പെരിഞ്ഞനം ജനകീയ ശാസ്ത്രസാംസ്കാരികോത്സവം
പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു തുടങ്ങി സാർവദേശീയ വനിതാ ദിനമായ മാർച്ച് 8 ന് അവസാനിച്ച ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ആവേശകരമായി.
തൃശ്ശൂർ: പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു തുടങ്ങി സാർവദേശീയ വനിതാ ദിനമായ മാർച്ച് 8 ന് അവസാനിച്ച ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ആവേശകരമായ ബഹുജന വിദ്യാഭ്യാസ പരിപാടിയായി.
”കാലാവസ്ഥാ വ്യതിയാനവും കേരളവും” എന്ന വിഷയം അവതരിപ്പിച്ച് കേരള കാർഷിക സർവകലാശാലാ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ സയന്റിഫിക് ഓഫീസർ ഡോ. ഗോപകുമാർ ചോലയിൽ ശാസ്ത്ര സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തു പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണുമായ വിനിതാ മോഹൻദാസ് അധ്യക്ഷയായി.
മാസ്റ്റർ എം ഡി നിരഞ്ജൻ അവതരിപ്പിച്ച ഗലീലിയോ ഗലീലി കഥാപ്രസംഗം, പരിഷത്ത് പാട്ടുകൂട്ടത്തിന്റെ ഗാനാവതരണങ്ങൾ തുടങ്ങിയവ ഉദ്ഘാടന ദിവസത്തിന് ഉത്സവഛായ പകർന്നു. ബ്ലോക്ക് പഞ്ചായത്തംഗം ആർ കെ ബേബി, ഗ്രാമ പഞ്ചായത്തംഗം സുജശിവരാമൻ തുടങ്ങിയവർ സന്നിഹിതരായി.
ടാഗോർ ലൈബ്രറി & സ്റ്റഡി സെന്റർ, ‘ഗ്രന്ഥപ്പുര’ എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽ ഗ്രന്ഥപ്പുരയിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ, വിരമിച്ച കൃഷി ഓഫീസർ എൻ കെ തങ്കരാജ് കൃഷിപാഠം അവതരിപ്പിച്ചു. വീട്ടുമുറ്റകൃഷിക്കുള്ള പ്രായോഗിക നിർദേശങ്ങൾ മുതൽ ഭക്ഷ്യ സുരക്ഷയും കർഷക സമരവും വരെയുള്ള കാര്യങ്ങൾ ‘കൃഷിപാഠ’ത്തിൽ ചർച്ചയായി. പരിപാടിക്കൊടുവിൽ ഗ്രന്ഥപ്പുര കേന്ദ്രമാക്കി കൃഷി കൂട്ടായ്മ രൂപീകരിക്കാൻ ധാരണയായി. ഗ്രാമപഞ്ചായത്തു മെമ്പർ ഇ ആർ ഷീല ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ പാട്ടുകൂട്ടത്തിന്റെ കലാ പരിപാടികളും ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ എ കരീം സന്നിഹിതനായി.
ഫിനിക്സ് കലാ കായിക വേദിയുമായി സഹകരിച്ചും തങ്കരാജിന്റെ കൃഷിപാഠം ക്ലാസ്സ് നടത്തി. ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിൽ തങ്ങളുടെ പ്രദേശത്തെ ക്ഷീര – മ ത്സ്യ മേഖലയിലുൾപ്പെടെ മികച്ച കർഷകരേയും കർഷകത്തൊഴിലാളികളെയും ഫിനിക്സ് ക്ലബ്ബ് ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം സന്ധ്യ സുനിൽ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്തംഗം ശെൽവരാജും സന്നിഹിതനായി.
ഗ്രാമ്യ സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ്സിൽ “ഭരണഘടനാ മൂല്യങ്ങൾ” എന്ന വിഷയം നിർവ്വാഹക സമിതിഅംഗം അഡ്വ. കെ പി രവി പ്രകാശ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ കെ അബ്ദുൾ നാസർ അധ്യക്ഷനായി.
പതിമൂന്നാം വാർഡ് ആവണി കുടുംബശ്രീയിൽ പപ്പേട്ടൻ പഠനവേദിയുടെ മുൻ കൺവീനർ സ്മിതാ സന്തോഷ് “വനിതാ ദിന ചിന്തകൾ” സംവാദം നയിച്ചു. എ.ഡി.എസ്. ചെയർപേഴ്സണ്‍ രജനി പത്മനാഭന്‍ അധ്യക്ഷയായി.
വിശ്വപ്രകാശ് ആർട്സ് ക്ലബ്, എം വി വേണുഗോപാൽ സ്മാരക ലൈബ്രറി എന്നിവയുമായി ചേർന്ന് വനിതാ കലോത്സവവും വനിതാ ചിന്തകൾ സംവാദ സദസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ജയന്തി മനോജ് അധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറി ജിസ്സി രഘുനാഥ് “ഇന്ത്യൻ ഭരണഘടനയുടെ പെൺ ശിൽപ്പികൾ” എന്ന പുസ്തകവും അവതരിപ്പിച്ചു.
പെരിഞ്ഞനം ഗവ. യു.പി.സ്കൂ ളിൽ നടന്ന ‘ചരിത്രവും ശാസ്ത്രവും’ എന്ന ക്ലാസ്സ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അസി. പ്രൊഫ. ഡോ. വി ശ്രീവിദ്യ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനിതാ മോഹൻദാസ്, വൈസ് പ്രസിഡണ്ട് സായിദ മുത്തുക്കോയ തങ്ങൾ, പഞ്ചായത്തംഗം സുജ ശിവരാമൻ തുടങ്ങിയവർ സന്നിഹിതരായി.
ജില്ലാ വീട്ടുമുറ്റ നാടക സദസ്സിന് പെരിഞ്ഞനം വെസ്റ്റ് പ്രതീക്ഷാ സാംസ്കാരിക കേന്ദ്രത്തിന്റേയും ഗ്രാമ പഞ്ചായത്തംഗം എം പി സ്നേഹ ദത്ത് ചെയർമാനും എ ആർ രവീന്ദ്രൻ കൺവീനറുമായി രൂപീകരിച്ച സംഘാടക സമിതിയുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. നിർവാഹക സമിതി അംഗം ടി കെ മീരാഭായ് ടീച്ചർ ക്ലാസ്സ് അവതരിപ്പിച്ചു.
എട്ടാം വാർഡിൽ പഞ്ചായത്തംഗം സുജിതയുടെ അധ്യക്ഷതയിൽ ചേർന്ന സദസ്സിൽ നിർവ്വാഹക സമിതി അംഗം അഡ്വ. കെ പി രവി പ്രകാശ് “കൃഷിയും ഭക്ഷ്യ സുരക്ഷയും” എന്ന ക്ലാസ്സ് അവതരിപ്പിച്ചു. ബീച്ച് റോഡ് വായനശാലയുടെ ആതിഥ്യത്തിൽ വായനാശാല പ്രസിഡണ്ട് ജിസ് നി അധ്യക്ഷയായ സംവാദസദസ്സിൽ “വനിതാ ദിന ചിന്തകൾ” സംവാദം മേഖലാ സെക്രട്ടറി കെ കെ കസീമ നയിച്ചു.
പെരിഞ്ഞനം ഗവ. യു. പി. സ്കൂ ളിൽ മേഖലാ സെക്രട്ടറി കെ കെ കസീമയുടെ അധ്യക്ഷതയിൽ ചേർന്ന സദസ്സിൽ ജില്ലാ ജന്റർ വിഷയ സമിതി ചെയർപേഴ്സൺ സി വിമലടീച്ചർ “ലിംഗനീതിയും ശാസ്ത്ര ബോധവും” വിഷയം അവതരിപ്പിച്ചു. സ്മിതാ സന്തോഷ് ‘മേരി ക്യൂറിയുടെ കഥ’ എന്ന പുസ്തകം അവതരിപ്പിച്ചു.
ബാലതാരം ശ്രീലക്ഷ്മി നിരഞ്ജൻ അവതരിപ്പിച്ച മോണോ ആക്ട്, പരിഷത്ത് പാട്ടുകൂട്ടത്തിന്റെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വനിതാമോഹൻദാസ് ചെയർമാനും മേഖലാ കമ്മറ്റിയംഗം എൻ എസ് സന്തോഷ് കൺവീനറുമായുള്ള സംഘാടക സമിതിയാണ് പരിപാടികളുടെ സംഘാടനത്തിനു നേതൃത്വം നൽകിയത്.
ടാഗോർ ലൈബ്രറി, ആസാദ് ലൈബ്രറി, എം വി വേണുഗോപാൽ സ്മാരക ലൈബ്രറി, ബീച്ച് റോഡ് വായനശാല, ആസാദ് വായനശാല, പ്രതീക്ഷാ സാംസ്കാരിക കേന്ദ്രം, ഫിനിക്സ് കലാകായിക വേദി, ഗ്രാമ്യ സാംസ്കാരിക കേന്ദ്രം, ഗ്രന്ഥപ്പുര, പപ്പേട്ടൻ പഠനവേദി, വിശ്വപ്രകാശ് ആർട്സ് ക്ലബ്ബ്, കുടുബശ്രീയുടെ വിവിധ എ.ഡി.എസുകൾ എന്നിങ്ങനെ പെരിഞ്ഞനത്തെ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹ കരണത്തോടെ സംഘടിപ്പിച്ച ജന കീയ ശാസ്ത്ര സാംസ്കാരികോത്സവം ജനകീയ വിദ്യാഭ്യാസത്തിന്റെ മഹോത്സവമായി മാറി.