കുട്ടനാട് വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി

0

ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവശ്യ മരുന്നുകള്‍
എത്തിക്കുന്ന സന്നദ്ധസംഘം

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ക്യാന്‍ആലപ്പിയുമായി ചേര്‍ന്ന് 162 സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ ടീമുകളായി തിരിഞ്ഞ് കൈനകരി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ജലജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് എലിപ്പനിയുടെ പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളികകളും ഒ.ആര്‍.എസ്. പാക്കറ്റുകളും വിതരണം ചെയ്യുകയുണ്ടായി.
GPS സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ ദിവസവും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലുള്ള ഗൂഗിള്‍ മാപ്പ് സംവിധാനം ഉപയോഗിച്ച് എത്തിച്ചേരേണ്ട സ്ഥലത്തെ പറ്റിയുള്ള വിവരം കൃത്യമായി ലഭിക്കുന്നതിനാല്‍ കുട്ടനാടിനെപറ്റി പ്രാഥമിക അറിവ് ഇല്ലാത്ത ഒരു വ്യക്തിക്ക് പോലും സുരക്ഷിതമായി സര്‍വ്വേ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നു. കൂടാതെ ODK collect േസംവിധാനത്തിലൂടെ സമാഹരിക്കുന്ന വിവരങ്ങള്‍ ഒരു പൊതു ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ശേഖരിക്കപ്പെടുന്നതിനാല്‍ ലഭിച്ച വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അപഗ്രഥിക്കുവാന്‍ സാധിക്കുന്നു. ഈ സംവിധാനത്തിലൂടെ ആദ്യദിവസം തന്നെ 23 ക്യാമ്പുകളിലുള്ള 426 കുടുംബങ്ങളുടെ വിവരശേഖരണം നടത്തുകയുണ്ടായി. അതിലൂടെ കാര്യക്ഷമമാക്കേണ്ട കുടിവെള്ളസംവിധാനം, ഉള്‍പ്രദേശങ്ങളിലെ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ മെച്ചപെടുത്തേണ്ട സംവിധാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *