സംസ്ഥാന പ്രവർത്തക ക്യാമ്പ് : ഒക്ടോബർ 12,13

0

വടകര: വികസനം മുഖ്യചർച്ചാ വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 12, 13 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം മേഖലയിലെ മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്.

ഒക്ടോബർ 12 ന് രാവിലെ സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായ് ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ “ജനകീയാസൂത്രണത്തിൻ്റെ മൂന്ന് പതിറ്റാണ് അനുഭവങ്ങളും ഭാവിയും” എന്ന വിഷയം അവതരിപ്പിച്ച് സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ് നിർവഹിക്കും. തുടർന്ന് ആദ്യ സെഷനിൽ ക്യാമ്പിൻ്റെ മുഖ്യചർച്ചാ വിഷയമായ വികസനവുമായി ബന്ധപ്പെട്ട് “കേരള വികസനം സമീപന രേഖ” നിർവ്വാഹക സമിതി അംഗം പ്രൊ. ടി പി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കും. രേഖയുടെ അവതരണത്തിന് ശേഷം പ്രവർത്തക ക്യാമ്പിൻ പങ്കെടുക്കുന്ന പ്രതിനിധികൾ 9 ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തന രേഖയുമായി ബന്ധപ്പെട്ട ചർച്ചകളും പ്ലീനറി സെഷനും നടക്കും. തുടർന്ന് ക്യാമ്പിൻ്റെ ഭാഗമായി പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, ജൻഡർ,വികസനം, യുവസമിതി എന്നീ വിഷയാധിഷ്ടിത ചർച്ചകളും ക്രോഡീകരണവും നടക്കുന്നതോടെ ഒന്നാം ദിവസ പരിപാടികൾ സമാപിക്കും.

രണ്ടാം ദിനം രാവിലെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പ്രതിനിധികൾക്കായി  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെയും അതിൻ്റെ പ്രവർത്തനങ്ങളേയും പരിചയപ്പെടുത്തുന്ന സെഷനോടു കൂടിയാണ് ആരംഭിക്കുന്നത്. തുടർന്ന് കഴിഞ്ഞ ആറ് മാസകാലയളവിൽ സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനവും തുടർന്നുള്ള ആറ് മാസക്കാലയളവിൽ നടക്കേണ്ട പ്രവർത്തനങ്ങളുടെ ആസൂത്രണവും ഉൾപ്പടെ നടക്കും.

ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിനായി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ ചെയർപേഴ്സണും പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജനറൽ കൺവീനറുമായ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. ക്യാമ്പിൻ്റെ അനുബന്ധമായി “ഇക്കോ വൈബ്സ് – പരിസ്ഥിതി ചിന്തകൾ ” എന്ന പേരിൽ ജില്ലാതല പരിസ്ഥിതി സെമിനാർ പേരാമ്പ്രയിൽ നടന്നു. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയ പങ്കാളിത്തത്തിലാണ് പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലെ വിദ്യാഭ്യാസ ഗുണതയുമായി ബന്ധപ്പെട്ട് വടകരയിൽ  വിപുലമായ ജില്ലാതല വിദ്യാഭ്യാസ സെമിനാറും അനുബന്ധ പരിപാടിയായി സംഘടിപ്പിക്കപ്പെട്ടു. ജില്ലാതല ആരോഗ്യസെമിനാർ, ജൻഡർ ശില്പശാല, ബാലോത്സവം എന്നിവയും പ്രവർത്തക ക്യാമ്പിന് അനുബന്ധമായി  ജില്ലയിലെ വിവിദമേഖലകളിൽ നടന്നു. പ്രവർത്തക ക്യാമ്പിലേക്ക് ആവശ്യമായ ധനസമാഹരത്തിനായി പരിഷത്ത് പുസ്തക പ്രചാരണം , പി പി സി ഉത്പന്ന പ്രചാരണം എന്നിവയും നടന്നു വരുന്നു.

പ്രവർത്തകക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികൾളെ മടപ്പള്ളിയിലേക്ക് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. വടകരയിൽ നിന്നും 5 കിലോമീറ്റർ ദൂരത്താണ് ക്യാമ്പ് നടക്കുന്ന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മടപ്പള്ളി. ബസ്സിൽ വരുന്നവർക്ക് കോഴിക്കോട് – കണ്ണൂർ നാഷണൽ ഹൈവേയിൽ നാദാപുരം റോഡ് സ്റ്റോപ്പിൽ ഇറങ്ങിയാൽ  അവിടെ നിന്നും 50 മീറ്റർ ദൂരയാണ് സ്കൂൾ. ട്രെയിനിൽ വരുന്നവർക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ വടകര പുതിയ സ്റ്റാൻ്റിൽ നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സിൽ നാദാപുരം റോഡ് സ്റ്റോപ്പിൽ ഇറങ്ങി ക്യാമ്പ് നടക്കുന്ന സ്‌കൂളിൽ എത്തിച്ചേരാം.

Leave a Reply

Your email address will not be published. Required fields are marked *