സ്കൂൾവിദ്യാഭ്യാസഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും  ആരോഗ്യ-വ്യായാമപരിപാടികളും ശക്തമായി തുടരണം   

0

 

സ്കൂൾവിദ്യാഭ്യാസഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും  ആരോഗ്യ-വ്യായാമപരിപാടികളും ശക്തമായി തുടരണം   

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ഗുണത വർധിപ്പിക്കണമെന്ന  ആവശ്യം കുറച്ചു വർഷങ്ങളായി  ചർച്ച ചെയ്യപ്പെടുകയും വൈവിധ്യമാർന്ന ഗുണമേന്മാപ്രവർത്തനങ്ങൾ നടപ്പാക്കിവരികയും ചെയ്യുകയാണ്. കേരള ഗവൺമെൻ്റും വിദ്യാഭ്യാസ വകുപ്പും, മുൻവർഷങ്ങളുടെ തുടർച്ചയായി ഈ അധ്യയനവർഷവും  ഗുണമേന്മയ്ക്കു വേണ്ടിയുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മുന്നോട്ടുവന്നിരിക്കുന്നു.       ഇതിലൊന്ന് പഠനസമയം വേണ്ടത്ര കിട്ടുന്നില്ലെന്ന പ്രശ്നം പരിഹരിക്കാനായി ദൈനംദിനസ്കൂൾസമയം അരമണിക്കൂർ വർധിപ്പിക്കാനുള്ള തീരുമാനമാണ്.   രാവിലെ 9.45 ന് ക്ലാസ് തുടങ്ങുകയും വൈകുന്നേരം 4.15ന് അവസാനിപ്പിക്കുകയും ചെ യ്യുന്നത് പഠനസമയക്കുറവുപ്രശ്നം പരിഹരിക്കാൻ  ഒരു പരിധിവരെ സഹായകമാവും.     രാവിലെ നേരത്തെ ആരംഭിച്ച് ഉച്ചയോടെ ക്ലാസ്സ്മുറികളിലെ പഠനം അവസാനിച്ച് ഉച്ചയ്ക്കുശേഷം  സാമൂഹിക-സർഗാത്മക പ്രവർത്തനങ്ങളിലേർപ്പെടാൻ അവസരം ലഭിക്കുന്ന രീതി മികച്ച സ്കൂൾവിദ്യാഭ്യാസ സമ്പ്രദായമുള്ള പലയിടങ്ങളിലും ഉണ്ട്. കുട്ടികളുടെ സമഗ്രവികാസമെന്ന ലക്ഷ്യം ഫലപ്രദമായി നേടുന്നതിനായി ഇത്തരമൊരു സമയക്രമത്തിലേക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസവും മാറേണ്ടതുണ്ട്.ഇതിനായുള്ള ചർച്ചകൾ സജീവമായി തുടരേണ്ടിയിരിക്കുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിൽ വിവിധ വിഷയങ്ങളിലെ പഠനമികവുപോലെതന്നെ പ്രധാനമാണ് വൈകാരികവും ശാരീരികവും ആരോഗ്യപരവുമായ ശരിയായ വളർച്ചയും അതിനായുള്ള പ്രവർത്തനങ്ങളും.കേരളത്തിലെ കുട്ടികൾക്ക് കായികശേഷി  കുറഞ്ഞുവരികയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. തുടർച്ചയായി ക്ലാസ്മുറിയിൽ ഇരുന്നുള്ള പഠനം, കാൽനടയാത്രയ്ക്ക്  ഒട്ടും അവസരം ലഭിക്കാത്തവിധം രാവിലെയും വൈകുന്നേരവും വാഹനത്തിൽ സ്കൂളിലേക്കുള്ള യാത്ര,   സ്കൂൾസമയത്തിനു മുമ്പും ശേഷവുമുള്ള  ട്യൂഷൻ തുടങ്ങിയ പല കാരണങ്ങളാൽ സ്കൂളിലും വീട്ടിലും കുട്ടികൾക്ക് വ്യായാമത്തിനുള്ള അവസരം ലഭിക്കുന്നതേയില്ല. കായികവിദ്യാഭ്യാസത്തിന് പ്രത്യേക പീര്യേഡ് ഉണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഈ പിര്യേഡ്കൂടി പരീക്ഷാ പ്രധാനമായ മറ്റു വിഷയങ്ങളുടെ പഠനത്തിന് ഉപയോഗിക്കുന്നതും കായികാധ്യാപകർ ഇല്ലാത്തതും പ്രശ്നത്തിൻ്റെ ആഴം വർധിപ്പിക്കുന്നു.

സ്കൂൾവിദ്യാഭ്യാസത്തിൽ എഴുത്തുപരീക്ഷയ്ക്ക് നൽകുന്ന അമിതപ്രാധാന്യവും അതുകാരണം കുട്ടികൾക്കിടയിൽ  വ്യക്തിതലത്തിൽ രൂപപ്പെടുന്ന അനാരോഗ്യകരമായ മത്സരവും കുട്ടികളിൽ വളരെ വലിയ മാനസികപിരിമുറുക്കവും സമ്മർദ്ദവുമാണുണ്ടാക്കുന്നത്. ഇത് കുട്ടികളുടെ പല തരം പെരുമാറ്റപ്രശ്നങ്ങളിലേക്കും മാനസികാരോഗ്യക്കുറവിലേക്കും നയിക്കുന്നുമുണ്ട്.      ഈ പശ്ചാത്തലത്തിൽവേണം കുട്ടികളുടെ മാനസികോല്ലാസവും കായികക്ഷമതയും ഉറപ്പാക്കുന്നതിനും വ്യായാമസംസ്കാരം തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടിയുള്ള ശ്രമമായി ആരംഭിച്ച നൃത്തപരിപാടിയെ നോക്കിക്കാണേണ്ടത്.ഈ ശ്രമം എന്തുകൊണ്ടും സ്വാഗതർഹമാണ്. സംഗീതവും നൃത്തവും കായികവികസനവും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി കുട്ടികൾക്ക് ആസ്വദിച്ചുകൊണ്ടും അനായാസമായും ചെയ്യാവുന്നതാണ്. കുട്ടികളുടെ  മാനസികപിരിമുറുക്കം കുറയ്ക്കുന്നതിനും  മാനസികോല്ലാസത്തിനും ഇത്തരം പരിപാടികൾ ഗുണകര മാണ്.

എന്നാൽ ചില വ്യക്തികളും ഗ്രൂപ്പുകളും ബോധപൂർവമായോ അല്ലാതെയോ ഈ തീരുമാനങ്ങൾക്കെതിരായി പ്രചാരണം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.   ഇതോടാപ്പം  മത-വർഗീയ ശക്തികൾ ഇടപെട്ടുകൊണ്ട് പുരോഗമനവിദ്യാഭ്യാസ ആശയങ്ങളെ തകർക്കാനുള്ള ശ്രമം നടത്തുന്നുവെന്നത് ഏറെ ആശങ്കാജനകമാണ്. സർക്കാരിനെ സമ്മർദ്ദത്തിലാക്കി പ്രസ്തുത തീരുമാനങ്ങൾ പിൻവലിപ്പിക്കാനുള്ള ശ്രമമാണ് കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.  ശരിയായ ആരോഗ്യ-കായികവിദ്യാഭ്യാസം ലഭിക്കുകയെന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്.  എല്ലാ കുട്ടികൾക്കും മതിയായ അവസരവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും നൽകലാണ് പൊതുവിദ്യാഭ്യാസത്തിൻ്റെ പ്രധാനലക്ഷ്യം. അതുകൊണ്ടുതന്നെ ഭരണഘടനാനുസൃതമായി വിദ്യാഭ്യാസലക്ഷ്യങ്ങൾ നിശ്ചയിക്കുകയും   അതിനനുസൃതമായി അവ പ്രാവർത്തികമാക്കുകയുമാണ് ചെയ്യേണ്ടത്.

സങ്കുചിതലക്ഷ്യങ്ങളോടെ ഇത്തരം പ്രവർത്തനങ്ങളെ എതിർക്കുന്നത് ആരുതന്നെയായാലും അത്   ജനാധിപത്യ വിരുദ്ധമാണ്. അതിനാൽ കൂടുതൽ ശക്തമായും ശാസ്ത്രീയമായും ഇത്തരം  പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകണമെന്നും അതിന് എല്ലാവിധ പിന്തുണയും കേരള ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും  അറിയിക്കുന്നു.

ടി.കെ.മീരാഭായ്
പ്രസിഡണ്ട്
പി.വി.ദിവാകരൻ
ജനറൽസെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *