ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ഇ.കെ.നാരായണനെ ഓർക്കുമ്പോൾ..

0

ഇ കെ എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രൊഫസർ ഇ കെ നാരായണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം പൂർത്തിയാകുന്നു. 2002 ആഗസ്റ്റ് 24നാണ് തൃശ്ശൂർ ജില്ലയിലെ കുതിരാനിൽ വെച്ചുണ്ടായ ഒരു റോഡ് അപകടത്തിൽ ഇ കെ നാരായണനും ഭാര്യ നളിനിയും മരിച്ചത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരിങ്ങാലക്കുട മേഖല സെക്രട്ടറി, തൃശ്ശൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി, ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ (BGVS) അഖിലേന്ത്യ ട്രഷറർ തുടങ്ങി നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. എറണാകുളം സാക്ഷരതായജ്ഞത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു ഇകെ നാരായണൻ. അതിനുശേഷം അഖിലേന്ത്യാതലത്തിൽ നടന്ന സാക്ഷരതാ പ്രവർത്തനവും വിജയത്തിലെത്തിക്കുന്നതിൽ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. 400 ഓളം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ കലാജാഥകളിലൂടെയാണ് അഖിലേന്ത്യ സാക്ഷരതാ പ്രവർത്തനത്തിന് അരങ്ങൊരുക്കിയത്. ഈ ജാഥകളുടെ ആസൂത്രണവും സംഘാടനവും ഡോ എംപി പരമേശ്വരനും ഇകെ നാരായണനും ചേർന്നാണ് നിർവഹിച്ചത്. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ലഭിച്ചപ്പോൾ അത് സ്വീകരിക്കാനായി സ്വീഡനിൽ പോയത് ജനറൽ സെക്രട്ടറിയായിരുന്ന ഇകെ നാരായണനും പ്രസിഡണ്ടായിരുന്ന പി കെ രവീന്ദ്രനും കൂടിയാണ്.
നിരവധി അധ്യാപകരെയും ഡോക്ടർമാരെയും എൻജിനീയർമാരെയും ശാസ്ത്ര പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിനും അവരെ പ്രവർത്തകർ ആക്കി മാറ്റുന്നതിനും ഇ കെ എന് സാധിച്ചിട്ടുണ്ട്,
1978 മുതൽ ഇരിഞ്ഞാലക്കുട കോളേജിലെ ഭൗതിക ശാസ്ത്രവിഭാഗത്തിൽ അധ്യാപകനായിരുന്നു അദ്ദേഹം.
വളരെ തിരക്കേറിയ സാമൂഹിക പ്രവർത്തനങ്ങൾക്കിടയിലും അധ്യാപകവൃത്തിയോട് പൂർണ്ണമായും നീതിപുലർത്തിയിരുന്നു. ആധുനിക സമൂഹത്തിൽ ഒരു ശാസ്ത്രാധ്യാപകന്റെ പങ്ക് പൂർണമായും ഉൾക്കൊണ്ടിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന ശൈലി. സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയിൽ വിദ്യാർത്ഥികളുടെ കർത്തവ്യങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുവാനും അദ്ദേഹം ക്ലാസ് മുറിയെ പ്രയോജനപ്പെടുത്തിയിരുന്നു.
ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് പ്രസിഡണ്ട്, സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം, സിഐടിയു പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ ചുമതലകളും ആദ്യകാലത്ത് അദ്ദേഹം വഹിച്ചിട്ടുണ്ട്. കോളേജ് അധ്യാപകരുടെ സംഘടനയായ എ കെ പി സി ടി എ യിലും സജീവമായിരുന്നു.
എത്ര സങ്കീർണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും വിശകലനം ചെയ്ത് ശാസ്ത്രീയമായ രീതിയിൽ ലളിതമായ ഭാഷയിൽ വിശദീകരിച്ച് സംസാരിക്കാനുള്ള കഴിവ് പരിഷത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസംഗവേദികളിലെ സ്ഥിരസാന്നിധ്യമാക്കി.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇ.കെ. നാരായണനെപോലുള്ളവർ നമ്മുടെ കൂടെയില്ല എന്നത് ജനകീയ ശാസ്ത്ര പ്രചാരകരുടെ ഉത്തരവാദിത്വം കൂടുതൽ കൂടുതൽ വർദ്ധിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

You may have missed