ആർത്തവത്തിനു നേർക്കുള്ള അശുദ്ധി കല്പിക്കൽ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക; ആർത്തവകാല സുരക്ഷയും ശുചിത്വ പ്രവൃത്തികളും സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുക..

0

ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വപരിപാടിയും സർക്കാർ ക്ഷേമപദ്ധതിയായി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.

ആർത്തവം എന്ന ജൈവികാവസ്ഥയെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് പരിഗണിക്കുന്നതു മൂലമുള്ള അനാരോഗ്യകരമായ അവസ്ഥ സ്ത്രീസമൂഹം ഇന്നും ഒട്ടധികം അനുഭവിക്കുന്നു.

ആർത്തവത്തിന്റെ പേരിൽ പൊതുയിടങ്ങളിൽനിന്ന് സ്ത്രീകളും പെൺകുട്ടികളും ഇന്നും ഏറക്കുറെ മാറ്റിനിർത്തപ്പെടുന്നു. ഈ സന്ദർഭത്തിൽ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്നതിന്റെ നിസ്സഹായാവസ്ഥയും ആർത്തവം മൂലമുള്ള ശാരീരികവിഷമതകളും ശുചിത്വപ്രശ്നങ്ങളും ഹോർമോൺ വ്യതിയാനങ്ങളുമെല്ലാം സ്ത്രീകളിൽ വലിയ തോതിലുളള മാനസികവൈകാരിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ആർത്തവത്തിന്റെ നേർക്കുള്ള അശുദ്ധി കല്പിക്കൽ മനുഷ്യാവകാശ ലംഘനം തന്നെയാണ്. ആ രീതിയിൽ ആർത്തവ വിരുദ്ധതയെ പരിഗണിക്കപ്പെടാത്തതിനാൽ ആർത്തവം മൂലം കുടുംബത്തിനകത്തു പോലും മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ കാരണമാകുന്നു.

ഭൂരിഭാഗം സ്ത്രീകളും ആർത്തവസമയത്ത് സാനിറ്ററി പാഡാണ് ഉപയോഗിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങളുണ്ട്. പക്ഷേ, യഥാസമയത്തുള്ള പ്രശ്നപരിഹാരത്തിനു മുതിരാതെ അളവിലധികം അതിനെ സമൂഹത്തിൽ പെരുപ്പിച്ചു കാണിക്കുന്ന പ്രവണതയുമുണ്ട്. സ്ത്രീകൾ നിസ്സഹായത അനുഭവിക്കുന്ന അത്തരം സന്ദർഭങ്ങളില്‍ പലപ്പോഴും ഇത്തരം സാമൂഹിക വിരുദ്ധ മനോഭാവം മൂലം സ്ത്രീമനസ്സ് കൂടുതൽ സഘർഷത്തിലാഴുന്നു. വീട്ടിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ആരോഗ്യപൂർണമായ വൃത്തിയുള്ള സ്ത്രീ സൗഹൃദ ശുചിമുറികളുണ്ടാക്കിയാൽ ആർത്തവക്കാലയളവിൽ മൊത്തത്തിലുള്ള പിരിമുറുക്കം വലിയ തോതിൽ ലഘൂകരിക്കാൻ കഴിയും. അതിനാവശ്യമായ അടിയന്തിര പദ്ധതികൾ സർക്കാർ ഉത്തരവാദിത്തത്തിൽ ഏറടുക്കേണ്ടതാണ്. ആർത്തവസംബന്ധിയായ പ്രശ്നങ്ങളെ പൊതുസമൂഹം സ്ത്രീകളുടെ മാത്രം വിഷയമായാണ് മിക്കപ്പോഴും പരിഗണിക്കുന്നത്.

ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിൽ ഭരണസമിതിയിൽ പകുതിയിലേറെ സ്ത്രീകളായിരുന്നിട്ടും വേണ്ടത്ര പരിഗണന നൽകി ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആ തലത്തിലും ഉണ്ടായിട്ടില്ല. വൻതോതിലുള്ള പരസ്യത്തിന്റെ പിൻബലത്തിലുള്ള കോർപ്പറേറ്റ് കമ്പനികളുടെ ഉൽപന്നമാണ് ഇന്ന് സാനിറ്ററി പാഡുകൾ. അതിനുപകരം ചിലവു കുറഞ്ഞതും ദീർഘകാലം ഉപയോഗിക്കാവുന്നതും മാലിന്യമുണ്ടാക്കാത്തതുമായ മെൻസ്ട്ര്വൽ കപ്പിന്റെയോ ജൈവ വിഘടനത്തിന് വിധേയമാകുന്ന പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമായ ഉത്പ്പന്നങ്ങളുടേയോ ഉപയോഗം ഉറപ്പുവരുത്തേണ്ടതുണ്ട്. ആവശ്യമായ ഇടങ്ങളിലും സ്ഥാപനങ്ങളിലും പാഡ് സംസ്ക്കരണത്തിനു വേണ്ടി ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിക്കേണ്ടതാണ്. മെൻസ്ട്ര്വൽ കപ്പ് അല്ലെങ്കില്‍ ജൈവ വിഘടനത്തിന് വിധേയമാകുന്ന പാഡുകള്‍ സൗജന്യമായി ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതിനാവശ്യമായ പദ്ധതി പ്രാദേശിക സർക്കാരുകൾ ആസൂത്രണം ചെയ്ത് ഉടൻ നടപ്പിലാക്കേണ്ടതാണ്. ഒപ്പം ആർത്തവകാല ആരോഗ്യസംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുപ്പിക്കേണ്ടതുമുണ്ട്. അതിനാവശ്യമായ ബഹുജനവിദ്യാഭ്യാസ പരിപാടിക്കു സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഗ്രന്ഥശാലാ പ്രസ്ഥാനവും ചേർന്ന് നേതൃത്വം കൊടുക്കേണ്ടതാണ്.

മേൽ പറഞ്ഞ വിധം ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വപരിപാടിയും സർക്കാർ ക്ഷേമപദ്ധതിയായി ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷികസമ്മേളനം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *