തെളിവുകൾ ഇല്ലാത്ത ടിവി പരസ്യത്തിന് എതിരെ നടപടി

0

മാനദണ്ഡങ്ങൾ ലംഘിച്ച്, തെളിവുകൾ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച പരസ്യത്തിനെതിരെ അഡ്വടൈസ്മെന്റ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടി. സ്പോൺസർഡ് പ്രോഗ്രാം എന്ന നിലയിൽ വിവിധ ദൃശ്യ മാധ്യമങ്ങളിൽ വന്നിരുന്ന വേദാചാര്യ ജാൻ ധാർ ദുവ ഓയിലിന്റെ പരസ്യത്തിനെതിരെയാണ് എ. എസ്. സി. ഐ. യുടെ കംപ്ലൈന്റ്സ് കൗൺസിൽ നടപടി എടുത്തത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ ക്യാപ്സ്യൂൾകേരള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

      വിവിധ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ പൊതു മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതിനും സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതിനും വേണ്ടി പരസ്യ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ രൂപം നൽകിയ ഏജൻസിയാണ് അഡ്വർടൈസ്‌മെന്റ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ.  

      വേദാചാര്യ ജാൻ ധാർ ദുവ ഓയിൽ ഒരു തവണ ഉപയോഗിക്കുന്നതിലൂടെ സന്ധിവേദനയിൽ 90 മുതൽ 95 ശതമാനം കുറവ് ഉണ്ടാകും എന്നതായിരുന്നു പരസ്യത്തിലെ അവകാശവാദം. വീൽ ചെയറുകളിൽ കഴിഞ്ഞവർ ഈ ഉത്പന്നം ഉപയോഗിച്ചപ്പോൾ പടികൾ കയറാൻ തുടങ്ങി എന്നും പരസ്യത്തിൽ പറയുന്നു. ഈ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ ഇല്ലായെന്നും, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൗൺസിൽ കണ്ടെത്തി. ഡോക്ടറുടെ വേഷം ധരിച്ച ഒരാളാണ് ഈ പരസ്യത്തിൽ സാക്ഷ്യം പറയുന്നത്. മെഡിക്കൽ കൗൺസിൽ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്. ഇതേത്തുടർന്ന് ഈ പരസ്യം എ. എസ്. സി. ഐ. മാനദണ്ഡങ്ങളിലേ വിവിധ വകുപ്പുകൾ ലംഘിക്കുന്നവയാണ് എന്ന് കണ്ടെത്തുകയായിരുന്നു.

     2024 ഓഗസ്റ്റ് 19 നു മുൻപ് പരസ്യം പിൻവലിക്കുകയോ,നിയമവിധേയമായ തരത്തിൽ പരിഷ്കരിക്കുകയോ വേണമെന്ന് കൗൺസിലിന്റെ കംപ്ലൈന്റ്സ് കൗൺസിൽ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed