കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികൾ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക.

0

കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും.

കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും. അതിന്റെ സൂചനയാണ് കോവിഡ് 19 രോഗത്തിന്റെ ആഗോളവ്യാപനം. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഇനിയും പുതിയ രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പു തരുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം (one Health) എന്ന ആശയത്തിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭ പാസ്സാക്കിയ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ഏറെ പ്രസക്തമാണ്. എന്നാൽ കോവിഡ് 19 രോഗത്തെ മാത്രം മുൻനിര്ത്തിയാണ് ഈ നിയമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമഗ്രതയില്ലായ്മയും താഴെ തട്ടിൽ വിവിധ വകുപ്പകളെ പ്രയോജനപ്പെടുത്തി വികേന്ദ്രീകൃതമായ നടത്തിപ്പ് രീതി ഇല്ലാത്തതും ഈ നിയമത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നു.

നിലവിൽ ഈ നിയമത്തിന്റെ നിർവ്വഹണച്ചുമതല പോലീസിനാണ് നൽകിയിട്ടുള്ളത്. ആരോഗ്യ സംരക്ഷണത്തിന്റേയും രോഗനിയന്ത്രണ പ്രവർത്തനങ്ങളുടേയും പൂർണ്ണ ചുമതല വഹിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിനോ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കോ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് പിന്തുണാസംവിധാനങ്ങൾ ഒരുക്കുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കോ ഈ നിയമത്തിന്റെ നിർവ്വഹണാധികാരം നൽകിയിട്ടില്ല. ജലജന്യരോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ തുടങ്ങിയവയുണ്ടായാൽ അവയെ നിയന്ത്രിക്കാൻ പോലീസിന് കഴിയാതെ വരും. വിവിധ വകുപ്പുകളുടെ ഏകോപനം പകർച്ചവ്യാധി നിയന്ത്രണത്തിൽ ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പ്, ജലവിഭവ വകുപ്പ്, ഭക്ഷ്യ വകുപ്പ്, തുടങ്ങിയ വ്യത്യസ്ഥവകുപ്പുകൾ മുൻ നിന്ന് പ്രവർത്തിച്ചാലേ ഇത്തരം മഹാമാരികളെ നിയന്ത്രിക്കാൻ സാധിക്കൂ. ഇവയെ സുഗമമായി ഏകോപിപ്പിക്കാൻ സാധിക്കുന്നത് പ്രാദേശിക ഭരണകൂടങ്ങൾക്കാണ്. ഏറ്റവും താഴെ തട്ടിൽ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ വകുപ്പിലെ മനുഷ്യ വിഭവശേഷിയെ ഉപയോഗപ്പെടുത്തുന്നതും ഈ നിയമനിർമ്മാണത്തിൽ പരിഗണിച്ചതായി കാണുന്നില്ല മറ്റൊരർത്ഥത്തിൽ അധികാരം വികേന്ദ്രീകരിക്കുന്നതിനു പകരം അധികാരം കേന്ദ്രീകരിക്കുകയാണ് ഈ നിയമനിർമ്മാണം വഴി ചെയ്തിട്ടുള്ളത്.

ആയതിനാൽ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഈ നിയമം സമഗ്രമാക്കണമെന്നും കേരളത്തിലെ അധികാര വികേന്ദ്രീകൃതപ്രവര്‍ത്തനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *