പി.ടി. ബി. എന്ന പാഠപുസ്തകം സി.പി. ഹരീന്ദ്രൻ
ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസീദ്ധീകരിച്ച പി.ടി.ഭാസ്കരപ്പണിക്കർ മാനവികത ജനാധിപത്യം ശാസ്ത്ര ബോധം എന്ന ജീവചരിത്ര ഗ്രന്ഥം നൽകിയ വായനാനുഭവം സി.പി ഹരീന്ദ്രൻ മാഷും എം.എം സചീന്ദ്രൻ മാഷും രണ്ടു ലക്കങ്ങളിലായി എഴുതുന്നു.
പി.ടി. ബി. എന്ന പാഠപുസ്തകം – സി.പി. ഹരീന്ദ്രൻ
ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പി.ടി.ഭാസ്കരപ്പണിക്കർ മാനവികത | ജനാധിപത്യം| ശാസ്ത്ര ബോധം എന്ന ജീവചരിത്ര ഗ്രന്ഥം ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്. സാധാരണ ജീവചരിത്ര ഗ്രന്ഥങ്ങൾക്ക് ലഭിക്കാത്ത ഒരു സവിശേഷതയാണിത്. വസ്തുസ്ഥിതി കഥനവും വൃഥാസ്ഥൂലമായ വിവരണങ്ങളും കൊണ്ട് വൈകാരികതയുടെ സ്പർശമില്ലാതെ വരണ്ടുണങ്ങിപ്പോകുന്നവയാണ് മിക്കവാറും ജീവചരിത്രകൃതികൾ. ഇതിനൊരപവാദം പ്രൊഫ.എം.കെ.സാനുവിന്റെ ജീവചരിത്ര രചനകളാണ്. സ്മര്യ പുരുഷരുടെ ജീവിതവും രചനയും ഇഴപിരിച്ച് രചിക്കപ്പെട്ടവയാണ് അവ. മലയാളത്തിൽ ഏറെയൊന്നും സമ്പന്നമല്ലാത്ത സാഹിത്യജീവചരിത്രം (Literary Biography) എന്ന വിഭാഗത്തിലാണ് അവ ഉൾപ്പെടുക. സർഗധനരായ എഴുത്തുകാരുടെ ജീവിതവും രചനയും എങ്ങനെ പരസ്പര പൂരകമാകുന്നു എന്നന്വേഷിക്കുന്ന ഇത്തരം കൃതികൾ അനുവാചകർക്ക് ഏറെ പാരായണസുഖം നൽകുന്നവയാണ്.
ജീവിതം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്കും ശാസ്ത്രപ്രചാരണത്തിനും നീക്കിവെച്ച പി.ടി.ഭാസ്കരപ്പണിക്കരുടെ ജീവിതകഥ കേവലമായ ചരിത്രവസ്തുതകൾ മാത്രം പറഞ്ഞ് വിരസമാക്കാതെ നവോത്ഥാനാന്തര കേരളം എങ്ങനെ പി.ടി.ബി.യെ സൃഷ്ടിച്ചു എന്നും പി.ടി.ബി. എങ്ങനെ തന്റെ കാലത്തെ സ്വാധീനിച്ചു എന്നും സയുക്തികമായ ഭാഷയിൽ അവതരിപ്പിക്കുവാൻ ഗ്രന്ഥകർത്താവിന് സാധിച്ചിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത.
പി.ടി. ബി.യുടെ മകൻ യു. സുരേഷ് രചിച്ച ‘സ്നേഹാദരങ്ങളോടെ സ്വന്തം’’ എന്ന ഓർമകളുടെ ചേതോഹരമായ ആഖ്യാനമാണ് തന്റെരചനയുടെ പ്രധാന സ്രോതസ് എന്ന് ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നുണ്ട്. പി.ടി.ബി.യുടെ സാഹസികമായ ജീവിതത്തെ വായനക്കാരന്റെ അനുഭൂതിതലങ്ങളിലേക്കെത്തിക്കാൻ മകന്റെ വികാര സാന്ദ്രമായ ഓർമക്കുറിപ്പ് പ്രധാന ഉപാദാനമാക്കിയതുവഴി ഗ്രന്ഥകർത്താവ് വിജയിച്ചിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജ്വലിച്ചു തുടങ്ങിയ കേരള നവോത്ഥാനത്തിന്റെ ദീപശിഖ മുന്നോട്ടേക്ക് ആനയിച്ച മഹാരഥന്മാരുടെ ഒന്നാം തലമുറയിൽ പെട്ടവർ പി.കൃഷ്ണപിള്ളയും .ഇഎം.എസും എ.കെ.ജിയും കെ.കേളപ്പനും വി.ടി. ഭട്ടതിരിപ്പാടും മറ്റും മറ്റുമായിരുന്നെങ്കിൽ അതിന്റെ പിന്നാലെ രണഭേരി മുഴക്കി വന്നവരുടെ പടയണിയെ നയിച്ചവരായിരുന്നു പി.ടി.ബി. തായാട്ട് ശങ്കരൻ എം.എൻ .വിജയൻ, കെ. ദാമോദരൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള,എം.സ്. ദേവദാസ് ,പി.ഗോവിന്ദപിള്ള തുടങ്ങിയവർ.സാഹിത്യത്തിന്റേയുംകലയുടേയും,പത്രപ്രവർത്തനത്തിന്റേയും രംഗത്ത് വ്യാപരിച്ച – തകഴി, ചങ്ങമ്പുഴ. ബഷീർ, എൻ.വി.കൃഷ്ണവാര്യർ, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്, ചെറുകാട് തുടങ്ങി എം.ടി. വരെയുള്ള വലിയൊരു സംഘം ഈ തലമുറയിൽ പെട്ടവരാണ്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്ന് ദശകങ്ങളിൽ ജനിച്ച് സ്വാതന്ത്ര്യപൂർവ്വ കാലത്ത് ബാല്യ കൗമാരങ്ങൾ പിന്നിട്ടവരായിരുന്നു ഇവർ. നവോത്ഥാനത്തിന്റെ പതാകവാഹകരായി രാഷ്ട്രീയത്തേയും സാഹിത്യത്തേയും പൊതുജീവിതത്തേയും ഒരുമിച്ച് ചേർത്ത ഈ തലമുറയുടെ അഗ്രഗാമിയായിരുന്നു പി.ടി. ഭാസ്കരപ്പണിക്കർ.രാഷ്ട്രീയ പ്രവർത്തനത്തെ സർഗാത്മക ജീവിതവ്യാപാരമായിക്കണ്ട തലമുറ.ജയിൽവാസവും പോലീസ്മർദ്ദനവും ഒളിവ് ജീവിതവും സാഹിത്യരചനയും പരസ്പരപൂരകമായി കണ്ടവർ.പി.ഭാസ്കരനൊക്കെ ഇതിന്റെ ഭാസുരമായ മാതൃകയാണ്.
ആധുനിക കേരളീയ സമൂഹത്തിന്റെയും സംസ്കാരത്തിന്റേയും അടിപ്പടവുകൾ ഇവരുടെ കർമകുശലതയിലാണ് രൂപം കൊണ്ടത്..അവരുടെ ജീവിതകഥ വായിക്കാതെയും പഠിക്കാതെയും നവകേരളത്തിന്റെ പ്രവേശന കവാടത്തിലെത്താൻ നമുക്ക് കഴിയില്ല.
യുക്തിവാദി പ്രസ്ഥാനം, പുരോഗമന സാഹിത്യ പ്രസ്ഥാനം, കേരള ഗ്രന്ഥശാലാ സംഘം , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള സാഹിത്യ സമിതി എന്നിങ്ങനെ നവോത്ഥാന മൂല്യങ്ങളും ആശയധാരകളും കൊണ്ട് ഈട്ടം കൂടിയ പ്രസ്ഥാനങ്ങളുടെ ആദ്യപഥികരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഗവേഷണ പഠനങ്ങൾ ഇനിയുമേറെ നടക്കേണ്ടതുണ്ട് . ഈ പശ്ചാത്തലത്തിലാണ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച പി.ടി. ഭാസ്കരപ്പണിക്കർ മാനവികത| ജനാധിപത്യം |ശാസ്ത്രബോധം എന്ന ജീവചരിത്രകൃതി ശ്രദ്ധേയമാകുന്നത്.
264പേജുകളുള്ള ഈ കൃതിയിൽ ആദ്യത്തെ 124 പുറങ്ങളിൽ പി.ടി.ബി യുടെ ജീവിത കഥയും 110 പേജുകളിൽ അദ്ദേഹത്തിന്റെ രചനകളും അദ്ദേഹവുമായി ബന്ധപ്പെട്ട നിബന്ധങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. ജീവിതപ്പാത എന്ന 32 പുറങ്ങളുള്ള ആദ്യത്തെ അധ്യായത്തിൽ പുത്തർ മഠത്തിൽ തമ്മേ ഭാസ്കരപ്പണിക്കർ എന്ന പി.ടി.ബി.യുടെ ജീവിതകഥസംഗ്രഹിച്ചിരിക്കുന്നു. ഈ തലമുറയുടെ ഒരു സവിശേഷത അവരുടെ സാമൂഹ്യ രാഷ്ട്രീയ വ്യക്തി കുടുംബജീവിതങ്ങൾ അഭിന്നമായിരുന്നു എന്നതാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായ പ്രതിബദ്ധതയുള്ള അധ്യാപകനായ പ്രഭാഷകനായ സംഘാടകനായ കമ്യൂണിസ്റ്റ് പോരാളിയായ ഭരണാധികാരിയായ പണ്ഡിതനായ പി.ടി.ബി.യെ ഈ കൃതിയിൽ കാണാം. കുടുംബസ്ഥനായ ഭർത്താവായ മക്കളെ ലാളിക്കുന്ന പിതാവായ പി.ടി.ബി.യെ കാണാൻ കഴിയില്ല. കാണാൻ ശ്രമിച്ചാലും ഗ്രന്ഥകർത്താവിന് അങ്ങനെയൊരാളെ കണ്ടെത്താൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ ജീവചരിത്രകൃതിയിലെ ഏറ്റവും ശക്തവും സമഗ്രവുമായ ഭാഗം ജനകീയ ഭരണത്തിന്റെ മികവുറ്റ മാതൃക എന്ന രണ്ടാമധ്യായമാണ്. ഐക്യ കേരളം രൂപപ്പെടുന്നതിന് മുൻപ് 1954 ൽ നടന്ന മലബാർ ജില്ലാ ബോർഡ് (ഏറെക്കുറെ ഇന്നത്തെ പാലക്കാട് ജില്ല മുതൽ കർണാടക സംസ്ഥാനത്തിന്റെ ഭാഗമായ സൗത്ത് കാനറ വരെയുള്ള പ്രദേശം) തെരഞ്ഞെടുപ്പിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയാണ് വിജയിച്ചത്.ആ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ഭാസ്കരപ്പണിക്കരോട് ആവശ്യപ്പെട്ടു. ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽ “അധ്യാപനവും രാഷ്ട്രീയ പ്രവർത്തനവും ഒളിവുജീവിതവും അറസ്റ്റും കൊടിയ മർദ്ദനവും ജയിൽവാസവുമൊക്കെ കഴിഞ്ഞ്, പരിപക്വസ്വത്വനായി, തനിക്കേറ്റം പ്രിയപ്പെട്ട അധ്യാപക വൃത്തിയുമായി ഭാസ്കരപ്പണിക്കർ കഴിയുന്ന കാലമായിരുന്നു അത്”.
പാർട്ടി നിർദ്ദേശം ശിരസാ വഹിച്ച് ശ്രീകൃഷ്ണപുരം സ്കൂളിലെ അധ്യാപക ജോലിവിട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചപ്പോൾ ബോർഡ് പ്രസിഡണ്ടാകാനുള്ള നിയോഗവും പി.ടി.ബി.യിലാണ് അർപ്പിക്കപ്പെട്ടത്. ഡിസ്ട്രിക്ട് ബോർഡിന്റെ ചരിത്രം, തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് പി.ടി.ബി.യുടെ നേതൃത്വത്തിൽ ഭരണം നിർവ്വഹിച്ച ബോർഡിന്റെ പ്രവർത്തനങ്ങൾ, അതിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച ഈ അധ്യായം ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർക്കും വാർഡ് തലം മുതൽ പാർല്ലിമെന്റ് വരെയുള്ള ജനപ്രതിനിധികൾക്കും ഭരണാധികാരികൾക്കും ഒരു കൈപ്പുസ്തകമാണ്.
കേരളത്തിന്റെ വിശേഷിച്ച് മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പി.ടി.ബി.യുടെ നേതൃത്വത്തിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ പങ്കാളിത്തത്തെക്കുറിച്ച് വിദ്യാഭ്യാസചരിത്രകാരന്മാർ സൂചിപ്പിക്കാറുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ അജ്ഞാതമായിരുന്നു.ആ പോരായ്മയാണ് 28 പുറങ്ങൾ മാത്രമുള്ള ഒരൊറ്റ അധ്യായത്തിലെ പ്രതിപാദ്യത്തിലൂടെ ശ്രീ കാവുമ്പായി പരിഹരിച്ചത്. മലബാറിലെ ഉൾനാടുകളിൽ പോലും ഇന്ന് തലയുയർത്തി നിൽക്കുന്ന ഡസൻ കണക്കിന് സെക്കന്ററി വിദ്യാലയങ്ങളിൽ മഹാഭൂരിപക്ഷവും ആ ജില്ലാ ബോർഡിന്റേയും അതിന്റെ അധ്യക്ഷന്റേയും ദൂരക്കാഴ്ചയുടേയും കഠിനാദ്ധ്വാനത്തിന്റേയും ഫലമാണ് എന്ന് വായനക്കാർ തെല്ലൊരത്ഭുതത്തോടെ തിരിച്ചറിയും. അതിന് വേണ്ടി പിടിബിയും സഹപ്രവർത്തകരും ഒഴുക്കിയ വിയർപ്പും നടന്നു തീർത്ത ദൂരവും അളവറ്റത് തന്നെ. ഇന്ന് ഗ്രാമപഞ്ചായത്തുകൾക്ക് പോലും സൗകര്യപ്രദമായ വാഹനങ്ങൾ ഉണ്ടെന്നകാര്യവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് പൊതുവാഹനങ്ങളിൽ സഞ്ചരിച്ചും കാൽ നടയായി ചെന്നും എത്തിയ സ്ഥലത്ത് ഉടുമുണ്ട് പുതച്ച് ഉറങ്ങിയും ഇവർ ചരിത്രം സൃഷ്ടിച്ചത് ആരെയും അത്ഭുതപ്പെടുത്തുക. ഈ വസ്തുതകളെല്ലാം ജീവചരിത്രത്തിനനുയോജ്യമായി വസ്തുതകളുടെ പിൻബലത്തോടെ വൈകാരിക സ്പർശമുള്ള ഭാഷയിൽ വായനക്കാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് ഈ കൃതിയെ അനന്യമാക്കുന്നത്. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ ആരംഭിച്ച സംസ്കൃത സ്കൂളിനെ കോളെജാക്കി ഉയർത്തിയ പട്ടാമ്പി സംസ്കൃത കോളെജ് സാമ്പത്തിക ഞെരുക്കത്തിൽ പൂട്ടിപ്പോകുമെന്നഘട്ടത്തിൽ നിയമത്തിന്റെ പിൻബലം വേണ്ടത്ര ഇല്ലാതിരുന്നിട്ടും അത് ഏറ്റെടുത്ത് സംരക്ഷിച്ച പി.ടി.ബി.യുടെ ധീരമായ നിലപാട് ജനാധിപത്യ ഭരണക്രമത്തിൽ ഭരണാധികാരം കയ്യാളുന്നവർക്ക് പാഠമായിത്തീരേണ്ടതാണ്.
വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ ദൂരവ്യാപകമാറ്റങ്ങളുണ്ടാക്കിയ കേരള വിദ്യാഭ്യാസ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതിലും അവനടപ്പാക്കുന്നതിലും പി.ടി.ബി. വഹിച്ച പങ്ക് ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നുണ്ട്.
പി.എസ്.സി. മെമ്പർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയരക്ടർ,വിശ്വവിജ്ഞാന കോശംചീഫ്എഡിറ്റർ, കേരള ഗ്രന്ഥശാലാസംഘം പ്രസിഡണ്ട് തുടങ്ങി കേരളത്തിൽ സാമൂഹ്യമാറ്റത്തിനും വിജ്ഞാന വ്യാപനത്തിനും നേതൃത്വം കൊടുത്ത വിവിധ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നു പി.ടി.ബി. ഗ്രന്ഥശാലാ പ്രസിഡണ്ടായിരുന്ന കാലത്താണ് എഴുത്ത് പഠിച്ച് കരുത്ത് നേടുക എന്ന മുഖവാചകത്തോടെ സാക്ഷരതാ പ്രസ്ഥാനം ആരംഭിക്കുന്നത്.
അവസാനത്തെ മൂന്നദ്ധ്യായങ്ങളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയെ ബീജാവാപം ചെയ്യാനും വളർത്തി എടുക്കാനും പി.ടി.ബി. ചെയ്ത സേവനങ്ങൾ വിശദീകരിച്ചിരിക്കുന്നു.
പി.ടി.ബി.യുടെ അധ്യക്ഷതയിൽ ഒറ്റപ്പാലത്ത് നടന്ന ശാസ്ത്രസാഹിത്യ കാരന്മാരുടേയുംടേയും അനുഭാവികളുടേയും ചർച്ചാ യോഗത്തിലാണ് ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടന രൂപം കൊള്ളുന്നത്. ശാസ്ത്രസാഹിത്യം എന്ന വാക്ക് രൂപപ്പെടുന്നതും ഈ യോഗത്തിൽ വെച്ചാണെന്ന് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രമേണ പ്രവർത്തനം നിലച്ചു പോയ ശാസ്ത്രസാഹിത്യ സമിതിയുടെ സ്ഥാനത്ത് കുറേക്കൂടി കെട്ടുറപ്പുള്ള ഊർജ്ജസ്വലമായ ഒരു പ്രസ്ഥാനം എന്ന നിലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊള്ളുന്ന 1962 ൽ പി.എസ്. സി. അംഗം ആയിരുന്നതിനാൽ പി.ടി. ബി. പൊതുമണ്ഡലത്തിൽ സജീവമായിരുന്നില്ല. 1965 ൽ പി.എസ്. സി യിൽ നിന്ന് വിരമിച്ചതോടെ അദ്ദേഹം പരിഷത്തിന്റെ സാരഥ്യം ഏറ്റെടുത്തു. പരിഷത്തിന് ജനകീയമുഖം നൽകാനും ശാസ്ത്ര ക്ലാസുകൾ, ശാസ്ത്ര ജാഥകൾ തുടങ്ങിയ ബഹുജന കാമ്പയിനുകൾ ഏറ്റെടുക്കാനും പരിഷത്തിനെ പ്രാപ്തമാക്കിയത് പി.ടി. ബി.യുടെ സംഘാടന വൈഭവമായിരുന്നുവെന്ന് ഉദാഹരണസഹിതം ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകൾ ആരംഭിക്കുന്നത് പി.ടി.ബി.യുടെ മുൻകയ്യിലാണ്.
പുസ്തക പ്രസിദ്ധീകരണത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കാൻ സംഘടനക്ക് ആത്മധൈര്യം നൽകിയതും അദ്ദേഹം തന്നെ. പിൽക്കാലത്ത് പരിഷത്തിന്റെ മുൻനിര പ്രവർത്തകരും ശ്രദ്ധേയരായ ശാസ്ത്ര സാഹിത്യകാരന്മാരും ബാലസാഹിത്യകാരന്മാരുമായിത്തീർന്ന ഒട്ടനവധി പ്രവർത്തകരെ അവരുടെ ജോലി സ്ഥലത്തും വീട്ടിലും ചെന്ന് കണ്ടും പി.ടി.ബിയൻ ശൈലിയിൽ നിരന്തരം കാർഡുകളെഴുതിയും പരിഷത്ത് പ്രവർത്തനത്തിന്.പ്രേരിപ്പിച്ചത് പലരും സ്വാനുഭവത്തിൽ നിന്ന് വിവരിച്ച് കേട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിട്ടുണ്ട്. അതിൽ മികച്ച ഉദാഹരണം പ്രൊഫ..എസ്.ശിവദാസ് ആണ്. സ്വതേ ഉൾവലിയിൽ പ്രകൃതക്കാരനും മടിയനുമായ തന്നെ എങ്ങനെയാണ് പി.ടി.ബി. പ്രചോദിപ്പിച്ച് പരിഷത്ത് പ്രവർത്തനത്തിലേക്ക് കൊണ്ടു വന്നതെന്ന് മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യകാരന്മാരിൽ ഒരാളായ പ്രൊഫ.ശിവദാസിന്റെ വാക്കുകൾഉദ്ധരിച്ചു കൊണ്ട് കാവുമ്പായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗിക ചുമതലകൾക്കപ്പുറത്ത് പി.ടി.ബി. തുടങ്ങിവെച്ചതും നേതൃത്വം കൊടുത്തതുമായ ഒന്നര ഡസൻ സംഘടനകളുടെ പട്ടിക ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയത് ആരേയും അത്ഭുതപ്പെടുത്തും.’ ഈ സംഘടനകളിലൊന്നും ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽ പി.ടി.ബി.” വെറുമൊരു അംഗമോ പങ്കാളിയോ മാത്രമായിരുന്നില്ല. എല്ലാ തലങ്ങളിലും ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പ്രചോദന കേന്ദ്രമായിരുന്നു അദ്ദേഹം. സംഘടനയുടെ നിയമാവലി എഴുതി തയ്യാറാക്കുന്നതും പ്രവർത്തന പരിപാടികൾ രൂപപ്പെടുത്തുന്നതും മിക്കവാറും അദ്ദേഹം തന്നെയായിരുന്നു””.
രണ്ടാം ഭാഗമായി ചേർത്ത നൂറ് പേജിലധികം വരുന്ന അനുബന്ധം ഈ ജീവചരിത്ര കൃതിക്ക് കൂടുതൽ ഗൗരവം നൽകുന്നുണ്ട്. ലളിതവും ആകർഷകവുമായ പി.ടി.ബി.യുടെ ഓർമക്കുറിപ്പുകൾ . ലേഖനങ്ങൾ പ്രസംഗങ്ങൾ എന്നിവ ഈ ഭാഗത്തുണ്ട്. പലതും ഗ്രന്ഥകർത്താവ് തേടികണ്ടെത്തി ഉൾപ്പെടുത്തിയവയാണ്. അത് കൊണ്ട് തന്നെ അതിന്റെ സംശോധകമൂല്യം വർദ്ധിക്കുന്നു. ഏകാധ്യാപക വിദ്യാലയങ്ങളുടെ കഥ, ശാസ്ത്ര സാഹിത്യപരിഷത്തും പ്രത്യയ ശാസ്ത്രവും തുടങ്ങിയവ ഇക്കൂട്ടത്തിൽ ആവർത്തിച്ചുള്ള വായന ആവശ്യമായവയാണ്. പി.ടി.ബി യെക്കുറിച്ച് കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന വിധത്തിൽ അദ്ദേഹത്തിന്റെ 95 കൃതികളുടെ ഒരു പട്ടികയും. നൽകിയിട്ടുണ്ട്.
പി.ടി. ബി.യെ അടുത്തറിയുകയും ലാളനയും ശകാരവുമേറ്റു വാങ്ങികൂടെ പ്രവർത്തിക്കുകയും ചെയ്ത കെ.കെ.കൃഷ്ണകുമാർ എഴുതിയ പ്രൗഢവും കൃതിയുടെ ആത്മവത്ത ഉൾക്കൊണ്ടതുമായ അവതാരിക ഈ ജീവചരിത രചനയെ കൂടുതൽ സുശോഭിതമാക്കുന്നു.ലഭ്യമായ എല്ലാ സാമഗ്രികളും ശേഖരിച്ചാണ് ഗ്രന്ഥകർത്താവ് ഈ കൃതിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ത്യാജ്യഗ്രാഹ്യബുദ്ധിയോടെ ആത്യവശ്യമായവ മാത്രം ഉൾക്കൊള്ളിച്ച രചനാശൈലി പാരായണക്ഷമത വർദ്ധിപ്പിക്കുന്നുണ്ട്.
മലയാളത്തിലെ ഏറെയൊന്നും സമ്പന്നമല്ലാത്ത ജീവചരിത്രശാഖയെ പരിപോഷിപ്പിക്കുവാനും പോയ തലമുറയിലെ ജ്വലിക്കുന്ന മാതൃകയായ വരും തലമുറകൾക്ക് കനപ്പെട്ട പാഠപുസ്തകമായ ഒരു മഹാപ്രതിഭയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഈ കൃതിക്ക് സാധിക്കുമെന്ന് ഉറപ്പിക്കാം.