സാമൂഹ്യ വിജ്ഞാനകേന്ദ്രം – തിരുവനന്തപുരം ജില്ലാ തല ഉൽഘാടനം കോട്ടൂർ ഗീതാഞ്ജലിയിൽ

0

ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കുന്നതിനുംഗ്രാമീണ മേഖലയിലെ യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും വിദ്യാഭ്യാസ കലാസാഹിത്യ പ്രവർത്തനങ്ങളിൽ ഗ്രാമീണ യുവതയ്ക്ക് കൂടുതൽ ദിശാബോധം നൽകുന്നതിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് – യുവസമിതി നേതൃത്വം കൊടുക്കുന്ന സാമൂഹ്യവിജ്ഞാന കേന്ദ്രങ്ങൾ എന്ന പരിപാടിയുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആദ്യ സാമൂഹ്യ വിജ്ഞാനകേന്ദ്രം വെള്ളനാട് മേഖലയിലെ കോട്ടൂർ യൂണിറ്റിലെ ഗീതാഞ്ജലി ഗ്രന്ഥശാലയിൽ പ്രവർത്തനം ആരംഭിച്ചു .

 കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീ .മണികണ്ഠൻ സാമൂഹ്യവിജ്ഞാന കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉൽഘാടനം നിർവഹിച്ചു. ജനങ്ങളെ അന്ധവിശ്വാസങ്ങളിലേയ്ക്ക് തള്ളിവിടാൻ ഭരണാധികാരികൾ തന്നെ മുൻകൈയ്യടുക്കുന്ന കാലഘട്ടത്തിൽ യുവാക്കളെ ശാസ്ത്രബോധമുള്ളവരാക്കാൻ പരിഷത്ത് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. 

  കേന്ദ്ര നിർവാഹക സമിതി അംഗം അരുൺ രവി സാമൂഹ്യവിജ്ഞാന കേന്ദ്രങ്ങളു ഉദ്ദേശ്യ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. അറിവ് ജനങ്ങളിലെത്തിക്കുന്നതിനുള്ള ഒരു ഉപാധിയായിട്ടാണ് സാമൂഹ്യവിജ്ഞാന കേന്ദ്രങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ പ്രദേശത്തുമുള്ള സവിശേഷമായ പ്രശ്നങ്ങളെ മനസ്സിലാക്കാനും ഫലപ്രദമായി ഇടപെടാനും ഡിജിറ്റൽ സാക്ഷരതയിലൂടെ കഴിയണം. മൊബൈൽ സാങ്കേതികവിദ്യ അറിയില്ലെങ്കിൽ മനുഷ്യൻ മരിച്ചു പോകാൻ സാധ്യതയുള്ള നാടാണിതെന്ന് കോവിഡ് വാക്സിൻ ലഭ്യതയുമായി ബന്ധപ്പെടുത്തി അദ്ദേഹം സൂചിപ്പിച്ചു. 

 പരിഷത്ത്  ജില്ലാ വൈസ് പ്രസിഡൻറ് ബി.നാഗപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം. ജി. മിനി, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രതിക, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. രമേഷ് , വെള്ളനാട് മേഖല പ്രസിഡൻ്റ് വി. എൻ. അനീഷ്, ഉത്തരംകോട് ചന്ദ്രൻ, ഡോ.വി.എസ്. ജയകുമാർ, ആർ. ബി. സൂരജ്, സി. കോട്ടൂർ ജയചന്ദ്രൻ എന്നിവർസംസാരിച്ചു.

 ജില്ലാ യുവസമിതി കൺവീനർ രശ്മി. എ സ്വാഗതവും മേഖല സെക്രട്ടറി സി. ശിവനാരായണപിള്ള നന്ദിയും പറഞ്ഞു. സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിൻ്റെ ചുമതലക്കാരായി ആരതി കോട്ടൂർ (ചെയർപേഴ്സൺ),

ഷിനുരാജ് (കൺവീനർ )

എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed