ജനാധിപത്യത്തിൻ്റെ അടിസ്ഥാനമൂല്യം സാഹോദര്യവും മൈത്രീബോധവും- ഡോ: സുനിൽ പി ഇളയിടം

0

vks fest7

ആധുനിക ജനാധിപത്യം നിലനില്ക്കണമെങ്കിൽ അടിസ്ഥാന മൂല്യമായി മൈത്രീബോധത്തെയും സാഹോദര്യത്തെയും സ്വാംശീകരിക്കണമെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൽ ‘ശാസ്ത്രം, സംസ്കാരം, ജനാധിപത്യം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ ഹിതമോ ഭരണനിർവഹണത്തിൻ്റെ സാങ്കേതിക ക്രമമോ അല്ല ജനാധിപത്യം. എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കലാണത്. അവിടെയാണ് സാഹോദര്യം പ്രസക്തമാവുന്നത്. സ്വാതന്ത്ര്യം സമത്വത്തെയും സമത്വാവകാശം സ്വാതന്ത്ര്യത്തെയും കയ്യേറാതിരിക്കാനും സഹോദര ഭാവം അനിവാര്യമാണ്. അത് കൊണ്ട് ജനാധിപത്യം ഒറ്റതിരിഞ്ഞ മൂല്യമല്ല, സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഉൾച്ചേർന്നതാണ്.
കേവല തർക്കികതയ്ക്കപ്പുറം ആഴമേറിയ സാഹോദര്യവും മൈത്രീബോധവും ശാസ്ത്ര ബോധത്തിലും ഉറപ്പാക്കേണ്ടതുണ്ട്. ശാസ്ത്രം തലച്ചോറിൽ ഇരിക്കുന്ന അറിവോ ഉപകരണ യുക്തിയായ സാങ്കേതിക വിദ്യയോ അല്ല. അത് ഒറ്റപ്പെട്ട വിഷയവുമല്ല. അത് സംസ്കാരവും ചരിത്രവും ഒക്കെയായി ഇഴചേർന്നു വളരുന്നതാണ് ശാസ്ത്രം.നിരന്തരം വികസിക്കുന്ന ചരിത്ര ബോധവും ശാസ്ത്ര ബോധവും സമൂഹത്തിലേക്ക് സംക്രമിക്കാത്തത് ഇക്കാലത്തെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു.

ശരിയായ ജനാധിപത്യം പുലരണമെങ്കിൽ ശാസ്ത്രബോധവും  ചരിത്രബോധവും അനിവാര്യമാണെന്നും ഇവ രണ്ടും സംരക്ഷിക്കപ്പെടണമെങ്കിൽ അർഥപൂർണമായ ജനാധിപത്യം പുലരേണ്ടതുണ്ടെന്നും അധ്യക്ഷനായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പറഞ്ഞു.

ശാസ്ത്രത്തെയും ചരിത്രത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത് ഭരണകൂടം തന്നെയാണ് എന്നതാണ് ഇന്നത്തെ സ്ഥിതി ഏറെ ഗുരുതരമാക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. നമ്മുടെ രാഷ്ട്ര സങ്കല്പത്തെ മുന്നോട്ടു നയിച്ച മൂല്യങ്ങളുടെ ചക്രങ്ങൾ അതിവേഗം പുറകോട്ട് പായുകയും പ്രാകൃതത്വത്തിലേക്ക് ചെന്നെത്തിക്കുകയും ചെയ്യുന്ന കാലമാണിത്.

കെ.രാജഗോപാൽ, അഡ്വ.ഡി.സുരേഷ് കുമാർ, നന്ദകുമാർ കടപ്പാൽ, മനോജ്.കെ പുതിയവിള എന്നിവർ സംസാരിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടരി എൽ.ഷൈലജ സ്വാഗതവും ശ്യാംകുമാർ.എ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *