പാലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക…. യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക.

0

വംശീയതയും മതാത്മകതയും സാമ്രാജ്യത്വ പിന്തുണയോടെ ഒരു ജനതയെ വംശഹത്യ ചെയ്യുന്ന കാഴ്ചയാണ് ഇസ്രായേൽ – പാലസ്തീൻ സംഘർഷം എന്ന പേരിൽ ഇന്ന് കാണുന്നത്. ഈ സാഹചര്യത്തിൽ പാലസ്തീനിൽ നിന്ന് ഇസ്രായേൽ പിന്മാറുകയല്ലാതെ മറ്റൊരു പരിഹാരമില്ല. വിപുലവും ജനാധിപത്യപരവുമായ ഒരു യുദ്ധവിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം വളർത്തിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് ലോകത്തെ വിമോചിപ്പിക്കാനാവൂ.

14 ഒക്ടോബർ, 2023

മത വിശ്വാസങ്ങളുടേയും മിത്തുകളുടേയും അടിസ്ഥാനത്തിൽ ഒരു രാജ്യം രൂപപ്പെടുന്നത് എത്രമാത്രം ജനാധിപത്യവിരുദ്ധവും അമാനവീകവുമാണെന്ന് ഇസ്രായേലിൻ്റെ ചരിത്രം ലോകത്തെ പഠിപ്പിക്കുന്നു. ഇതിന് സാമ്രാജ്യത്വത്തിൻ്റേയും മുതലാളിത്തത്തിൻ്റേയും പിന്തുണ കൂടിയുണ്ടെങ്കിൽ അത് കൂടുതൽ അപകsകരവും അക്രമണോത്സുക വുമാകുന്നു. ഇതിൻ്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമാണ് ഇസ്രായേൽ ഗാസയുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ ആക്രമണം. രണ്ട് ലോകയുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ വിജയികൾ പരാജയപ്പെട്ടവരുടെ ഭൂമിയും വിഭവങ്ങളും പങ്കിട്ടെടുക്കുകയെന്ന ക്രൂരതയാണ് ഇസ്രായേൽ എന്ന മത രാഷ്ട്രത്തിൻ്റെ പിറവിക്ക് കാരണം. മത വിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ലോകമെമ്പാടുമുള്ള ജൂതർ പാലസ്തീനിലേക്ക് അതിക്രമിച്ചു കയറുകയും അറബികളും തദ്ദേശീയ ആദിമജനവിഭാഗങ്ങളും അടക്കമുള്ള പ്രാദേശിക ജനതയെ പുറംതള്ളുകയും ചെയ്യുന്നതാണ് ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൻ്റെ അടിത്തറ. യഥാർഥത്തിൽ അത് സംഘർഷമല്ല. ഏകപക്ഷീയമായ ആക്രമണമാണ്. 1800 ൽ വെറും 6700 പേർ മാത്രമുണ്ടായിരുന്ന പാലസ്തീനിലെ ജൂതരുടെ സംഖ്യ 1947 ൽ 6, 30,000 ആയും 1948 ൽ ഇസ്രായേൽ നിലവിൽ വന്നപ്പോൾ ഒറ്റ വർഷം കൊണ്ട് 1949 ൽ അത് പത്ത് ലക്ഷമായും ഉയർന്നത് അധിനിവേശത്തിൻ്റെ ഭീകരത വെളിവാക്കുന്നു.
ഇസ്രായേൽ സേന തദ്ദേശീയരെ ഓടിച്ച് ഗാസ മുനമ്പിൽ ഒതുക്കിയിട്ടാണ് അവരുടെ ഭൂമിയും വിഭവങ്ങളും പിടിച്ചെടുത്തത്. യുദ്ധാനന്തര ഉടമ്പടി പ്രകാരം ഇസ്രായേലുകാർക്ക് അവകാശപ്പെട്ടതല്ലാതിരുന്ന വെസ്റ്റ് ബാങ്കിലേയും കിഴക്കൻ ജറുസലേമിലേയും ഗോലാൻ കുന്നുകളിലേയും ഭാഗങ്ങൾ പ്രത്യക്ഷ യുദ്ധത്തിലൂടെ
ഇസ്രായേൽ പിടിച്ചെടുത്തു. .അവശേഷിക്കുന്ന പലസ്തീൻകാർ ഗാസ മുനമ്പിൽ ഒതുക്കപ്പെട്ടു. ഒരു രാഷ്ട്രത്തിൻ്റെ അധികാരമൊന്നുമില്ലാതിരുന്ന ഗാസ മുനമ്പ് പാലസ്തീൻകാരുടെ തുറന്ന തടവറയായി രൂപപ്പെട്ടു. അതേ തുടർന്ന് ദുസ്സഹമായ ജീവിത പശ്ചാത്തലത്തിലാണ് പാലസ്തീൻകാർ ചെറുത്ത് നിൽപ്പാരംഭിച്ചത്. ഈ ചെറുത്ത് നിൽപ്പിനേയും കൂടുതൽ ക്രൂരമായ ആക്രമണങ്ങളുടെ കാരണമാക്കുകയാണ് ഇസ്രായേലും അതിനെ പിന്തുണക്കുന്ന മുതലാളിത്ത ശക്തികളും. ഇത് ഇന്നും അനുസ്യൂതം തുടരുന്നു. ഈ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സയണിസ്റ്റ് ചിന്തകർ ഫാസിസത്തിൽ നിന്ന് ഒട്ടും വിഭിന്നമല്ല. വംശീയതയും മതാത്മകതയും സാമ്രാജ്യത്വ പിന്തുണയോടെ ഒരു ജനതയെ വംശഹത്യ ചെയ്യുന്ന കാഴ്ചയാണ് ഇസ്രായേൽ – പാലസ്തീൻ സംഘർഷം എന്ന പേരിൽ ഇന്ന് കാണുന്നത്. ഈ സാഹചര്യത്തിൽ പാലസ്തീനിൽ നിന്ന് ഇസ്രായേൽ പിന്മാറുകയല്ലാതെ മറ്റൊരു പരിഹാരമില്ല. ലോകമനസ്സാക്ഷി ഈ ക്രൂരതക്കെതിരെ ഉണരേണ്ടിയിരിക്കുന്നു. വിപുലവും ജനാധിപത്യപരവുമായ ഒരു യുദ്ധവിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം വളർത്തിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് ലോകത്തെ വിമോചിപ്പിക്കാനാവൂ. ഈ പശ്ചാത്തലത്തിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി ഇസ്രായേലിനെ പിന്തുണക്കുന്ന ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളുടെ നടപടി തിരുത്തണമെന്നും അഭ്യർഥിക്കുന്നു. മതത്തെ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയത്തെ വിവിധ രൂപത്തിലുള്ള ഏകാധിപത്യ പ്രവണതകളിൽ നിന്നും വിമോചിപ്പിക്കാനുതകുന്ന യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനത്തിന് രൂപം നൽകാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ മനുഷ്യ സ്നേഹികളോടും അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *