കഴക്കൂട്ടം മേഖലയില്‍ പഠനകേന്ദ്രത്തിന് തുടക്കമായി

0
മേഖലാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് എന്‍‌ ജഗജീവന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: പിരിയോഡിക് ടേബിൾ നൂറ്റി അമ്പതാം വയസ്സിലേക്ക് കടന്നതിൻറെ ഭാഗമായി “ആവർത്തന പട്ടികയുടെ നൂറ്റമ്പത്‌ വർഷങ്ങൾ” എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയുടെ നേതൃത്വത്തിൽ ക്ലാസ്‌ സംഘടിപ്പിച്ചു. ചെമ്പകമംഗലം എ റ്റി കോവൂർ ഗ്രന്ഥശാലയിൽ ജൂലൈ 31 ന്‌ വൈകിട്ട് നാലുമണിക്ക്‌ നടന്ന ക്ലാസിന്‌ തോന്നയ്ക്കൽ ഗവ. എച്ച്‌ എച്ച്‌ എസ്‌ അദ്ധ്യാപിക ഡോ. ദിവ്യ എൽ നേതൃത്വം നൽകി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലാ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ആദ്യത്തെ ക്ലാസ് ആയിരുന്നു ഇത്. ആവർത്തന പട്ടികയുടെ ചരിത്രവും ഇന്നത്തെ ആവർത്തനപ്പട്ടികയ്ക്കു പിറകിലുള്ള രസതന്ത്രജ്ഞരെയും ഒക്കെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്ലാസ്സ് വളരെ വിജ്ഞാനപ്രദം ആയിരുന്നു.
ഉദ്ഘാടകനായി സംസാരിച്ച ശ്രീ. ജഗജീവന്റെ വാക്കുകൾ മേഖല പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി തുറന്നു കിടക്കുന്ന എല്ലാ വഴികളും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ളതായിരുന്നു. ശാസ്ത്രസമൂഹം അരക്ഷിതാവസ്ഥയിലാവുന്ന, സാധാരണമനുഷ്യർ ജനാധിപത്യ അവകാശങ്ങളില്ലാതാവുന്ന ഈ കാലത്ത്‌ പുതിയ ഇന്ത്യയെ രൂപപ്പെടുത്താൻ പുത്തൻ ജനകീയ ജനാധിപത്യവേദികളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞൂ. ശാസ്ത്രത്തിന്റെ ശക്തി ഉപയോഗിച്ചു കൊണ്ട്‌ അത്തരം വേദികളൊരുക്കാൻ പരിഷത്തിന്‌ കഴിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരള സമൂഹം ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികളായ വർഗ്ഗീയത, ശാസ്ത്ര വിരുദ്ധത, ജാതിമത വാഴ്ച്ച, അന്ധവിശ്വാസങ്ങൾ, കൂടി വരുന്ന ദരിദ്ര ധനിക അന്തരം തുടങ്ങി ഓരോന്നിനെയും പേരെടുത്ത്‌ പറഞ്ഞ്, ഇവയുടെ ആഘാതത്തിൽ പെട്ടുഴലുന്ന കേരളത്തിൽ ഒരു മേഖലാ പഠന കേന്ദ്രത്തിന് എങ്ങനെ ക്രിയാത്മകമായി ഇടപെടാമെന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം,ആരോഗ്യം, വികസനം തുടങ്ങിയ എല്ലാ മേഖലകളിലും പരിഷത്തിന്റെ പ്രസക്തിയും ഉത്തരവാദിത്തവും പ്രവർത്തന ദിശയും ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം വിശദീകരിച്ചു. വീട്ടമ്മമാരും അധ്യാപകരും സ്കൂൾ കുട്ടികളും യുവാക്കളും ഒക്കെ ചേർന്ന് എഴുപതോളം പേർ പങ്കെടുത്ത ഈ പരിപാടി ഒരു മേഖലാ പഠന കേന്ദ്രത്തിന് കിട്ടാവുന്ന ഏറ്റവും നല്ല തുടക്കം തന്നെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *