വാക്സിനേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍
ചോദ്യം: നിങ്ങള്‍ കുത്തിവയ്പ് എടുത്ത് സുരക്ഷിതരായിക്കൊള്ളൂ. ഞങ്ങളെ ഞങ്ങളുടെ വിശ്വാസത്തിന് വിട്ടേര്. ഇതിലെന്താ തെറ്റ്?
ഉത്തരം: 100 വീടുകളുള്ള ഒരു കോളനി. 5 വീട്ടുകാർ ഓരോരുത്തരെ രാത്രി കാവലിന് നിർത്തുന്നു. ആ വീടുകളിൽ കള്ളൻ കയറാൻ സാദ്ധ്യതയില്ല. കാവൽക്കാരൻ ഉറങ്ങിപ്പോയാൽ കയറിയേക്കാം. മറ്റു വീടുകൾക്ക് കാര്യമായ സുരക്ഷിതത്വമില്ല. എന്നാൽ 75 വീട്ടുകാരും കാവൽക്കാരെ വച്ചാലോ? കാവൽക്കാരെ വെക്കാത്ത വീടുകളും കാവൽക്കാരൻ ഉറങ്ങിപ്പോയ വീടുകളുമടക്കം എല്ലാ വീടുകളും സുരക്ഷിതമാകുന്നു. കുത്തിവയ്പുകളും ഇതുപോലെ തന്നെ. ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേരും പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയാണെങ്കിൽ ചെറിയ ശതമാനം കുത്തിവയ്പ് എടുക്കാത്തവരും കുത്തിവയ്പ് ഫലപ്രദമാകാത്ത അപൂർവം പേരും ഉൾപ്പെടെ എല്ലാവരും സംരക്ഷിക്കപ്പെടുന്നു. ഇതിനെ Herd Immunity എന്ന് പറയുന്നു. ഇത് ലഭിക്കണമെങ്കിൽ ഭൂരിപക്ഷം പേരും കുത്തിവയ്പ് എടുക്കണം. പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിലും നിങ്ങളുടെ കുഞ്ഞിന് ഇപ്പോൾ പോളിയോ വരാതിരിക്കുന്നത് മറ്റു കുട്ടികൾ തുള്ളിമരുന്നു സ്വീകരിച്ചത് കൊണ്ടാണെന്നർഥം.
ചോദ്യം: കുത്തിവയ്പുകൾ എടുത്താൽ കുഞ്ഞിനു പനിയും മറ്റസുഖങ്ങളും വരില്ലേ?
ഉത്തരം: ശരിയാണ്. ചെറിയ പനി, വേദന, കരച്ചിൽ എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ കുത്തിവയ്പ് മൂലം നാം തടയുന്ന അസുഖങ്ങൾ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ നിസ്സാരം. മാത്രവുമല്ല പാരസിറ്റമോള്‍ (paracetamol) എന്ന മരുന്ന് ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ തടയാനും കഴിയും.
ചോദ്യം: വാക്സിൻ വ്യാപാരത്തിലൂടെ ബഹുരാഷ്ട്ര കുത്തകകൾ ലാഭം കൊയ്യുകയല്ലേ?
ഉത്തരം: ഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്ന കുത്തിവയ്പുകൾ (പ്രത്യേകിച്ചും ദേശീയ പ്രതിരോധ ചികിത്സാക്രമത്തിൽ ഉൾപ്പെടുത്തിയവ) എല്ലാംതന്നെ ഇന്ത്യയിൽ നിർമിക്കുന്നവയാണ്. കുത്തിവയ്പ് എടുക്കാതിരുന്നാൽ അസുഖങ്ങൾ കൂടുന്നത് വഴി കൂടുതൽ മരുന്ന് ചെലവാകുമ്പോൾ ആണ് മരുന്നുകമ്പനികൾക്ക് കൂടുതൽ ലാഭം കിട്ടുന്നത്. കുത്തിവയ്പുകൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങൾക്ക് ചെലവാക്കിയ പണം കമ്പനികൾക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നത് ഒരു യാഥാർഥ്യമാണ്.
ചോദ്യം: ഞങ്ങളുടെ വീട്ടിൽ ആർക്കും കുത്തിവയ്പുകൾ എടുത്തിട്ടില്ല.എന്നിട്ടും ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.
ഉത്തരം: ഭൂരിപക്ഷം പേരും കുത്തിവയ്പ് എടുക്കുന്നതുകൊണ്ടാണ് അത്. നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. ഒരു പ്രത്യേക അസുഖം അധികം കാണാത്തപ്പോൾ നാം വിചാരിക്കും, ഇനി അസുഖമൊന്നും വരില്ല, കുത്തിവെക്കേണ്ട ആവശ്യം ഇല്ല എന്ന്. അങ്ങനെ കൂടുതൽ പേർ കുത്തിവെക്കാതാവുമ്പോൾ Herd Immunity ഇല്ലാതാവുന്നു. അസുഖം അനേകം പേർക്ക് ഒന്നിച്ചു വരുന്നു (epidemic). ഈയിടെ അമേരിക്കയിൽ ഉണ്ടായ അഞ്ചാംപനി ഇതിന് ഉദാഹരണമാണ്.
ചോദ്യം: കുത്തിവയ്പ് എടുത്തിട്ടും രോഗങ്ങൾ വരുന്നുണ്ടല്ലോ?
ഉത്തരം: ഒരു കുത്തിവയ്പും 100% ഫലപ്രദമല്ല. നേരത്തെ കാവൽക്കാരൻ ഉറങ്ങിപ്പോയ വീടിന്റെ അവസ്ഥ പറഞ്ഞപോലെ. എന്നാൽ ബഹുഭൂരിപക്ഷം പേരും കുത്തിവയ്പെടുത്താൽ ഈയൊരവസ്ഥ ഉണ്ടാകില്ല.
ചോദ്യം: പല രോഗങ്ങളും നിർമാർജനം ചെയ്യപ്പെട്ടത് നല്ല ഭക്ഷണം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ കൊണ്ടല്ലേ? വാക്സിൻ നിലവില്‍വരുന്നതിന് മുമ്പുതന്നെ പല അസുഖങ്ങളും കുറഞ്ഞുതുടങ്ങിയില്ലേ?
ഉത്തരം: ആദ്യം കുറഞ്ഞുതുടങ്ങിയത് രോഗം മൂലമുള്ള മരണമാണ്. മെച്ചപ്പെട്ട ചികിത്സ ലഭ്യമായതും നല്ല ഭക്ഷണം ലഭ്യമായത് വഴി പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടതുമാണ് കാരണം. എന്നാൽ വാക്സിൻ ലഭ്യമായപ്പോൾ അസുഖം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു എന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. മൊത്തം ജീവിത നിലവാരവും ശുചിത്വവും ഒന്നും കാര്യമായി മെച്ചപ്പെടാത്ത ദരിദ്രരാജ്യങ്ങളിൽപ്പോലും പ്രതിരോധ കുത്തിവയ്പുകൾ കൊണ്ട് ഈ രോഗങ്ങളുടേയും അതു മൂലമുള്ള മരണങ്ങളുടേയും തോതിൽ ഗണ്യമായ കുറവുണ്ടായി.
ചോദ്യം: പോളിയോ തുള്ളിമരുന്ന്, റുബെല്ല വാക്സിൻ എന്നിവ ചില പ്രത്യേക വിഭാഗങ്ങളുടെ ജനസംഖ്യ കുറയ്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണോ?
ഉത്തരം: പൾസ് പോളിയോ പ്രോഗ്രാം തുടങ്ങുമ്പോൾ ഈ ആരോപണം ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങളോളം ഉപയോഗിച്ചപ്പോൾ അത് തെറ്റാണെന്നു തെളിഞ്ഞു. ഇപ്പോൾ അതേ ആരോപണം റുബെല്ലാ വാക്സിന് എതിരെ പ്രയോഗിക്കുന്നു. തികച്ചും വാസ്തവ വിരുദ്ധമാണ് അത്. രോഗപ്രതിരോധചികിത്സാപദ്ധതിയെ നിർലോഭം സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ബിൽഗേറ്റ്സിന്റെ ഒരു പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്താണ് ഇതിന് ഉപയോഗിക്കുന്നത്. എല്ലാവരും കുത്തിവയ്പ് എടുത്താൽ ലോക ജനസംഖ്യ കുറയുമെന്നദ്ദേഹം പറഞ്ഞു. കാരണം ജനിക്കുന്ന കുട്ടികൾ മരിക്കാതെ വലുതായിക്കിട്ടുമോ എന്ന സംശയം മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് മുമ്പ് ഒരാൾക്ക് എട്ടും പത്തും കുട്ടികള്‍ ഉണ്ടായിരുന്നു. കുത്തിവയ്പുകൾ വ്യാപകമാവുമ്പോൾ ഈ സ്ഥിതി മാറുമെന്നും ചെറിയ കുടുംബങ്ങളാകുമെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്.
ചോദ്യം: റുബെല്ലാ വാക്സിൻ എടുത്ത കുട്ടികൾക്ക് പിന്നീട് ഓട്ടിസം എന്ന രോഗം കൂടുതലായി കണ്ടുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഇത് ശരിയാണോ?
ഉത്തരം: ഇത് തികച്ചും തെറ്റാണ്. പ്രശസ്തിക്കുവേണ്ടി ഒരു ശാസ്ത്രജ്ഞൻ തെറ്റായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത് . ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ആ ലേഖനം പിൻവലിച്ചു. ലോകത്തെല്ലാ രാജ്യങ്ങളിലും റുബല്ലാ/എം എം ആർ വാക്സിൻ ഉപയോഗിക്കുന്നുണ്ട്
ചോദ്യം: ഇന്ത്യയിൽ പോളിയോ നിർമാർജനം ചെയ്യപ്പെട്ടു കഴിഞ്ഞല്ലോ. ഇനിയും തുള്ളിമരുന്നു കൊടുക്കേണ്ടതുണ്ടോ?
ഉത്തരം: നമ്മുടെ അയൽരാജ്യങ്ങളിൽ ഇപ്പോഴും പോളിയോ ഉണ്ട്. അവിടെ നിന്നും രോഗം ഇങ്ങോട്ട് വരാൻ സാധ്യത ഉണ്ട്. അതിനാൽ അവിടെയും പോളിയോ നിർമാർജനം ചെയ്യപ്പെടുന്നതുവരെ തുടരേണ്ടിവരും. ആ രാജ്യങ്ങളിൽനിന്നു വരുന്നവരെ പോളിയോമരുന്ന് കൊടുത്ത ശേഷമേ നമ്മുടെ നാട്ടിൽ പ്രവേശിപ്പിക്കുകയുള്ളു.