തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ ‘ ഒന്നാം സാക്ഷി എ.ഐ ’ ചർച്ച സംഘടിപ്പിച്ചു

ശ്രീനാരായണഗുരു അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിലെ എ.ഐ ഇൻസ്‌ട്രക്റ്റർ അബ്ദുൽ വാവൂർ മുഖ്യപ്രഭാഷണം നടത്തുന്നു.
തൃശൂർ ഗവൺമെന്റ് ലോ കോളേജ് ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28-ാം തീയതി സയൻസ് ഡേയെ അനുബന്ധിച്ച് മാർച്ച് 3-ന് ‘ഒന്നാം സാക്ഷി എ.ഐ’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ യുവസമിതി കൺവീനർ അമൽ രവീന്ദ്രൻ ചടങ്ങിന്റെ സ്വാഗതം ആശംസിച്ചു ശാസ്ത്ര സമിതി രക്ഷാധികാരി ദിവ്യ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ ശ്രീനാരായണഗുരു അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിലെ എ.ഐ ഇൻസ്‌ട്രക്റ്റർ അബ്ദുൽ വാവൂർ മുഖ്യപ്രഭാഷണം നടത്തി.
ചർച്ചയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സാധ്യതകളും പ്രായോഗിക ഉപയോക്തൃത്വവും സംബന്ധിച്ച് വിശദമായ ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെട്ടു. നിയമപഠന മേഖലയിൽ എ.ഐയുടെ പങ്ക്, ഡാറ്റാ ശേഖരണത്തിനുള്ള ഉപകരണങ്ങൾ, എ.ഐ അധിഷ്ഠിത നിയമ സഹായ സേവനങ്ങൾ എന്നിവ ചർച്ചയിൽ പ്രാധാന്യമർഹിച്ചു.
വിദ്യാർത്ഥികൾ പ്രവർത്തനസജ്ജരായി പങ്കെടുക്കുകയും തങ്ങളുടെ സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തതായി സംഘാടകർ അറിയിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ചർച്ച വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ കൈമാറിയതായും വിലയിരുത്തപ്പെട്ടു.
ലോ കോളേജ് ശാസ്ത്ര സമിതി ചെയർപേഴ്സൺ ഡിൽസ സൈത്തുന് ബീഗം നന്ദിപ്രസംഗം നടത്തിയതോടെ ചർച്ച സമാപിച്ചു.
