകബാങ്ക് കെണികളാണെന്നും അതിനെല്ലാം കാരണം പരിഷത്താണെന്നും ആയിരിക്കുമല്ലോ വ്യാഖ്യാനം! എല്ലാ കുട്ടികൾക്കും അഭികാമ്യനിലവാരത്തിൽ വിജയിക്കാനുള്ള അവസര മൊരുക്കേണ്ട വിപുലമായ ബാധ്യതയേറ്റെടുക്കാതെ, എളുപ്പവഴിയിൽ ക്രിയചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുന്നതിന്റെ തെളിവാണ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള ‘മിനിമം മാർക്ക് നിബന്ധന’ ഉയർന്ന നിലവാരത്തിൽ എല്ലാ കുട്ടികളും എത്തണമെന്ന കാര്യത്തിൽ പരിഷത്തിന് ഒരു സംശയവുമില്ല. എന്നാൽ, നിലവാരമുള്ള പഠനത്തിനുള്ള സൗകര്യം എല്ലാവർക്കും ഉറപ്പാക്കിവേണം ജനപക്ഷസർക്കാരുകൾ അത് നിർവഹിക്കാൻ. ഇന്നത്തെ നിലയിൽ സ്കൂളുകളിൽ കാണാപ്പാഠ പഠനം പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അത് ലഭ്യമാകാതെ അവർ തോറ്റ് പുറത്തുപോകാനും പുതിയ നിർദേശം വഴിവയ്ക്കുമോ എന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു (വിശദാംശങ്ങൾ ‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ?’ എന്ന ലഘുലേഖ യിൽ നൽകിയിട്ടുണ്ട്). പാഠ്യപദ്ധതിയുടെ അടിസ്ഥാനസമിപനങ്ങളിൽനിന്ന് സർക്കാർ പിന്നോട്ടുപോയാൽ ഇനിയും ഞങ്ങളത് ചൂണ്ടിക്കാട്ടുകത എന്നെ ചെയ്യും.
സവിശേഷ പരാമർശങ്ങളും നിലപാടുകളും
കേരളത്തിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിലുണ്ടായ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച മൂന്ന് ജനകീയ ഇടപെടലുകളാണ് സമ്പൂർണ സാക്ഷരത, പാഠ്യപദ്ധതിപരിഷ്കരണം, ജനകീയാസൂത്രണം എന്നിവ. എന്നാൽ, മൂന്നിനെയും വിദേശഫണ്ടിന്റെ കാര്യംപറഞ്ഞ് ഇകഴ്ത്തിക്കാട്ടാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായുള്ള കടന്നാക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. അത് ഒരു നുണ പലവട്ടം ആവർത്തിച്ച് സത്യമാണെന്ന് തോന്നി പ്പിക്കാനുള്ള ശ്രമമാണ്. വിഭവഭൂപടനിർമാണത്തെ സാങ്കേതികമായി സഹായിച്ചത് സെസ്സ്(Cetnre for Earth Science Studies) ngom സർക്കാർസ്ഥാപനമാണ്. അതിന് സാമ്പത്തികസഹായം നൽകിയത് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് (DST). PLDP-ക്ക് സഹായം തന്നത് CDS എന്ന ഗവേഷണകേന്ദ്രമാണ്. അതാകട്ടെ, കേരള-കേന്ദ്ര സർക്കാരുകളുടെയും ICSSR -ന്റെയും നിയന്ത്രണത്തിലുള്ളസ്ഥാപനമാണ്. PLDP പ്രോജക്ടിനായി പരിഷത്ത് സ്വീകരിച്ചത് എത്ര തുകയാണെന്നതിന് CDS ൽ കണക്കുണ്ടാകുമല്ലോ . എന്തിനാണ് പരിഷത്തിന് പതിനാറുകോടി കിട്ടിയെന്നൊക്കെ കള്ളം എഴുതിവിടുന്നത്? KRPLLD -യിൽ പ്രോജക്ടുണ്ടായിരുന്ന രാഷ്ട്രീയനേതാക്കളും അക്കാദ മികവിദഗ്ധരുമൊക്കെ വിദേശ ചാരന്മാരാണോ?
സി.ഡി.എസ്. എന്ന സ്ഥാപനം തുടങ്ങുന്നത് 1970-ൽ സി.അച്യുതമേനോനും പി.കെ.ഗോപാലകൃഷ്ണനും മുൻകൈയെടുത്ത്, ഡോ.കെ.എൻ.രാജിന്റെ നേതൃത്വത്തിലാണ്. ആ സ്ഥാപനം 1976-ൽ പ്രസിദ്ധീകരിച്ച Poverty, Unemployment and Development Policy’ agm ഗ്രന്ഥത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ‘കേരള വികസനമാതൃക’ എന്നൊരു സങ്കല്പനംതന്നെയുണ്ടാകുന്നത്. പ്രസിദ്ധ സാമൂഹികശാസ്ത്രജ്ഞനായ മാൽക്കം ആദിശേഷയ്യയാണ് ഈ പ്രയോഗം ആദ്യം നടത്തിയതെന്നറിയുന്നു. കേരളവികസനത്തിൽ പുതിയ മാർഗങ്ങൾ തേടുന്ന ഗവേഷണസ്ഥാപനമാണ് സി.ഡി.എസ്. അത് ജെ.എൻ.യുവുമായും കേരള സർവകലാശാലയുമായും ചേർന്നുപ്ര വർത്തിക്കുന്ന സ്ഥാപനംകുടിയാണ്. ലോകത്തിൽ പല സ്ഥാപനങ്ങളും അതിനെ സഹായിക്കുന്നു. ആ സ്ഥാപനം കേരളത്തിന്റെ അഭിമാനമാണ്.
പരിഷത്ത് പങ്കാളിയായ മേൽപ്രവർത്തനങ്ങളിലും ക്യാംപയിനുകളിലും സഹായിച്ചത് സി.ഡി.എസ്., സെസ്സ് തുടങ്ങിയ പ്രശസ്തമായ സർക്കാർസ്ഥാപനങ്ങളാണ്. ജനപക്ഷത്ത് നിൽക്കുന്ന ശാസ്ത്രജ്ഞരുടെയും വിദഗ്‌ധരുടെയും സഹായത്തോടെ ശാസ്ത്രീയമായ കാര്യങ്ങൾ ജനോപകാരപ്രദമായി മുന്നോട്ടുകൊണ്ടുപോകുക എന്നത് പരിഷത്തുപോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ ഏറ്റടുക്കേണ്ട കടമയായി ഞങ്ങൾ കാണുന്നു. സർക്കാരുകളോടും ജനങ്ങളോടും ഒപ്പം നിന്ന് അത് നിറവേറ്റുകവഴി കേരളം സമ്പൂർണസാക്ഷരമായി തദ്ദേശഭരണസംവിധാനങ്ങൾ സജീവമായി; കാലികവും മനഃശാസ്ത്രനിലപാടുകൾക്കനു സൃതവുമായ ഒരു പഠനരീതി ഗവേഷണത്തിൻ്റെ ഭാഗമായി വികസിപ്പിക്കാനായി. ഇതിൽ പരിഷത്തിന് സംതൃപ്തിയുണ്ട്. പി.എൽ.ഡി.പിയും ജനകീയാസൂത്രണവും തമ്മിൽ യോജിപ്പിച്ച് പ്രവർത്തിച്ചുവെന്നതിൽ എന്താണ് തെറ്റ്? നേരത്തേ നടന്ന ഒരു മാതൃകാഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഒരു സൂക്ഷ്മതല പ്രോജക്ടിന്റെ ഫലം ഗുണകരമാണെങ്കിൽ, അത് സംസ്ഥാനതലത്തിൽ പൊതുവായി ഉപയോഗിക്കുന്നതല്ലേ ശാസ്ത്രീയം? ഡി.പി.ഇ.പി.യുടെ ഏത് കരാറിലാണ് ലോകബാങ്ക് പരിഷത്തിനെ തിരഞ്ഞെ ടുത്തതായി പറയുന്നത്? കൺസൽട്ടന്റിന് കമ്മിഷൻ കൊടുത്തതിനെയും പരിഷത്തിനെയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണ്? അങ്ങനെ ഒരു കരാർ രേഖയോ കമ്മിഷൻ രേഖയോ ഇല്ലെന്ന് പരിഷത്തിന് ഉറപ്പിച്ചു പറയാൻ കഴിയും.
പാഠ്യപദ്ധതിപരിഷ്കരണ ത്തിന്റെ ഭാഗമായി കേരളത്തിൽ നടന്നതും നടക്കുന്നതും ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന നിലപാടിനെ ‘എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസ’ മാക്കി മാറ്റാനുള്ള ശ്രമങ്ങളാണ്. അതിൻ് ഭാഗമായി ദരിദ്ര-ധനിക വത്യാസമില്ലാതെ എല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും പ്രവേശനനിരക്ക് കൂടുകയും കൊഴിഞ്ഞുപോക്കില്ലാതാവു കയും ചെയ്തു. കുട്ടിക്ക് ‘എന്തറിയില്ല’ എന്നതിൽനിന്ന് മാറി ‘എന്തൊക്കെ അറിയാം എന്ന രീതിയിലേക്ക് അധ്യാപനരിതിയും മൂല്യനിർണയരീതിയും വികസിച്ചു. അതോടെ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾ മികച്ച മുന്നേറ്റമുണ്ടാക്കാൻ തുടങ്ങി. ഇതിലൂടെ പഠിച്ചുവന്ന കുട്ടികൾ ഇന്ത്യക്കകത്തും പുറത്തും പഠന-ഗവേഷണ-തൊഴിൽ മേഖലകളിൽ അഭിമാനകരമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിന്റെ നിരവധി അനുഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു സാമ്രാജ്യത്വ ആഗോളീകരണം ജനജീവിതത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാര്യം നിരന്തരം ചൂണ്ടിക്കാട്ടുന്ന സംഘടനയാണ് പരിഷത്ത്, അതേസമയം ആഗോളികരണം എന്ന പ്രക്രിയ വിജ്ഞാനവിനിമയത്തിൽ വലിയ കുതിച്ചുചാട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ജനനന്മയ്ക്കുതകുന്ന എത്രയോ അറിവുകളും അനുഭവങ്ങളും ഇന്ന് നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും പങ്കുവയ്ക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസം എന്നത് അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മണ്ഡലമാണ്. ശാസ്ത്രീയമായ ഗവേഷണത്തിന്റെ ഭാഗമായി പഠന ബോധന പ്രക്രിയകളിലും മൂല്യനിർണയത്തിലുമൊക്കെ ഉണ്ടാവുന്ന നവീനമായ കൂട്ടിച്ചേർക്കലുകൾ പ്രയോജനപ്പെടുത്താതെ, പടിഞ്ഞിരുന്നും ഉരുവിട്ടും പൂഴിയിലെഴുതിയും പഠിച്ചാലേ ശരിയാവൂ എന്നുപറഞ്ഞ് എല്ലാ മാറ്റങ്ങളെയും തടഞ്ഞു നിർത്താൻ ചിലർ ശ്രമിക്കുന്നത് തലമുറകളോട് ചെയ്യുന്ന ക്രൂരതയും ചതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *