പുസ്തകങ്ങളും പി പി സി ഉത്പന്നങ്ങളും കോർത്തിണക്കി പുസ്തകനിധി 2025

കോഴിക്കോട് ജില്ല പരിഷത്ത് പുസ്തകങ്ങളും പി പി സി ഉത്പന്നങ്ങളും പ്രചരിപ്പിക്കാൻ രൂപം നൽകിയ പ്രവർത്തന പരിപാടി
കോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി പരിഷത്ത് പുസ്തകങ്ങളുടെയും പി പി സി ഉത്പന്നങ്ങളുടെ പ്രചാരണം ലക്ഷ്യമാക്കി പുസ്തക നിധിക്ക് 2025 ന് ഒക്ടോബർ 10 മുതൽ തുടക്കമാവുന്നു. ജില്ലയിലെ പതിനാല് മേഖലകളിൽ നിന്നായി പരിഷത്ത് അംഗങ്ങളെയും സുഹൃത്തുക്കളെയും പദ്ധതിയിൽ അംഗങ്ങളാക്കിയാണ് പുസ്തക നിധി 2025 ന് തുടക്കമാവുന്നത്. മാസം 250 രൂപ വീതം എട്ട്മാസ തവണകളായി 2000 രൂപ നൽകിയാണ് പദ്ധതിയിൽ ചേരേണ്ടത്. ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് അടച്ച തുകയേക്കാൾ 2000 രൂപ അധികം വില വരുന്ന പരിഷത്ത് പുസ്തകങ്ങൾ സമ്മാനമായി നൽകും. നറുക്ക് കിട്ടിയവർ പിന്നീട് തുക അടക്കേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ എട്ട് മാസവും നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനമായി 5 പേർക്ക് 400 രൂപ വിലയുള്ള ചൂടാറാപ്പെട്ടിയും 5 പേർക്ക് 250 രൂപ വിലയുള്ള പി പി സി ഉത്പനങ്ങളും നൽകുന്നുണ്ട്. ഏഴാം മാസത്തിൽ ഒരാൾക്ക് 2200 രൂപയുടെ ബയോബിന്നും എട്ടാം മാസം ഒരാൾക്ക് 5000 രൂപ വിലയുള്ള ബുക് ഷെൽഫും പ്രോത്സാഹനമായി നൽകുന്നുണ്ട്. പ്രോത്സാഹന സമ്മാനം ലഭിക്കുന്നവർ തുടർന്നും പണമടക്കണം. എട്ട് മാസവും പദ്ധതിയിൽ പണമടച്ച് നറുക്ക് ലഭിക്കാത്തവർക്ക് അവസാന മാസത്തെ നറുക്കെടുപ്പിന് ശേഷം 2200 രൂപയുടെ പരിഷത്ത് പുസ്തകങ്ങളാണ് നൽകുക. പദ്ധതിയിൽ ചേർന്ന് തവണ അടവ് പൂർത്തിയാക്കാത്തവർക്ക് പദ്ധതി അവസാനിക്കുമ്പോൾ അവർ അടച്ച തുകക്കുള്ള പുസ്തകവും നൽകും.കൂടാതെ ഓരോ മേഖലയും ചേർക്കുന്ന അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഓരോ മേഖലക്കും പ്രത്യേകം കമ്മീഷനും നൽകുന്നുണ്ട്. ഇത് മേഖലകൾക്ക് ജില്ലയുമായുള്ള കുടിശ്ശിക തീർക്കാൻ ഉപയോഗിക്കാമെന്ന പ്രത്യേകതയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2025 ഒക്ടോബർ മാസം തുടങ്ങി 2026 മെയ് മാസം അവസാനിക്കുന്ന തരത്തിൽ രൂപകല്പന ചെയ്ത പുസ്തക നിധി അവസാനിക്കുമ്പോൾ ജില്ലയിൽ 18 ലക്ഷം രൂപയുടെ പരിഷത്ത് പുസ്തങ്ങൾ പ്രചരിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ല. വരാനിരിക്കുന്ന കലാജാഥ അടക്കമുളള ജില്ലയിലെ പരിപാടികളുടെ സാമ്പത്തിക സമാഹരണവും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. മുൻ വർഷം നടത്തിയ പുസ്തക നിധിയുടെ ആവേശം ഉൾകൊണ്ട് വിപുലമായ ഒരു പ്രവർത്തന പരിപാടിയാണ് കോഴിക്കോട് ജില്ല ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 ഒക്ടോബർ 10 വൈകിട്ട് 4 മണിക്ക് കോഴിക്കോട് പരിഷത്ത് ഭവനിൽ നടന്ന പുസ്തനിധിയുടെ ആദ്യ നറുക്കെടുപ്പ് നിർവ്വാഹക സമിതി അംഗം പി കെ ശതീശ് നിർവഹിച്ചു. നറുക്കെടുപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറി പി ബിജു, വൈസ് പ്രസിഡണ്ട് ഇ ടി സുജാത, ജില്ലാ ട്രഷറർ സി സത്യനാഥൻ, ഹരീഷ് ഹർഷ, കെ ഗണേശൻ എന്നിവർ നേതൃത്വം നൽകി.