വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം

0

ശ്രമകരമായ ഈ കടമ നിർവ്വഹിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനമോ പരിമിതമായ ഏകോപനമോ കൊണ്ട് സാധ്യമല്ല.

മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ വേമ്പനാട് ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക, വികസന, ജീവസന്ധാരണ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ പൊതുവായ ഭരണസംവിധാനം കായലിന് രൂപീകരിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി ദുർബലമായ ഇവിടെ ജീവസന്ധാരണം, വാസം, സുസ്ഥിരമായ വികസനം എന്നിവക്ക് വിവിധ ജനവിഭാഗങ്ങൾ തമ്മിലും,മനുഷ്യരും പ്രകൃതിയും തമ്മിലും ആഴമേറിയ ബന്ധവും പരസ്പരാശ്രിതത്വവും അനിവാര്യമാണ്. ശ്രമകരമായ ഈ കടമ നിർവ്വഹിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനമോ പരിമിതമായ ഏകോപനമോ കൊണ്ട് സാധ്യമല്ല. ആഗോളതാപനത്തിന്റേയും കാലാവസ്ഥാമാറ്റത്തിന്റെയും ഫലമായി ഉയരുന്ന താപനില, അതിശൈത്യം, അതിവൃഷ്ടി, വരൾച്ച, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ ഏറിയിട്ടുണ്ട്. ഇതിന്റെ ഫലമായി കൃഷിയും ജീവ സന്ധാരണവും വാസവും ലോകത്താകെ ഏറിയും കുറഞ്ഞും വെല്ലുവിളി നേരിടുന്നുണ്ട്. പാരിസ്ഥിതികമായി ദുർബലമായ കുട്ടനാട് പോലുള്ള പ്രദേശങ്ങളെ കൂടുതൽ ജാഗ്രതയോടെ പരിപാലിക്കണമെന്നത് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ താൽക്കാലികമായ അതിജീവനശ്രമങ്ങൾ നടത്തി പിന്മാറുന്ന രീതി അപകടകരമാണ്. ഇതുവരെയുള്ളതും ഇനി വേണ്ടിവരുന്നതുമായ ശാസ്ത്രീയപഠനങ്ങളേയും പ്രായോഗിക അനുഭവങ്ങളേയും അടിസ്ഥാനമാക്കി ദീർഘകാലാടിസ്ഥാനത്തിലുള്ള സമഗ്ര ഇടപെടലിലൂടെ മാത്രമേ വേമ്പ നാട് കായലിന്റെയും പരിസര ഭൂപ്രദേശങ്ങളുടെയും ആരോഗ്യാവസ്ഥയും സുസ്ഥിരവികസനവും ഉറപ്പുവരുത്താ ൻ കഴിയൂ.

തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനുള്ള റാംസര്‍ കണ്‍വന്‍ഷന്റെ തീരുമാനങ്ങള്‍ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. വമ്പനാട് റാംസര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്.ആ നിലയ്ക്ക കായല്‍ സംരക്ഷണത്തിനുള്ള ന‍പടികള്‍ അന്താരാഷ്ട്രസമൂഹത്തോട് വിശദീകരിക്കാന്‍ രാജ്യത്തിന് ബാധ്യതയുമുണ്ട്.

കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാൻ കൂടുതൽ ശാസ്ത്രീയമായി ജീവിതവും വികസനവും ചിട്ടപ്പെടുത്തേണ്ട കാലത്ത് കുട്ടനാടിന്റെ പരിസ്ഥിതിയെയും ജീവസന്ധാരണത്തെയും ദുർബലമാക്കുന്ന അനിയന്ത്രിതമായ ഇടപെടലുകൾ കുറയുന്നില്ലെന്നത് ആശങ്കാജനകമാണ്. നമ്മുടെ വികസന സങ്കല്പം മാറണമെന്ന വിലയിരുത്തൽ തുടർച്ചയായി അവഗണിക്കപ്പെടുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പൊതു നിയമങ്ങളും തണ്ണീർത്തടങ്ങളുടെയും കടൽതീരത്തിന്റെയും സുസ്ഥിരതക്കു വേണ്ടിയുള്ള സവിശേഷ നിയമങ്ങളും ചട്ടങ്ങളും വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നില്ലെന്നു മാത്രമല്ല,നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും തുടര്‍ച്ചയായി വെള്ളം ചേർക്കുകയും ചെയ്യുന്നു. വേമ്പനാട്ട് കായലിന്റെ വിസ്തീർണ്ണം പകുതിയിൽ അധികം നഷ്ടമായിട്ടുണ്ട്.നഷ്ടപ്പെട്ട കായൽതീരം തിരിച്ചു പിടിച്ചില്ലെങ്കിലും അതിർത്തി രേഖപ്പെടുത്തുകയെങ്കിലും വേണമെന്ന നിർദ്ദേശം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി.തുടർന്നുള്ള കൈയേറ്റം ഒഴിവാക്കാനെങ്കിലും അത് സഹായകമാകുമാ യിരുന്നു. നിർഭാഗ്യവശാൽ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. കൈയേറ്റങ്ങളും,ഭൂവിനിയോഗത്തിലെ അപകടകരമായ മാറ്റങ്ങളും അശാസ്ത്രീയമായ നിർമ്മിതികളും വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് ഉണ്ടാകുന്ന തടസ്സങ്ങളുമാണ് പ്രദേശത്തിന്റെ ജലവാഹകശേഷി തുടര്‍ച്ചയായി കുറച്ചത്. കൃഷിയും മത്സ്യബന്ധനവും ടൂറിസ വുമടക്കമുള്ള ജീസന്ധാരണമാർഗ്ഗങ്ങളെ കാലാനുസൃതവും ശാസ്ത്രീയവുമാക്കി മാറ്റുന്നതിൽ ഉണ്ടാകുന്ന വീഴ്ച മൂലം പരിസ്ഥിതിയും ജീവസന്ധാരണവും ദുർബലമാകുന്നു.ഇത് പരിഹരിക്കുന്നതിന് വികസനം സംബന്ധിച്ച് നില വിലുള്ള സാമൂഹ്യബോധത്തിൽ അടിസ്ഥാനമാറ്റവും വലിയ സാമൂഹ്യമുന്നേറ്റവും ആവശ്യമാണ്. ആ കാഴ്ചപ്പാടിൽ പ്രദേശത്തെ പരിപാലിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ കേവലമായ ഏകോപനം കൊണ്ട് സാധ്യ മല്ല. കുട്ടനാട്ടിലെ മുഖ്യ ജലനിയന്ത്രണനിർഗ്ഗമനമാർഗ്ഗങ്ങളായ തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി പൊഴിയുടെയും പരിപാലനം പോലും, വിഭാവന ചെയ്തതുപോലെ, കൃഷിയുടെയും മൽസ്യബന്ധനത്തിന്റെയും ജനവാസത്തിന്റെയും ഗതിവിഗതികൾ മനസ്സിലാക്കി കൃത്യവും ഉചിതവുമായി നിർവ്വഹിക്കാൻ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സംവിധാനത്തിനു കഴിയുന്നില്ലെന്നത് പ്രകടമാണ്. കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ പൊതുവായ തത്പ്പര്യമുള്ള വിഷയങ്ങളില്‍ സംയുകതസമിതികള്‍ രൂപീകരിക്കാന്‍ തദ്ദോശഭരണസ്ഥാപന ങ്ങള്‍ക്ക് അധികാരമുണ്ട്. വേമ്പനാടിന് ചുറ്റുമുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സംയുക്തസമിതി രൂപപ്പെടുത്തി അതിന് കീഴില്‍ വേമ്പനാട് കായലിനെ കൊണ്ടുവരണമെന്നും ഈ സംവിധാനത്തിന് സമ്പത്തും വിഭവങ്ങളും ലഭ്യമാക്കി, കായലിന്റെ പരിപാലനത്തിനുള്ള വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കാനുള്ള ചുമതല നല്‍കുകയും വേണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനം തദ്ദേശഭരണസ്ഥാപനങ്ങളോടും കേരള സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *