തൃശ്ശൂർ അന്തിക്കാട് മേഖല – “ഇന്ത്യാ സ്റ്റോറി” സംഘാടക സമിതി രൂപീകരണം
തൃശ്ശൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മധ്യ മേഖല കലാജാഥ “ഇന്ത്യാ സ്റ്റോറി” ക്ക് ഫെബ്രുവരി 2 ന് അന്തിക്കാട് മേഖലയിലെ ആലപ്പാട് ഗവ.എൽ പി സ്കൂളിൽ സ്വീകരണം നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം നടന്നു.
2025 ജനുവരി 19ന് വൈകിട്ട് 4 മണിക്ക് ആലപ്പാട് ഗവൺമെൻറ് എൽ പി സ്കൂളിൽ വെച്ച് മേഖലാ പ്രസിഡൻറ് കെ എം ഗോപിദാസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ എസ് മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ ആർ അനിൽകുമാർ കലാജാഥ സംഘാടനത്തെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് മോഹൻദാസിനെ ചെയർമാനായും KSSP ചാഴൂർ യൂണിറ്റ് സെക്രട്ടറി കെ വി ഷാജിലാലിനെ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ ചാഴൂരും അന്തിക്കാട് മേഖലയിലെ മറ്റു പഞ്ചായത്തുകളിലായി 4 ലക്ഷം രൂപയുടെയും പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ തീരുമാനിച്ചു. ആദ്യ പുസ്തക വിൽപ്പന കെ എസ് മോഹൻദാസ് മനുഷ്യ ശരീരം എന്ന പുസ്തകം പി എസ് ജയപ്രകാശിന് നൽകികൊണ്ട് തുടക്കമിട്ടു.യോഗത്തിൽ യൂണിറ്റ് സെക്രട്ടറി കെ വി ഷാജിലാൽ സ്വാഗതവും യൂണിറ്റ് പ്രസിഡൻറ് കെ കെ സുനിൽകുമാർ നന്ദിയും പറഞ്ഞു. 23 പേർ പങ്കെടുത്തു.