സംസ്ഥാന പ്രവർത്തക ക്യാമ്പിന് മടപ്പള്ളിയിൽ തുടക്കമായി
പ്രളയത്തെയും കോവിഡിനെയും കേരളത്തിന് ഫലപ്രദമായി നേരിടാൻ കഴിഞ്ഞത് വികേന്ദ്രീകൃതാ സൂത്രണത്തിൻ്റെ കരുത്ത് കൊണ്ട്. – ഡോ. ജിജു . പി അലക്സ്
ഒഞ്ചിയം:പ്രളയത്തെയും കോവിഡിനെയും കേരളത്തിന് ഫലപ്രദമായി നേരിടാൻ കഴിഞ്ഞത് കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ വികേന്ദ്രീകൃതാസൂത്രണത്തിൻ്റെ കരുത്തുകൊണ്ടാണെന്ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു.പി അലക്സ് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത സംസ്ഥാന പ്രവർത്തക ക്യാമ്പ് മടപ്പള്ളി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാനം ചെയ്ത് ” ജനകീയാസൂത്രണത്തിൻ്റെ മൂന്ന് പതിറ്റാണ്ട് – അനുഭവങ്ങളും ഭാവിയും” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദാരിദ്ര്യ നിർമ്മാർജ്ജനം, ഖരമാലിന്യ സംസ്കരണം, ഗ്രാമപ്രദേശങ്ങളിലെ പശ്ചാതല വികസനം തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലെ വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും ക്ഷീരമേഖല ഒഴികെയുള്ള ഉൽപാദനരംഗത്തും കാര്യമായ പുരോഗതി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലായെന്ന വസ്തുതയും നിലനിൽക്കുന്നു. പശ്ചാതല വികസനത്തിൻ്റെ ഭാഗമായി നിർമ്മിക്കപ്പെട്ട റോഡുകളുടെ ആസൂത്രണമില്ലായ്മ പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കാൻ കാരണമായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്മി-ജാതി വ്യവസ്ഥയുടെ ഭാഗമായുണ്ടായ കൊടിയ മർദ്ദനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ,വാഗ്ഭടാനന്ദൻ്റെ നേതൃത്വം, ഊരാളുങ്കൽ സഹകരണ സംഘത്തിൻ്റെ രൂപീകരണം, മണ്ടോടി കണ്ണൻ്റെ നേതൃത്വത്തിൽ നടന്ന കർഷക കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്കും സാക്ഷിയായ കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം മേഖലയിൽ ഒക്ടോബർ 12,13 തീയ്യതികളിൽ നടക്കുന്ന പ്രവർത്തക ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം കോഴിക്കോട് ജില്ലാ കലാസാംസ്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച പരിഷത്ത് ഗാനാലാപനത്തോടെ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടകസമിതി ചെയർ പേഴ്സൺ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗിരിജ സ്വാഗതമാശംസിച്ചു.പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ മീരാഭായി അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ, പരിഷത്ത് സംസ്ഥാന ട്രഷറർ പി പി ബാബു, കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. സംസ്ഥാന വാർഷികത്തോടനുബന്ധിച്ച് ഡോ. കെ ജി പൗലോസ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ” ശാസ്ത്രം ഇന്ത്യയിൽ – ചരിത്രവും വർത്തമാനവും ” വാർഷിക സുവനീറിൻ്റെ പ്രകാശനം പ്രസിദ്ധീകരണ സമിതി ചെയർമാൻ പ്രൊ. ടി പി കുഞ്ഞിക്കണ്ണനിൽ നിന്നും ഏറ്റുവാങ്ങി ഡോ.ജിജു.പി.അലക്സ് നിർവഹിച്ചു. പ്രസിദ്ധീകരണ സമിതി കൺവീനർ പി പ്രദോഷ് , കെ ടി രാധാകൃഷ്ണൻ എന്നിവരും സന്നിഹിതരായി. ഉദ്ഘാടന സമ്മേളനത്തിന് നന്ദി അറിയിച്ച് പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനർ ബി മധു സംസാരിച്ചു.
തുടർന്ന് നടന്ന സെഷനിൽ “കേരള വികസനം – സമീപന രേഖ” നിർവ്വാഹക സമിതി അംഗം പ്രൊ. ടി പി കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ചു. തുടർന്ന് ക്യാമ്പ് പ്രതിനിധികൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപന രേഖയിൽ ചർച്ച നടന്നു.അടുത്ത സെഷനിൽ പ്രതിനിധികൾ വിഷയാധിഷ്ഠിത ഗ്രൂപ്പ് ചർച്ചകൾക്കായി അഞ്ച് വിഷയ സമിതികളായി തിരിയുകയും ഉൽപാദന മേഖല – ഡോ. എൻ കെ ശശിധരൻ, അടിസ്ഥാന സൗകര്യ വികസനം – ഊർജം – ഗതാഗതം – നന്ദനൻ, തൊഴിൽ – വിദ്യാഭ്യാസം – ആരോഗ്യം – മുബാറക് സാനി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാനം പ്രകൃതി വിഭവ വിനിയോഗം – ഡോ. വി കെ ബ്രിജേഷ്, ശാസ്ത്ര ബോധം – സംസ്കാരം – ലിംഗനീത – ഡോ. ചിഞ്ചു സി എന്നിവർ വിഷങ്ങളിൽ ഗ്രൂപ്പുകളിൽ അവതരണങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് വിഷയാധിഷ്ഠിത ഗ്രൂപ്പ് ചർച്ചകളുടെ അവതരണത്തിൽ പങ്കെടുത്ത് ജയചന്ദ്രൻ, പി രമേശ്, കെ എസ് സുധീർ,ജോജി കൂട്ടുമ്മേൽ, ചിഞ്ചു സി എന്നിവർ സംസാരിച്ചു. വികസന രേഖ ക്രോഡീകരിച്ച് ഡോ. രാജേഷ് സംസാരിച്ചു. രാത്രി സംസ്ഥാന നിർവാഹക സമിതി യോഗത്തോടെ ക്യാമ്പിൻ്റെ ഒന്നാം ദിന പരിപാടികൾ സമാപിച്ചു.