ഉന്നതവിദ്യാഭ്യാസരംഗത്ത് ചാന്‍സലറുടെ അമിതാധികാരപ്രയോഗം സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുന്നു 

0

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍മാര്‍ സമീപവര്‍ഷങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍വകലാശാലകളുടെ സുഗമ മായ നടത്തിപ്പിനും ജനാധിപത്യഘടനയ്ക്കും മതേതര പൊതുവിദ്യാഭ്യാസത്തിനും വിഘാതമായിത്തീരുകയാണ്.
ഭരണഘടനാനുസൃതമായും ജനാധിപത്യതത്വങ്ങളില്‍ അധിഷ്ഠിതമായും സംസ്ഥാനനിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ വിവിധ തലത്തിലുള്ള കാര്യനിര്‍വഹണസംവിധാനങ്ങളുടെ ഇടപെടലിന് പോലും പരിമിതികളുണ്ട്.
തികച്ചും ഔപചാരികവും ആലങ്കാരികവുമാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവി എന്ന വസ്തുത അറിയാഞ്ഞിട്ടല്ല ഗവര്‍ണര്‍ ഇത്തരം അമിതാധികാരപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമിക് നിയമനങ്ങള്‍, സര്‍വകലാശാലാഭരണം, നയരൂപീകരണം എന്നിങ്ങനെ സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ജനാധിപത്യവിരുദ്ധമായി നടത്തുന്ന ഇടപെടല്‍ ഭരണസ്തംഭനത്തിന് കാരണമായിത്തീരുകയാണ്. ഈ രീതി സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുക മാത്രമല്ല, ഇന്ത്യയുടെ ഫെഡറല്‍, ഭരണഘടനാചട്ടക്കൂടിനെ വെല്ലുവിളിക്കുന്നതു കൂടിയാണ്.
വൈസ് ചാന്‍സലര്‍മാരുടെ നിയമനനടപടികള്‍ തടഞ്ഞുവയ്ക്കുന്നതിലോ, യൂണിവേഴ്‌സിറ്റി സെനറ്റു കളുടെയും സിന്‍ഡിക്കേറ്റുകളുടെയും തീരുമാനങ്ങള്‍ അസാധുവാക്കുന്നതിലോ, അല്ലെങ്കില്‍ വ്യവസ്ഥാപിതമായ കണ്‍സള്‍ട്ടേറ്റീവ് സംവിധാനങ്ങളെ മറികടക്കുന്നതിലോ, ഗവര്‍ണറുടെ ആവര്‍ത്തിച്ചുള്ള ഇടപെടലുകള്‍, കേരളം ദീര്‍ഘകാലമായി മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യവികേന്ദ്രീകരണത്തിന് വിരുദ്ധമായ പ്രവണതയാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ചരിത്രപരമായി ഉയര്‍ത്തിപ്പിടിച്ച അക്കാദമിക പാരമ്പര്യങ്ങളെയും പ്രാദേശികപ്രവര്‍ത്തന മികവുകളെയും സാമൂഹികനീതി പ്രതിജ്ഞാബദ്ധമായ താല്‍പര്യങ്ങളെയും, വൈവിധ്യപൂര്‍ണമായ സാംസ്‌കാരികശീലങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഭരണഘടനാപരമായി ബാധ്യസ്ഥ നാണ് ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവര്‍ണര്‍. സംസ്ഥാന നിയമസഭയ്‌ക്കോ അക്കാദമികസമൂഹത്തിനോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, അത്യന്തം ഏകപക്ഷീയമായ അധികാരനിയന്ത്രണം ഈ സൂക്ഷ്മമായ സന്തു ലിതാവസ്ഥയെ തകര്‍ക്കുന്നതിനേ ഉപകരിക്കൂ. ഇത്തരം ഇടപെടലുകള്‍ യൂണിവേഴ്സിറ്റി ഭരണത്തിന്റെ സാര്‍വലൗകിക തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.
ശക്തമായ പൊതുവിദ്യാഭ്യാസസമ്പ്രദായത്തിനും പുരോഗമനനയങ്ങള്‍ക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കേവലം അക്കാദമിക് തത്വമെന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാപരമായ അനിവാര്യത എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്.  ചാന്‍സലര്‍ എന്ന നിലയില്‍ ഈ സ്വയംഭരണ സംവിധാനത്തിന്റെ സംരക്ഷകനായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം. ഉന്നത വിദ്യാഭ്യാസം രാഷ്ട്രീയ അവകാശവാദത്തിനുള്ള ഒരു മേഖലയല്ല, മറിച്ച് വിമര്‍ശനാത്മകമായ അന്വേഷ ണവും ബഹുസ്വരതയും ജനാധിപത്യപൗരത്വവും പരിപോഷിപ്പിക്കുന്നതിനുള്ള ഇടമാണ്. ഉന്നതവിദ്യാഭ്യാ സത്തിന്റെ മേല്‍ നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ഏതൊരു ശ്രമവും, ഫെഡറലിസത്തിന്റെയും അക്കാദമിക് സമഗ്രതയുടെയും താല്‍പര്യം മുന്‍നിര്‍ത്തി ചെറുക്കേണ്ടതാണ് എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുസമൂഹത്തിനോട് ആഹ്വാനം ചെയ്യുന്നു.

ടി.കെ.മീരാഭായ്
പ്രസിഡണ്ട്‌
പി.വി.ദിവാകരന്‍                              ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

You may have missed