പി.ടി ഭാസ്‌കരപ്പണിക്കരുടെ ജീവചരിത്രം അഥവാ ജനാധിപത്യത്തിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം – എം എം സജീന്ദ്രൻ

0

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ ‘പി.ടി. ഭാസ്‌കരപ്പണിക്കര്‍: മാനവികത ജനാധിപത്യം ശാസ്ത്രബോധം’ എന്ന കൃതിയെ എം.എം സചീന്ദ്രൻ മാഷ് സമഗ്രവും സർഗ്ഗാത്മകവുമായി വിലയിരുത്തുന്നു

 

പി.ടി ഭാസ്‌കരപ്പണിക്കരുടെ ജീവചരിത്രം

അഥവാ ജനാധിപത്യത്തിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം

എം എം സജീന്ദ്രൻ

 

ഈയടുത്ത് ഏറ്റവും രസകരമായി പെട്ടെന്നു വായിച്ചുതീര്‍ത്ത ഗൗരവമായ ഒരു പുസ്തകമുണ്ട്, ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ ‘പി.ടി. ഭാസ്‌കരപ്പണിക്കര്‍: മാനവികത ജനാധിപത്യം ശാസ്ത്രബോധം’ എന്ന കൃതി. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പ്രസാധകര്‍. ഒരു ജീവചരിത്രം, അതും വളരെയേറെ ഗവേഷണം നടത്തി രചിച്ച ഗൗരവസ്വഭാവമുള്ള ഒരു പുസ്തകം ഇത്ര രസകരമായി ഇത്രയെളുപ്പത്തില്‍ വായിച്ചു തീര്‍ക്കാന്‍ സാധിക്കും എന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ ഒന്നുരണ്ടു ദിവസങ്ങളില്‍ യാത്രയ്ക്കിടെത്തന്നെ പുസ്തകം മുഴുവനും വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞു. ജീവചരിത്രരചന എന്നത് കൈയില്‍കിട്ടുന്ന ചില സാമഗ്രികളും പിന്നെ കുറച്ചു കേട്ടറിവുകളും വെച്ച് വളരെ എളുപ്പത്തില്‍ വളരെ ലാഘവത്തോടെ ആര്‍ക്കും ചെയ്തുതീര്‍ക്കാവുന്ന ഒരു പണിയാണ് എന്ന പൊതുബോധത്തെ തിരുത്തുന്നതാണ് ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ ഈ ഉദ്യമം. അദ്ദേഹം ഈ പുസ്തകത്തില്‍ പിടിബിയെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഓരോ വാക്കുകള്‍ക്കും ആധികാരികയുണ്ട് എന്നുമാത്രല്ല പുസ്തകത്തില്‍ ഉടനീളം അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സോഴ്‌സ് മെറ്റീരിയലുകളെ അടയാളപ്പെടുത്തുന്നത് ഒരിക്കലും കൃതിയുടെ വായനയെ തടസ്സപ്പെടുത്തുന്നില്ല എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. പ്രധാനപ്പെട്ട ആഖ്യാനത്തിന്റെ ധാരയ്ക്കു സമാന്തരമായി സോഴ്‌സ് മെറ്റീരിയലുകള്‍ അടുക്കിവെച്ചുകൊണ്ട് മറ്റൊരു ആഖ്യാനം കൃതിക്കുള്ളില്‍ത്തന്നെ നടക്കുന്നു എന്നതിനാല്‍ ഗവേഷണതാത്പര്യത്തോടെ ഈ പുസ്തകം വായിക്കുന്നവര്‍ക്ക് ആ രണ്ടാം ധാരയില്‍ ശ്രദ്ധയൂന്നാം. അങ്ങനെയല്ലാത്ത കേവലവായനക്കാര്‍ക്കാവട്ടെ അവരുടെ വായനയെ സോഴ്‌സ് മെറ്റീരിയലുകളുടെ ചരിത്രം തടസ്സപ്പെടുത്തുകയുമില്ല.

ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യപഥികരില്‍ ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിച്ച മഹാനായ സംഘാടകനും ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ സൂക്ഷ്മമായ തലത്തില്‍ പ്രവര്‍ത്തിച്ച മറ്റുപല ചെറു പ്രസ്ഥാനങ്ങളുടെയും തുടക്കക്കാരനും ആയിരുന്നു പിടിബി. ജനകീയ അധ്യാപനത്തിലും ശാസ്ത്രസാഹിത്യരചനയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ ശ്രദ്ധേയമായിരുന്നു.

ഐക്യകേരളത്തിന്റെ രൂപീകരണത്തിനു മുമ്പെ ഈ മലയാളക്കരയിലെ സാമൂഹികജീവിതത്തിന്റെ ജാഗരണത്തെപ്പറ്റി ചിന്തിക്കുകയും സാര്‍വത്രികവിദ്യാഭ്യാസവും പൊതുജനാരോഗ്യവും നാടിന്റെ സമഗ്രവികസനവും ലക്ഷ്യംവെച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡണ്ട് എന്ന നിലയില്‍ നാനാതലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത സാമൂഹിക രാഷ്ട്രീയനേതാവായിരുന്നു പിടിബി എന്ന് കാവുമ്പായിമാഷ് ശരിയായിത്തന്നെ നിരീക്ഷിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ അറിയപ്പെടാത്തതോ വേണ്ടത്ര ശ്രദ്ധ പതിയാത്തതോ ആയ പല മേഖലകളിലേയ്ക്കും വായനക്കാര്‍ക്കു ചെന്നെത്താന്‍ ഈ കൃതി സഹായിക്കും എന്ന ഗ്രന്ഥകര്‍ത്താവിന്റെ അവകാശവാദത്തില്‍ ഒട്ടും അതിശയോക്തിയില്ല എന്നുമാത്രമല്ല, അത് ചില വിസ്മൃതികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.

കേരളത്തിലെ പൊതുസമൂഹം പിടിബിയോട് നന്ദികേട് കാണിച്ചു എന്ന് നിസ്സംശയം പറയാവുന്ന വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തിലൂടെ ഡോ: കാവുമ്പായി ബാലകൃഷ്ണന്‍ നടത്തുന്നത്. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം ആരംഭിക്കുന്ന കാര്യത്തില്‍ പിടിബി ആര്‍ക്കും പിന്നിലായിരുന്നില്ല. ഗ്രന്ഥശാലാസംഘത്തിന്റെ പ്രസിഡണ്ടായിരുന്നു പിടിബി. സെക്രട്ടറി ശ്രീ. പി എന്‍ പണിക്കരും. എന്നാല്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തെക്കുറിച്ചുള്ള മലയാളിയുടെ എല്ലാ ചര്‍ച്ചകളും പി എന്‍ പണിക്കരില്‍ തുടങ്ങി അദ്ദേഹത്തില്‍ത്തന്നെ അവസാനിക്കുകയാണ് പതിവ്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സാക്ഷരതാപ്രവര്‍ത്തനം ആരംഭിക്കുമ്പോഴും പിടിബി മുന്നിലുണ്ടായിരുന്നു. പക്ഷെ, ആ ചരിത്രത്തിലും പി എന്‍ പണിക്കരുടെ പേരിനൊപ്പംപോലും പിടിബി ഓര്‍മ്മിക്കപ്പെടാറില്ല.

ലോകത്തില്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം സഖാവ് ഇ എം എസ്സിന്റെ നേതൃത്വത്തില്‍ 1957ല്‍ അധികാരത്തില്‍വന്ന കേരളസര്‍ക്കാരാണ് എന്നാണല്ലോ നമ്മുടെ ചരിത്രജ്ഞാനം. എന്നാല്‍ അക്കാര്യം വസ്തുതാപരമായി എത്രത്തോളം ശരിയാണ്? യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്നത് 1954ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിലായിരുന്നു.

അതിനുമുമ്പ് 1953ല്‍ തിരു-കൊച്ചി നിയമസഭയിലേയ്ക്കു നടന്ന തെരഞ്ഞടുപ്പില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി 118ല്‍ 23 സീറ്റുകള്‍ നേടി. എന്നാല്‍, 19 സീറ്റു നേടിയ പിഎസ്പി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി. അതുകൊണ്ട് കമ്യൂണിസ്റ്റ്പാര്‍ട്ടി ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്നത് 1954ലെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേക്കായിരുന്നു എന്നും ആ ഭരണസംവിധാനത്തിന്റെ തലവന്‍ സഖാവ് പി ടി ഭാസ്‌കരപ്പണിക്കരായിരുന്നു എന്നും നിസ്സംശയം പറയാം. ഡിസ്ട്രിക് ബോര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ വളരെ ചെറിയ എന്തോ ഏര്‍പ്പാടായിരിക്കും എന്ന തോന്നല്‍ ഉണ്ടാകുന്നതുകൊണ്ടാവാം പലപ്പോഴും മലബാര്‍ ഡിസ്ട്രിക്‌ബോര്‍ഡും അതിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പും ഗൗരവമായി പരാമര്‍ശിക്കപ്പെടാതെ പോകുന്നത്.

     യഥാര്‍ത്ഥത്തില്‍ ഇന്നത്തെ കണ്ണൂരും, കാസര്‍ക്കോടും, വയനാടും, കോഴിക്കോടും, മലപ്പുറവും, പാലക്കാടും, തൃശ്ശൂര്‍ ജില്ലയുടെ വലിയൊരു ഭാഗവുമൊക്കെ ഉള്‍പ്പെടുന്നതരത്തില്‍ കേരളത്തിന്റെ പകുതിയോളം ഭൂപ്രദേശത്തെയും അവിടത്തെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനമായിരുന്നു മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ്.

1865ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്സാക്കിയ ടൗണ്‍ ഇംപ്രൂവ്‌മെന്റ് ആക്ടാണ് ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അക്കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു മലബാര്‍ പ്രദേശം. കോഴിക്കോട്, പാലക്കാട്, തലശ്ശേരി, കണ്ണൂര്‍, ബ്രിട്ടീഷ് കൊച്ചിന്‍ എന്നീ അഞ്ചു മുന്‍സിപ്പാലിറ്റികള്‍ അങ്ങനെ നിലവില്‍വന്നു. ആദ്യകാലത്ത് ഇത്തരം സ്ഥാപനങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു മേല്‍ക്കൈ. എങ്കിലും രാഷ്ട്രീയവും ജനകീയവുമായ വിദ്യാഭ്യാസത്തിനുള്ള ഉപാധിയാണ് ഇത്തരം സ്ഥാപനങ്ങള്‍ എന്നു മനസ്സിലാക്കി കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുപാര്‍ട്ടികളുമൊക്കെ പ്രവര്‍ത്തിച്ചുതുടങ്ങി. 1919 ലെ മൊണ്ടേഗു ചെംസ്‌ഫോര്‍ഡ് ഭരണപരിഷ്‌കാരത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും താരതമ്യേന വിപുലമായ പ്രവര്‍ത്തന സ്വാതന്ത്ര്യവും കൈവന്നു. 1920ല്‍ മദ്രാസ് വില്ലേജ് ആക്ട് നിലവില്‍ വന്നു. അതേത്തുടര്‍ന്ന് പഞ്ചായത്ത് ജില്ലാ ബോര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടു. മലബാറില്‍ കുറുമ്പ്രനാട്, ഏറനാട്, വള്ളുവനാട്, വയനാട്, പാലക്കാട്, പൊന്നാനി, ചിറക്കല്‍, എന്നീ താലൂക്കുകളില്‍ താലൂക്ക്‌ബോര്‍ഡുകള്‍ ഉണ്ടായെങ്കിലും പ്രവര്‍ത്തനവൈകല്യം കാരണം ഇവയുടെ ഭരണം പിന്നീട് ഡിസ്ട്രിക്‌ബോര്‍ഡ് ഏറ്റെടുത്തു. വരേണ്യവിഭാഗത്തില്‍പ്പെട്ടവരും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോട് കടുത്ത എതിര്‍പ്പുള്ളവരും ആയിരുന്നു ആദ്യകാലത്ത് ബോര്‍ഡുകളിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വിദ്യാഭ്യാസം, റോഡ് ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരിമിതമായ അധികാരം മാത്രമാണ് ഡിസ്ട്രിക് ബോര്‍ഡുകള്‍ക്ക് ഉണ്ടായിരുന്നത്.

1954 ആഗസ്റ്റില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി.ബി. ശ്രീകൃഷ്ണപുരത്തുനിന്ന് മത്സരിച്ചു വിജയിച്ചു. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഏറെയൊന്നും സ്വാധീനമില്ലാത്ത മേഖലയായിരുന്നു അക്കാലത്ത് ശ്രീകൃഷ്ണപുരം. ആകെയുള്ള 48 സീറ്റുകളില്‍ 36 കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും 12 പാര്‍ട്ടി സ്വതന്ത്രരും മത്സരിച്ചു. 18 പാര്‍ട്ടി അംഗങ്ങളും 6 സ്വതന്ത്രരും ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. അതായത് 48ല്‍ 24 പേര്‍മാത്രം. 15 കോണ്‍ഗ്രസ്സ് പ്രതിനിധികളും, 8 ലീഗ് പ്രതിനിധികളും, 1 പിഎസ്പി പ്രതിനിധിയും വിജയിച്ചു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍, പിഎസ്പി നിഷ്പക്ഷത പാലിച്ചതുകൊണ്ട് കമ്യൂണിസ്റ്റുകാരായ പിടി ഭാസ്‌കരപ്പണിക്കര്‍ പ്രസിഡണ്ടായും കെവി മൂസ്സാന്‍കുട്ടി വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 48ല്‍ 24പേര്‍ പ്രതിപക്ഷത്താകുമ്പോള്‍ സ്വാഭാവികമായും ആ ഭരണം നിലനില്ക്കാനിടയില്ല എന്നാണല്ലോ കരുതുക. എന്നാല്‍ പിടിബിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലനിന്നു. 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ പുതിയ കേരളം പിറക്കുകയും പുതിയ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്യുന്നതുവരെ നിലനിന്നു. നേരിയ ഭൂരിപക്ഷംപോലും ഇല്ലാത്ത പിടിബിയുടെ സര്‍ക്കാര്‍ എങ്ങനെ നിലനിന്നു എന്നത് ജനാധിപത്യത്തിന്റെ നാളെയെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്കു പാഠപുസ്തകമാകേണ്ടതാണ്. പ്രതിപക്ഷത്തെ ശത്രുരാജ്യത്തെപ്പോലെ അകറ്റി നിര്‍ത്താതെ നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ അവരെയും സഹകരിപ്പിച്ചു എന്നതായിരുന്നു പിടിബിയുടെ വിജയത്തിന്നു കാരണം. പ്രതിപക്ഷത്തുള്ള പ്രതിനിധികളെയും ജനങ്ങള്‍ തിരഞ്ഞെടുത്തതാണ് എന്ന ബോധ്യത്തോടെ അവരുമായി സഹകരിച്ചും അവരോടു ചര്‍ച്ച ചെയ്തും സര്‍ക്കാര്‍ ഓരോ ചുവടും മുന്നോട്ടു വച്ചതുകൊണ്ടാണ് ആ സര്‍ക്കാര്‍ കാലാവധി കഴിയുവേളം നിലനിന്നത്.

ഡിസ്ട്രിക് ബോര്‍ഡിലേയ്ക്കു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ മാതൃഭൂമി പത്രം കൈക്കൊണ്ട നിലപാടിനെക്കുറിച്ചും പിടിബിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണം നടത്താന്‍ തുടങ്ങിയപ്പോള്‍ ആ നിലപാടില്‍ വന്ന മാറ്റത്തെക്കുറിച്ചും ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിതന്നെ ഡിസ്ട്രിക് ബോര്‍ഡുകള്‍ അടക്കമുള്ള പ്രാദേശികഭരണസംവിധാനത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നതാണ് നല്ലത് എന്നും അങ്ങനെയായാല്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പ്രാദേശികതലത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും എന്നും അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ്സ് മുന്നണിക്ക് അനുകൂലമായി നിരന്ത്രരം മുഖപ്രസംഗവും തിരഞ്ഞെടുപ്പു പ്രചരണവും നടത്തിക്കൊണ്ടിരുന്ന പത്രത്തിന് പി ടി ഭാസ്‌കരപ്പണിക്കരുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണം ആരംഭിച്ചപ്പോള്‍ ആ സര്‍ക്കാറിനെയും അതിന്റെ അമരക്കാരനെയും പ്രശംസിക്കേണ്ടിവന്നുവെങ്കില്‍ അതിന്റെ കാരണം പി ടി ബിയുടെ രാഷ്ട്രീയ സമീപനത്തിന്റെ പക്വതതന്നെയായിരുന്നു.

കക്ഷിരാഷ്ട്രീയം ഒഴിവാക്കാതെതന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ വിഭാഗീയതകളെയും ഒഴിവാക്കി പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യമുന്നണി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡില്‍ പ്രവര്‍ത്തിച്ചത്. ആരോഗ്യം പൊതുമരാമത്ത് വിദ്യാഭ്യാസം എന്നീ മേഖലകളിലായി മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റികള്‍ ഉണ്ടായിരുന്നു. ഓരോന്നിലും നാല് ബോര്‍ഡ് അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്കിക്കൊണ്ടായിരുന്നു അത്തരം കമ്മറ്റികള്‍ പ്രവര്‍ത്തിച്ചത്. പ്രതിപക്ഷാംഗങ്ങളുടെ പ്രദേശങ്ങളിലും സമഗ്രമായ വികസനത്തിന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു. കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം കിട്ടിയാല്‍ അവര്‍ സെല്‍ഭരണമായിരിക്കും നടത്തുക എന്നും അവര്‍ക്ക് ജനാധിപത്യത്തിന്റെ രീതികള്‍ അറിയില്ല എന്നുമൊക്കെ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും എതിര്‍പക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുംമുമ്പില്‍, ജീവിക്കുന്ന തെളിവായിമാറി പിടിബി മുന്നോട്ടുവെച്ച ജനാധിപത്യ ഭരണമാതൃക. കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം കിട്ടിയാല്‍ എങ്ങനെ വിനിയോഗിക്കണം എന്നതിന്റെ ഉത്തമവും ഉദാത്തവുമായ മാതൃകയായിരുന്നു പിടിബിയുടെ നേതൃത്വത്തിലുള്ള മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് ഭരണം.

യഥാര്‍ത്ഥഭരണാധികാരി ജനങ്ങളാണെന്നും തങ്ങള്‍ അവരുടെ സേവകരാണ് എന്നുമുള്ള ബോധ്യം ഭരണാധികാരികള്‍ക്ക് ഉണ്ടായിരിക്കണം എന്ന കാര്യത്തില്‍ പിടിബിയും കൂട്ടുകാരും മാതൃക കാണിച്ചു. അതുകൊണ്ടുതന്നെയാണ് ആകെയുള്ള ജനപ്രതിനിധികളില്‍ പകുതിപേരും പ്രതിപക്ഷത്തായിരുന്നിട്ടും പിടിബിയുടെ സംഘത്തിനു തടസ്സമില്ലാതെ ഭരണം നടത്താന്‍ സാധിച്ചത്. ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡണ്ടിനെ കാണാന്‍ വരുന്ന സാധാരണക്കാര്‍ക്ക് അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കാന്‍ ഇരിപ്പിടം ഒരുക്കി എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം ഇന്നു നമുക്ക് ഒരുപക്ഷേ മനസ്സിലാവുകയില്ല. പക്ഷേ രാജഭരണത്തിന്റെയും പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളുടെയും മുന്നില്‍ ഓച്ചാനിച്ചുനിന്നു നടുവളഞ്ഞ ഒരു ജനതയെ സംബന്ധിച്ചിടത്തോളം അത് വലിയൊരു മാറ്റംതന്നെയായിരുന്നു, ജനാധിപത്യത്തിന്റെ വെളിച്ചത്തിലേയ്ക്കുള്ള മാറ്റം.

പിടിബിയുടെ ഭരണകാലത്ത് മലബാറില്‍, പ്രത്യേകിച്ചും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ആരംഭിച്ച ഏകാധ്യാപകവിദ്യാലയങ്ങള്‍ വിദ്യാഭ്യാസരംഗത്തെ സാര്‍വത്രികമായ ഇടപെടല്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി. ജനകീയ ഇച്ഛയും ദീര്‍ഘവീക്ഷണവും ഭരണപാടവവും ഉണ്ടെങ്കില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാണ് എന്ന് തെളിയിക്കുന്നതായിരുന്നു മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലെ ഇടതുപക്ഷഭരണം. ഇതുവഴി ഐക്യകേരളത്തിന്റെ വികസനപ്രക്രിയയ്ക്കു കളമൊരുക്കുകയായിരുന്നു പിടിബിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി. നന്നെ ചെറുപ്പത്തില്‍ അധ്യാപകനായി സേവനം ആരംഭിച്ച പിടിബി അധ്യാപകര്‍ക്ക് എക്കാലവും പിന്തുടരാവുന്ന മാതൃകയായിമാറി. എവിടെയും സഹാനുഭൂതിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും കരുതലായിരുന്നു പിടിബി.

മലബാര്‍ ഡിസ്ട്രിക്‌ബോര്‍ഡ് കൂടുതല്‍ അധികാരവും കൂടുതല്‍ പണവും കൂടുതല്‍ ജനാധിപത്യവും ഉള്ള ഒരു ഭരണകൂടം ആക്കിത്തീര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം 1954ല്‍ പ്രസിദ്ധീകരിച്ചു. വൈദ്യസഹായം പൊതുജനാരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഡിസ്ട്രിക് ഡിസ്ട്രിക് ബോര്‍ഡ് എന്തു ചെയ്തു എന്നു വിശദീകരിക്കുന്ന രേഖകളും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരിക്കുകയുണ്ടായി.

ജനാധിപത്യവ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്നതിനു പിടിബിയും കൂട്ടരും സൃഷ്ടിച്ച ഉദാത്തമാതൃക നമ്മുടെ എക്കാലത്തെയും ഭരണാധികാരികള്‍ സൂക്ഷ്മമായി അധ്യയനം ചെയ്യേണ്ട പാഠപുസ്തകമാണ് എന്ന് ഈ കൃതിയുടെ അവതാരികയില്‍ കെ കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരോട് ഒപ്പമായിരിക്കണം എല്ലായ്‌പ്പോഴും ഭരണാധികാരികള്‍ എന്ന കാര്യത്തില്‍ പിടിബിക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്ന തീര്‍ച്ച പരിപൂര്‍ണമായിരുന്നു എന്നും, പ്രതിപക്ഷാംഗങ്ങളോടുള്ള ഭരണകക്ഷിസമീപനത്തിന്റെ ഉത്തമജനാധിപത്യമാതൃകയായിരുന്നു ആ ഭരണകാലം എന്നും കൃഷ്ണകുമാര്‍ നിരീക്ഷിക്കുമ്പോള്‍ പില്‍ക്കാലത്ത് എങ്ങനെയോ നഷ്ടപ്പെട്ടുപോയ പലതിനെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാകുന്നുണ്ട് കൃഷ്ണകുമാറിന്റെ കുറിപ്പ്.

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വിദ്യാഭ്യാസ ബില്ല് തയാറാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, നിരവധി സര്‍വവിജ്ഞാനകോശങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവര്‍ത്തനം, ശാസ്ത്രസാഹിത്യരചനയുടെ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം, ശാസ്ത്രസാഹിത്യപരിഷത്തും അധ്യാപകസംഘടനകളും അടക്കമുള്ള നിരവധി സംഘനടകള്‍ കെട്ടിപ്പടുക്കുന്നതില്‍ ഏര്‍പ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍, അധ്യാപകരംഗത്തും വിദ്യാഭ്യാസമേഖലയിലും പഠനമേഖലയിലും ഇടപെട്ടു നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പി ടി ഭാസ്‌കരപ്പണിക്കര്‍ കൈവെക്കാത്ത മേഖല സാമൂഹ്യജീവിതത്തില്‍നിന്നു കണ്ടെടുക്കുക പ്രയാസമായിരിക്കും എന്ന് ഡോ: കാവുമ്പായി ബാലകൃഷ്ണന്‍ തെളിവുസഹിതം കാണിച്ചുതരുന്നുണ്ട് ഈ ജീവചരിത്ര ഗ്രന്ഥത്തില്‍. സാര്‍ത്ഥകവും നിസ്വാര്‍ത്ഥവുമായ ഒരു ജീവിതത്തെ വിസ്മൃതിയില്‍ താഴ്ന്നുപോകാതെ അടയാളപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ ഡോ: കാവുമ്പായി ബാലകൃഷ്ണന്‍ ചെയ്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ അദ്ദേഹം സ്വന്തം ജീവിതത്തെക്കൂടി കൂടുതല്‍ സാര്‍ത്ഥകമാക്കിയിരിക്കുന്നു എന്നു പറയാം.

     ഈ പുസ്തകം ഓരോ മലയാളിയും നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. സ്വന്തം പാരമ്പര്യത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും തിരിച്ചറിയാനും ആ വായന തീര്‍ച്ചയായും സഹായിക്കും. അതിലുപരി, എതിരഭിപ്രായങ്ങളെക്കൂടി ചേര്‍ത്തു പിടിക്കുകയും അവയ്ക്കുകൂടി ഇടംകിട്ടുകയും ചെയ്യുന്ന നാളെയുടെ ജനാധിപത്യത്തെക്കുറിച്ചു സ്വപ്നംകാണാന്‍ പിടി ഭാസ്‌കരപ്പണിക്കര്‍ തീര്‍ച്ചയായും പ്രചോദനമാകും.

Leave a Reply

Your email address will not be published. Required fields are marked *