നവ്യാനുഭവങ്ങൾ നിറഞ്ഞാടി വടകര മേഖലാ ബാലോത്സവം

0

കോഴിക്കോട്: വടകര മേഖലാ ബാലോത്സവം മെയ് 23, 24 തിയ്യതികളിൽ പണിക്കോട്ടി യൂണിറ്റിലെ തൊണ്ടികുളങ്ങര സ്കൂളിൽ നടന്നു. പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയവും പരിഷത്ത് വടകര മേഖലാകമ്മിറ്റിയും ചേർന്നാണ് മേഖലാതല ബാലോത്സവം സംഘടിപ്പിച്ചത്. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 87 കുട്ടികൾ സഹവാസ ക്യാമ്പിൽ പങ്കെടുത്തു.

ലൈബ്രറി കൗൺസിൽ വടകര താലൂക്ക് സെക്രട്ടറി എം.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് ടി.ടി.വത്സൻ അധ്യക്ഷത വഹിച്ചു. ടി.രാജൻ മാസ്റ്റർ, പി.ജാനു ടീച്ചർ, വി.പി.നാരായണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അശോക് തയ്യിട സ്വാഗതവും പരിഷത്ത് യൂണിറ്റ് സെക്രട്ടറി രേഷ്മ.ടികെ.നന്ദിയും പറഞ്ഞു.

ഉദ്ഘാടനയോഗത്തിനുശേഷം ചായയും ലഘുഭക്ഷണവും നല്‍കി. ആദ്യ സെഷൻ – “പാടാം, രസിക്കാം, പഠിക്കാം” അവതരിപ്പിച്ചത് മോഹൻദാസ് കരംചന്ദ് ആയിരുന്നു. രണ്ടുദിവസത്തെ ക്യാമ്പിലേക്ക് കുട്ടികളെയാകെ കൈപിടിച്ചാനയിക്കുന്ന ഗംഭീരസെഷനായിരുന്നു അത്. തുടർന്ന് ക്യാമ്പംഗങ്ങൾ ഒമ്പത് ഗ്രൂപ്പുകളായി തിരിഞ്ഞ് ലീഡർമാരെ തെരഞ്ഞെടുത്തു. ഈ ഗ്രൂപ്പുകളോരോന്നും വേദിയിലെത്തി ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. തുടർന്ന് അംഗങ്ങൾ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. സ്കൂളിനടുത്തുള്ള വീടിന്‍റെ മുറ്റത്തായിരുന്നു രണ്ടുദിവസവും ഭക്ഷണശാല പ്രവർത്തിച്ചത്.

ഉച്ചയ്ക്കുശേഷമുള്ള സെഷൻ  ബാലവേദി ജില്ലാ സബ്കമ്മിറ്റി കൺവീനർ സുരേഷ് കുന്നത്തുപാലത്തിന്‍റേതായിരുന്നു.”ഗണിതം – ശാസ്ത്രം നുറുങ്ങുകൾ”. പ്രൊജക്ടറും സ്ക്രീനും ഉപയോഗപ്പെടുത്തിയായിരുന്നു ഏറെ വിജ്ഞാനപ്രദമായ ‘നുറുങ്ങു’കളുടെ അവതരണം. ഗണിതത്തിന്‍റേയും സയൻസിന്‍റെയും നവീന അറിവുകളിലേക്ക് UP, HS വിദ്യാർത്ഥികളായ ക്യാമ്പംഗങ്ങളെ എത്തിച്ചു. ഓരോ പ്രവര്‍ത്തനത്തിലും നന്നായി പെർഫോം ചെയ്തവർക്ക് നിരവധി സമ്മാനങ്ങളും സുരേഷ് കയ്യിൽ കരുതിയിരുന്നു. രണ്ട് മണിക്കൂറിലേറെ നീണ്ട നുറുങ്ങ് അവതരണത്തിനുശേഷം ചായയും ലഘുഭക്ഷണവും.

ആദ്യദിനത്തിലെ അവസാന സെഷന് അനുരാഗ് എടച്ചേരി നേതൃത്വം നൽകി. രണ്ടര മണിക്കൂറിലേറെ നീണ്ട അനുരാഗിന്‍റെ “കളിയും കാര്യങ്ങളും” അക്ഷരാർത്ഥത്തിൽ അടിപൊളിയായിരുന്നു. ക്യാമ്പംഗങ്ങൾ അനുരാഗിനൊപ്പം ആടി, പാടി, കളിച്ചു, രസിച്ചു,പഠിച്ചു, അർമാദിച്ചു. രണ്ടര മണിക്കൂർനേരം ക്യാമ്പംഗങ്ങൾ ആർത്തുല്ലസിച്ചു. അവരുടെ സർഗവാസനകൾ പീലിവിരിഞ്ഞാടി, രാത്രി ക്യാമ്പ് സന്ദർശിക്കാനെത്തിയ രക്ഷിതാക്കളും നാട്ടുകാരും മക്കളുടെ പകർന്നാട്ടം കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരക്കുകയായിരുന്നു. രാത്രി എട്ട് മണി വരെ നീണ്ടു ആ സെഷൻ. രാത്രി ഭക്ഷണശേഷം വീണ്ടും ഹാളിൽ ഒത്തുകൂടിയ അവരും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. പരിഷത്ത് മേഖലാ ട്രഷറർ എം.കെ ബാബുരാജ് പരിഷത്ത് ഗീതങ്ങൾ ആലപിച്ചു. 9 മണിയോടെ അതിഥികളായെത്തിയ 27 കുട്ടികൾ പണിക്കോട്ടിയിലെ ആതിഥേയരായ  കുട്ടികൾക്കൊപ്പം അവരുടെ വീടുകളിലേക്ക്.

രണ്ടാംദിവസം വീടുകളിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം രാവിലെ 9 മണിക്ക് എല്ലാവരും വീണ്ടും സ്കൂൾ ഹാളിൽ സമ്മേളിച്ചു. പ്രസിദ്ധ മജീഷ്യൻ രാജീവ് മേമുണ്ട അവതരിപ്പിച്ച “ശാസ്ത്ര മാജിക്കുകൾ” സെഷനായിരുന്നു ആദ്യത്തേത്. വിജ്ഞാനപ്രദവും അത്ഭുതകരവുമായ അനേകം അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകിയ അവതരണമായിരുന്നു രാജീവിന്‍റേത്. കുട്ടികളെ അപാരമായ കയ്യടക്കത്താലും വേഗതയാലും രാജീവ് അമ്പരപ്പിച്ചു. ഓരോ മാജിക്കിന് പിന്നിലെയും അത്ഭുതങ്ങൾ തികച്ചും ശാസ്ത്രീയമായ അറിവുകളായി അവർക്ക് പകർന്നുകൊടുത്തു. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയായി ഈ സെഷന്‍.

തുടർന്ന് “ഭാഷാലോകം – കഥയും കവിതയും സെഷൻ” മാധ്യമപ്രവർത്തകൻ കൂടിയായ ബാലവേദി പരിശീലകൻ ശ്രീനിവാസൻ ചെറുകുളത്തൂരാണ് സെഷൻ കൈകാര്യം ചെയ്തത്. വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് ആരോഗ്യകരമായ മത്സരത്തിലൂടെ അവരുടെ ഭാഷാജ്ഞാനവും    സാഹിത്യജ്ഞാനവും മാറ്റുരക്കുന്ന അനേകം മത്സരയിനങ്ങൾ. രണ്ട് മണിക്കൂറിലേറെ നീണ്ട സെഷൻ കുട്ടികൾ മനസ്സറിഞ്ഞ് ആസ്വദിക്കുകയുണ്ടായി.

യുറീക്ക, ശാസ്ത്രകേരളം മാസികകളെയും ലൂക്ക, കുട്ടിലൂക്ക ഓൺലൈൻ പോർട്ടലുകളെയും കുറിച്ച് പരിഷത്ത് മേഖലാ സെക്രട്ടറി എം.സി സജീവൻ ക്യാമ്പംഗങ്ങളോട് സംസാരിച്ചു. മേഖലാ മാസിക ചുമതലക്കാരൻ പ്രതാപ് വി.കെ, ബാലവേദി മേഖല സബ്കമ്മിറ്റി കണ്‍വീനര്‍ പി.മിഥുൻ, ടി.വി.എ ജലീല്‍ എന്നിവര്‍ സംസാരിച്ചു.   ക്യാമ്പംഗങ്ങളുടെ കലാപരിപാടികൾ, അതിനുശേഷം ഉച്ചഭക്ഷണം.

ക്യാമ്പിന്‍റെ അവസാന സെഷൻ അവതരിപ്പിക്കാനെത്തിയത് രണ്ട് ശാസ്ത്രാധ്യാപകർ – എ.സുരേന്ദ്രൻ മാസ്റ്റരും യു.പി മൊയ്തീൻ മാസ്റ്ററും. രണ്ട് മണിക്കൂറിലേറെ നീണ്ട ശാസ്ത്രപരീക്ഷണസെഷൻ കുട്ടികൾ ശരിക്കും ആസ്വദിച്ചു. 15 ലേറെ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികളുടെകൂടി പങ്കാളിത്തത്തോടെ അരങ്ങേറി. വിസ്മയകരമായ അനുഭവങ്ങൾക്ക് പിന്നിലെ ഗഹനമായ ശാസ്ത്രതത്വങ്ങളോരോന്നും സുരേന്ദ്രൻമാഷും മൊയ്തീൻ മാഷും ലളിതമായി വിശദീകരിച്ചു.

ആതിഥേയയൂണിറ്റിലെ ആൽഡസ് പി.എസ്, അഭിരാമി വി.കെ, ആൻലിയ ജെ.എസ്, ഫിൽസ ഷില്ലാൻ എന്നിവരും അതിഥി യൂണിറ്റുകളില്‍ നിന്നുള്ള അവിഷ്ണ.പി.കെ, ശ്രീശൈവ്.എസ്.പ്രമോദ് എന്നവരും ക്യാമ്പനുഭവങ്ങൾ വിലയിരുത്തി. സമാപനസെഷനില്‍ പരിഷത്ത് ജില്ലാസെക്രട്ടറി      വി.കെ.ചന്ദ്രന്‍മാസ്റ്റര്‍,കെവി.വത്സലന്‍മാസ്റ്റര്‍ എന്നവര്‍ സംസാരിച്ചു.

സ്വാഗതസംഘത്തിന്‍റെ പ്രധാന ഭാരവാഹികളെയും ഭക്ഷണകമ്മിറ്റിക്ക് നേതൃത്വം കൊടുത്തവരെയും ക്യാമ്പംഗങ്ങള്‍ക്ക്  പരിചയപ്പെടുത്തി. സ്വാഗതസംഘം ഭാരവാഹികളായ അശോക് തയ്യിട, വി.പി.നാരായണൻ, കെ.പി.ഷാജി, കെ.ഗീത, ടി.കെ. രേഷ്മ, അനീഷ് പാലിയിൽ, എം.പി മനോജ്, കെ.എം.ജിഷ എന്നിവർ സംസാരിച്ചു.

ക്യാമ്പംഗങ്ങൾക്ക് കാന ചാരിറ്റബിൾ ട്രസ്റ്റ് വക ഉപഹാരമായി നല്‍കിയ നോട്ട്ബുക്കുകൾ പരിഷത്ത് ജില്ലാസെക്രട്ടറി വിതരണം ചെയ്തു.. മേഖലാ കമ്മിറ്റിയംഗങ്ങളുടെ കുടുംബാംഗങ്ങളുടെ IRTC യാത്രയെക്കുറിച്ച് മികച്ച അനുഭവക്കുറിപ്പ് തയ്യാറാക്കിയ ശ്രീദേവ്.എസ്.ദിനേശ്,ആരവ്,സജല്‍ എന്നിവർക്ക് മേഖലാ സെക്രട്ടറി സമ്മാനപുസ്തകങ്ങൾ വിതരണം ചെയ്തു.

ഐസ്ക്രീം നുണഞ്ഞ്, കൂട്ടപ്പാട്ട് പാടി, കൂട്ടനൃത്തം ചെയ്ത് ക്യാമ്പംഗങ്ങൾ രണ്ടുദിവസത്തെ നവ്യാനുഭവങ്ങൾ മനസ്സിലേറ്റി 5 മണിയോടെ യാത്ര പറഞ്ഞിറങ്ങി. ഓരോ യൂണിറ്റിലും പുതിയ ബാലവേദികള്‍ രൂപീകരിക്കുമെന്നും നിലവിലുള്ള യൂണിറ്റുകൾ കൂടുതൽ സജീവമാക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചാണ് അവർ ക്യാമ്പിൽനിന്ന് വീടുകളിലേക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *