തിരുവനന്തപുരം ജില്ലാ വാർഷികം

0

 

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ തിരുവനന്തപുരം ജില്ലാവാർഷികം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ  ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. മോഹനൻ IRS ഉദ്ഘാടന ക്ലാസ് അവതരിപ്പിച്ചു.

         ചിലർ സംഘടിപ്പിക്കുന്ന പത്തും പതിനഞ്ചും ദിവസത്തെ തീർത്ഥാടനടൂറിസത്തിനു പോകുന്ന പലരും മടങ്ങിയെത്തുന്നത് പുതിയ മനസ്സുമായാണെന്നും ഇതു സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതം ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. 

 

ശാസ്ത്രബോധവും ചരിത്രബോധവും വളർത്തി ഇന്നത്തേതിലും മെച്ചപ്പെട്ട ലോകം സൃഷ്ടിക്കേണ്ടതിനുപകരം സമൂഹത്തെ പിന്നോട്ടു നടത്തുകയാണ് ഇക്കൂട്ടർ. ഇതിനെതിരായി ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ മാറ്റിത്തീർക്കാൻ പരിഷത്തിനു കഴിയും. അതിന്, നാടിനെ സംരക്ഷിക്കാൻ കഴിയുന്ന പഴയ സ്ഥിതിയിലേക്കു മടങ്ങണമെന്നും വിധേയത്വങ്ങളില്ലാത്തെ നിലപടുകൾ സ്വീകരിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

      നികുതിയധികാരം ഉൾപ്പെടെയുള്ള സാമ്പത്തികാധികാരങ്ങൾ യൂണിയൻ ഗവണ്മെൻ്റ് സംസ്ഥാനങ്ങൾക്കും ഇരുസർക്കാരുകളും തദ്ദേശഭരണസ്ഥാപനങ്ങൾക്കും കൈമാറണമെന്ന് ‘നിയോലിബറൽ ഇന്ത്യയും ഫിനാൻഷ്യൽ ഫെഡറലിസവും’ എന്ന വിഷയം ഉദ്ഘാടനക്ലാസായി അവതരിപ്പിച്ച ആർ. മോഹൻ IRS അഭിപ്രായപ്പെട്ടു.ധനകാര്യകമ്മിഷനുകളുടെ രൂപവത്കരണത്തിലും പരിഗണനാവിഷയങ്ങൾ നിർണ്ണയിക്കുന്നതിലും സംസ്ഥാനങ്ങൾക്കോ തദ്ദേശസ്ഥാപനങ്ങൾക്കൊ പ്രാതിനിദ്ധ്യമില്ല. 1990കൾ മുതൽ സംസ്ഥാനങ്ങളെ വരുതിയിലാക്കാനും ദോഷകരമായ സാമ്പത്തികനയങ്ങൾ അടിച്ചേല്പിക്കാനും നിബന്ധനകൾ ലംഘിച്ചാൽ 11-ാം കമ്മിഷനോടെ ധനം പിടിച്ചുവയ്ക്കുന്നതിലേക്കു മാറി. 12-ാം കമ്മീഷൻ അതു നിർത്തിയെങ്കിലും ധനോത്തരവാദിത്തനിയമം പാലിച്ചില്ലെങ്കിൽ വായ്പ അനുവദിക്കില്ല എന്ന നില സ്വീകരിച്ചു. ആറു ശതമാനം ധനക്കമ്മി യൂണിയൻ ഗവണ്മെൻ്റിനു നാലും സംസ്ഥാനങ്ങൾക്കു രണ്ടും ശതമാനമായി നിശ്ചയിക്കണമെന്ന പുതിയവാദങ്ങൾ പോലും ചിലർ ഉയർത്തുകയാണ്.

    ധനസ്രോതസുകൾ കുറവായ സംസ്ഥാനങ്ങളെ കൂടുതൽ ഞെരുക്കുന്ന നിലപാടാണിത്. മാനവവികസനത്തിലും സാമൂഹികപുരോഗതിയിലും മുന്നേറിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന ഈ സമീപനമാണ് നിതി ആയോഗും സ്വീകരിക്കുന്നത്. സംസ്ഥാനങ്ങൾക്കു കിട്ടേണ്ട 5,80,000 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതികളാക്കി സംസ്ഥാനപട്ടികയിൽ കടന്നുകയറിക്കൊണ്ടിരിക്കുന്ന യൂണിയൻ ഗവണ്മെൻ്റ് അതിന്മേൽ ബ്രാൻഡിങ്ങും അടിച്ചേല്പിക്കുന്ന സാഹചര്യമാണു രാജ്യത്തു നിലനില്ക്കുന്നതെന്ന് മോഹൻ പറഞ്ഞു.

     ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡൻ്റ് ജെ. ശശാങ്കൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസമ്മളനത്തിൽ പരിഷത്തിൻ്റെ സ്ഥാപകാംഗവും മുൻ എംപിയുമായ സി. പി. നാരായണൻ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എച്ച്. അജിത് കുമാർ സ്വാഗതവും ബി. നാഗപ്പൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജി. ഷിംജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. ബിജുകുമാർ കണക്കും അവതരിപ്പിച്ചു. പിപിസി റിപ്പോർട്ട് കെ. ജി. ശ്രീകുമാർ അവതരിപ്പിച്ചു. നിർവാഹകസമിതി അവലോകനം പി. ഗോപകുമാർ അവതരിപ്പിച്ചു. സമ്മേളനം (ഞായറാഴ്ച) വൈകിട്ട് ശാസ്ത്രജാഥയോടെ സമാപിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *