മൗനം ഫാഷിസത്തോട് സന്ധി ചെയ്യൽ: ഡോ: രാജ ഹരിപ്രസാദ്
vksfest6
ജനാധിപത്യത്തിൻ്റെ എല്ലാ തൂണുകളെയും ഫാഷിസം വിഴുങ്ങുന്ന ഈ ആപത്ക്കാലത്ത് മൗനം പാലിക്കുന്നത് ഫാഷിസത്തോട് സന്ധി ചെയ്യലാണെന്ന് ഡോ.രാജഹരിപ്രസാദ്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൽ ‘കല,കരുത്ത്, പ്രതിരോധം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാഷിസ്റ്റ് ശക്തികൾ പൂർണ സമയവും സംസ്കാരത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കേണ്ട പുരോഗമന പക്ഷത്തെ സംഘടനകൾ ആണ്ടിലൊരിക്കൽ സാംസ്കാരിക സമ്മേളനം നടത്തി തൃപ്തിയടയുകയാണ്. തെരുവുകൾ വീണ്ടെടുക്കുകയും അവിടെ പ്രതിരോധത്തിൻ്റെ ആശയങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുകയും വേണം. ഇതിന് കലയോളം ഫലപ്രദമായ മാധ്യമമില്ല.
കാലൂന്നി നിൽക്കുന്ന മണ്ണിൻ്റെ ഭാഷയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കലയിലൂടെ അവതരിപ്പിക്കാനുള്ള വിപുലമായ പരിശ്രമങ്ങൾ ഉണ്ടാകണമെന്ന് പ്രമുഖ തമിഴ് നാടകപ്രവർത്തകനും ചെന്നൈ കളിക്കുളുവിൻ്റെ സംഘാടകനുമായ പ്രളയൻ അഭിപ്രായപ്പെട്ടു. തോൽപ്പിക്കപ്പെട്ടവരുടെ കഥകൾ അവരുടെ കാഴ്ചപ്പാടിൽ പറയാനാവണം. ഏകലവ്യൻ സ്വന്തം കഥ പറഞ്ഞ് വ്യാസൻ്റെ കഥയെ നിരാകരിച്ച് നാടകം നിർവഹിച്ച അനുഭവം പ്രളയൻ പങ്കു വെച്ചു.മഹാഭാരതത്തിലെ കഥ ഇങ്ങനെയല്ലല്ലോ എന്നു പറയുന്നയാളോട് ഞാൻ എൻ്റെ കഥ പറയുന്നു നീ നിനക്ക് വേണ്ടതും എന്നു പറഞ്ഞ ഏകലവ്യൻ്റെ സന്ദേശമാണ് ജനകീയ അരങ്ങ് പറയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്ലാസിക് കലകളിലും പാരമ്പര്യങ്ങൾ ലംഘിച്ച് സാമൂഹിക മാറ്റത്തിനുള്ള ആവിഷ്കാരങ്ങൾ ഉണ്ടായി വരുന്നുണ്ടെന് പ്രമുഖ നർത്തകി നീന പ്രസാദ് പറഞ്ഞു. സവർണ കലയെന്ന് മാറ്റി നിർത്തി ക്ലാസിക്കൽ കലകളെ അവഗണിക്കരുത്. കഥകളിയിലും മോഹിനിയാട്ടത്തിലും ഭക്തി നിഷേധവും കാണാൻ സാധിക്കും.ഈ കലകൾക്ക് വേണ്ടി വിയർപ്പൊഴുക്കിയവർ സാധാരണക്കാരും പാവങ്ങളുമാണ്. അവർ പറഞ്ഞു.
വാണിജ്യത്തിൻ്റെ ഉപാധിയായിരിക്കുന്ന കല പ്രതിലോമാശയങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ പ്രതിയോഗിയുടെ മികവുകൾ തിരിച്ചറിഞ്ഞ് അവരുടെ ആയുധം തിരിച്ച് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് കലാ ഗവേഷകൻ ദേവേന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ഭാരതത്തിൽ ഫാഷിസം പല രൂപത്തിൽ പല കാലമായി വേരോട്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്ത്രീകൾ ദളിതർ മറ്റു പാർശ്വവല്ക്കരിക്കപ്പെട്ടവർ എന്നിവർക്ക് യഥാർഥ്യസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് മാത്രമേ സാംസ്കാരിക പ്രതിരോധം സാധ്യമാവൂ എന്നും ഹരിയാന ജൻ നാട്യമഞ്ച് പ്രവർത്തകൻ നരേഷ് പ്രേരണ പറഞ്ഞു.മുൻ എം.പി , പി രാജേന്ദ്രൻ അധ്യക്ഷനായി. കരിവെള്ളൂർ മുരളി, മനോജ്.കെ.പുതിയ വിള,ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.ബി.മുരളീകൃഷ്ണൻ, ജി. സത്യ ബാബു, ജി.സുന്ദരേശൻ എന്നിവർ സംസാരിച്ചു. പരിഷത്ത് കല സംസ്കാരം ഉപസമിതി കൺവീനർ കെ.വിനോദ് കുമാർ സ്വാഗതവും പി.ഹുമാം റഷീദ് നന്ദിയും പറഞ്ഞു.
തുടർന്ന് വി.കെ.എസ് ഗാനങ്ങളുടെ നൃത്താവിഷ്ക്കാരം കലാമണ്ഡലം അക്ഷയ അവതരിപ്പിച്ചു. ഹരിയാന ജൻ നാട്യമഞ്ച് പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.നരേഷ് പ്രേരണ രചനയും സംവിധാനവും നിർവഹിച്ച ‘താനാശാഹി കെ സമയ് പ്രേം കീ ദാസ്താൻ’, ‘ബാത് അഭീ ബാകീ ഹെ’ എന്നീ നാടകങ്ങളും സംഘഗാനങ്ങളുമാണ് അവതരിപ്പിച്ചത്. വിദ്യാർഥികളായ ശശാങ്ക് ബറുവ, മുഹമ്മദ് നൂറുദ്ദീൻ, അശോക്, യശ്വന്ത്, നികിത, അസ്ഹർ, ചേതന, അങ്കിത് ജസ്റ്റ് എന്നിവരാണ് കലാ സംഘത്തിൽ ഉണ്ടായിരുന്നത്