കൌമാര വിദ്യാഭ്യാസം ശക്തിപ്പെടുത്തുക
കണ്ണൂർ നഗര പ്രദേശത്തുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പോലീസിൽ നൽകിയ പരാതി നടുക്കമുണ്ടാക്കുന്നതാണ്. ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് സ്വാധീനിച്ച് മയക്കുമരുന്ന് നൽകി മറ്റൊരു വിദ്യാർത്ഥി ലഹരിക്ക് അടി മയാക്കുകയും ലൈംഗികമായ് ചൂഷണം ചെയ്യുകയും ചെയ്തു എന്നതാണത്. ഇത് കേരളം പോലെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിട്ട് നിൽക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.
ഇരയായത് താൻ മാത്രമല്ലെന്നും പത്ത് പന്ത്രണ്ട് കുട്ടികൾ വേറെയുമുണ്ടെന്നും പ്രസ്തുത വിദ്യാർത്ഥിനി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. പൊതു സമൂഹം ഉത്തരം പറയേണ്ടുന്ന നിരവധി സങ്കീർണ പ്രശ്നങ്ങൾ ഈ വാർത്തയിൽ അന്തർലീനമാണ്. വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയേയും നിരന്തരം സസൂക്ഷ്മം നിരീക്ഷിക്കാനും കുട്ടിയിൽ കാണുന്ന പെരുമാറ്റ വൈകല്യത്തെ കണ്ടെത്താനും അധ്യാപകർക്ക് കഴിയേണ്ടതാണ്.
രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല ശ്രദ്ധ വേണ്ടതുണ്ട്. തങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുമായി നല്ല സൗഹൃദം പുലർത്താനും ആശയ വിനിമയം നടത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. സംശയമുള്ള കാര്യങ്ങൾ അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. കുട്ടികളും രക്ഷിതാക്കളും അവരവരുടെ ലോകത്ത് ബന്ധിതരാകുന്നത് കുട്ടികളിൽ വൈകാരിക സമ്മർദ്ദം വളർത്തുനും അവർ അരുതാത്ത ബന്ധങ്ങളിൽ പെട്ടു പോകാനും ഇടയാകും.
ലഹരിവസ്തുക്കളുടെ നിരോധനത്തിനുള്ള നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ അത് നടപ്പിലാക്കുവാൻ ചുമതലപ്പെട്ട ഔദ്യോഗിക സംവിധാനത്തിന്റെ ഉദാസീനത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
പൊതു സമൂഹവും ഇത്തരം പ്രശ്നങ്ങൾക്ക് നേരെ അലംഭാവം കാണിക്കുകയാണ്. ജാഗ്രതാ സമിതികൾ പേരിന് പോര. എല്ലാവരും ജാഗരൂഗരായി പ്രവർത്തിക്കണം. പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ജാഗ്രതാ സമിതികളും പി.ടി. എ കളും ഉണർന്നാൽ മതിയാവില്ല. കിട്ടാവുന്ന ഓരോ സന്ദർഭവും അധ്യാപികർ ക്ലാസ് മുറിക്കകത്ത് ബോധവൽക്കരണത്തിന് ഉപയോഗിക്കണം. ഇതിന് വിദ്യാഭ്യാസ വകുപ്പ് മൊഡ്യൂൾ തയ്യാറക്കി നൽകണം. സ്കൂളിന്റെ നാനാവിധ പ്രവർത്തനങ്ങളിൽ മുഴുവൻ കുട്ടികളെ പങ്കാളികളാക്കണം.രക്ഷാകർത്തൃബോധവൽക്കരണം നിരന്തരം നടത്തേണ്ടതാണ്. എല്ലാവരും ഏകമനസ്സായി നടത്തുന്ന പ്രവർത്തനത്തിന് മാത്രമേ ഈ ആപത്തിനെ വേരോടെ പിഴുതെറിയാൻ കഴിയൂ. നിലവിലുള്ള സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലയിൽ “ഉജ്വല കൗമാരം” പരിപാടി കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. ഇനിയും ഉജ്വല കൗമാരം പരിപാടികൾ വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റ് സംഘടനകളും വ്യക്തികളുമായുംസഹകരിച്ച് തുടരുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. –
പി.കെ സുധാകരൻ
പ്രസിഡണ്ട്.
പി.പി. ബാബു .
സിക്രട്ടറി .
കേരള സാസ്ത്രസാഹിത്യ പരിഷത്ത്,കണ്ണൂർ ജില്ലാക്കമ്മിറ്റി.
11-8-2022
പ്രസ്താവന ഉചിതമായി ബഹുജന പ്രസ്ഥാനങ്ങളുടെയും പി.ടി.എ യുടെയും അടിയന്തിര ശ്രദ്ധ പതിേയേണ്ട വിഷയമാണിത്