സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക
ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത് മലയാളം സംസാ രിക്കുന്ന ജനവിഭാഗങ്ങളുടെ ഏകീകരണം എന്നതായിരുന്നു. എന്നാല്‍, ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ ഉല്‍പ്പാദന, സേവനമേഖലകളുടെ ഭാഷ ഏറെ ക്കുറെ മലയാളമല്ലാതായിരിക്കുന്നു. ഉപഭോഗപ്രധാനമായ ഒരു പ്രദേശമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ കമ്പോളവും വ്യത്യസ്തമല്ല എന്നു കാണാം.
ഏറെ പ്രഖ്യാതമായ കേരളമാതൃകയുടെ അടിസ്ഥാനഘടകമായ പൊതുവിദ്യാഭ്യാസരംഗത്തെ മലയാള ത്തിന്റെ സ്ഥിതി വലിയതോതിലുള്ള ആശങ്കകളിലേക്ക് നമ്മെ നയിക്കുന്നു. സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ന്യൂനപക്ഷമായിരുന്നു നേരത്തെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭാസത്തെ തിരഞ്ഞെടുത്തിരുന്നത്ഈ സ്ഥിതി മാറിയിരിക്കുന്നു. 2020 മാര്‍ച്ചില്‍ 55.90 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മാധ്യമത്തിലൂടെയാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുമ്പോഴും മാതൃഭാഷയെ വിദ്യാഭ്യാസരംഗം കയ്യൊഴി യുന്നു.പൊതുവിദ്യാലയങ്ങളില്‍ ദരിദ്രരായ ഏതാനും കുട്ടികളുള്ള മലയാളം ഡിവിഷനും, ഇടത്തരക്കാരും സമ്പ ന്നരും പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും എന്ന അവസ്ഥ വന്നുകഴിഞ്ഞിരിക്കുന്നു.മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ല. പ്രാദേശികഭാഷകളില്‍ എഞ്ചിനീയറിങ്ങ് പഠനം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരവസരം അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വച്ചെങ്കിലും കേരളം അത് സ്വീകരിച്ചിട്ടില്ല.
ഭരണ ഭാഷയും കോടതി ഭാഷയും മലയാളമായിരിക്കണം എന്നത് കേരള രൂപീകരണം തൊട്ടുള്ള ആവശ്യമായിരുന്നു. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളും ഹൈക്കോടതി നടപടികള്‍ മാതൃഭാഷയിലേക്ക് മാറ്റാനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞിട്ടും കേരള ഹൈക്കോടതിക്ക് കീഴിലുള്ള കോടതികളില്‍പ്പോലും ഇപ്പോഴും കോടതിഭാഷ പൂര്‍ണമായും മലയാളമായിട്ടില്ല. 2017 മെയ് ഒന്നുതൊട്ട് കേരളത്തിലെ എല്ലാ വകുപ്പുകളിലും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഔദ്യോഗികനടപടികള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല.
മലയാളം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും വൈപുല്യവും തിരിച്ചറിഞ്ഞുകൊണ്ട് നടപടികള്‍ കൈക്കൊള്ളാന്‍ ഇനിയും വൈകിക്കൂടാ. ഭാഷയും സംസ്കാരവും കൈമോശം വന്ന ഒരു ജനവിഭാഗമായി മാറാന്‍ നമുക്കു കഴിയില്ല. കോളണി ഭരണം അടിച്ചേല്‍പ്പിച്ച ദാസ്യമനോഭാവം വലിച്ചെറിയാനും മനസ്സുകളുടെ അപകോളണീകരണത്തിലേയ്ക്ക് നാം നീങ്ങേണ്ടതുണ്ട്.
ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി പ്രാദേശികഭാഷകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ ഇന്ന് ലോകമാകെ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ആഗോളഭീമന്‍ ഭാഷകള്‍ക്ക് അപ്രമാദിത്വം ലഭിക്കുമ്പോള്‍ തന്നെ പ്രാദേശികഭാഷകള്‍ക്കുള്ള ചില അവസരങ്ങളും ഇതു തുറന്നിടുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. വേള്‍ഡ് വൈഡ് വെബ്ബും ഇന്റര്‍നെറ്റും തുറന്നുതരുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. യൂണിക്കോഡ് എന്‍കോഡിങ്ങ് വ്യവസ്ഥ യാഥാര്ത്ഥ്യമായതോടെ കമ്പ്യൂട്ടര്‍ രംഗത്ത് അയത്നലളിതിമായി മലയാളം ഉപയോഗിക്കാന്‍ കഴിയും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്കും ഭാഷയ്ക്കുവേണ്ടി ഒന്നിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്ന് വന്നിരിക്കുന്നു. ഇത്തരം സാധ്യതകളെ തിരിച്ചറിഞ്ഞ് മലയാളഭാഷ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് തുടക്കമിടേണ്ടതുണ്ട്. ഒപ്പം, കേരളത്തെ ഒരു ജ്ഞാനസമൂഹമായി വളർത്താൻ ഉതകുന്ന തരത്തിലേക്ക് മലയാളത്തെ വളര്‍ത്തേണ്ടതുണ്ട്.
ഭാഷ ആത്യന്തികമായി ഒരു വികസന പ്രശ്നമാണെന്നും രാഷ്ട്രീയ പ്രശ്നമാണെന്നുമുള്ള നിലപാടുതറ യില്‍ നിന്നേ മലയാളം ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ വികസന അജണ്ടയുമായി ചേര്‍ത്തുവെച്ചേ പ്രശ്നപരിഹാരം കാണാന്‍ കഴിയൂ. കേരളവികസന മാതൃകയുടെ ഇന്നത്തെ അവസ്ഥ, ആഗോള തൊഴില്‍ വിപണിയിലെ ചലനങ്ങള്‍ എന്നിവയെയെല്ലാം പരിഗണിച്ച് സമഗ്രമായ ഒരു ഭാഷാസൂത്രണനയത്തിന് രൂപം നല്‍കേണ്ടതുണ്ട്. ശാസ്ത്രീയമായ ഭാഷാനയത്തോടൊപ്പം മലയാളത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി സാക്ഷരതാ പ്രസ്ഥാനം പോലെയും ജനകീയാസൂത്രണ പ്രസ്ഥാനം പോലെയുമുള്ള വിപുലമായ ഒരു ജനകീയ പ്രസ്ഥാനത്തിന് രൂപം നല്‍കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം കേരള സര്‍ക്കാരിനോടും കേരള സമൂഹത്തോടും അഭ്യര്‍ത്ഥിക്കുന്നു.