ഒറ്റത്തെരഞ്ഞെടുപ്പ് രാജ്യത്ത് അസ്ഥിരത പടർത്തും: എസ്.വൈ.ഖുറൈഷി
തൃശ്ശൂർ: ഇന്ത്യയിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് അസ്ഥിരത പടർത്താനെ ഉപകരിക്കൂ എന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ.എസ്.വൈ. ഖുറൈഷി പറഞ്ഞു. കേന്ദ്രസർക്കാർ അസ്ഥിരമാവുകയും പിരിച്ചുവിടപ്പെടുകയും ചെയ്യുന്ന സാഹചര്യം വന്നാൽ ഒറ്റത്തെരഞ്ഞെടുപ്പ് നിബന്ധന പ്രകാരം വലിയ ജനകീയ പിന്തുണയുള്ള രാജ്യത്തെ മുഴുവൻ സംസ്ഥാനസർക്കാരുകളും സ്വാഭാവികമായി പിരിച്ചുവിടപ്പെടുമെന്ന് ഖുറൈഷി പറഞ്ഞു.
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയത്തിനൊരു പേടിസ്വപ്നം ” എന്ന വിഷയത്തിൽ പ്രൊഫ.സി.ജെ.ശിവശങ്കരൻ സ്മാരകപ്രഭാഷണം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഫെഡറലിസത്തെ ഈ നീക്കം സാരമായി ബാധിക്കും. ഭരണഘടനയുടെ അടിസ്ഥാനഘടനയെ ദുർബലപ്പെടുത്തുന്ന യാതൊരുവിധ ഭേദഗതികളും പാടില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാനവിധിയുടെ ലംഘനമാകും ഈ നീക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ജെ.എസ് ട്രസ്റ്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.കെ.പ്രദീപ് കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ.സി.എൽ.ജോഷി, സുനിൽ എന്നിവർ സംസാരിച്ചു. രേഷ്മ രാജൻ ശാസ്ത്രഗീതം ആലപിച്ചു.