കുട്ടികളിൽ ജിജ്ഞാസയും ആശ്ചര്യവും നിറച്ച് ശാസ്ത്രത്തിന്റെ രണ്ടു ദിവസങ്ങൾ

0
ക്യാമ്പ് ഡോ. പി കെ രജുല ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ രസതന്ത്ര വിഭാഗവും ഗണിത ശാസ്ത്ര വിഭാഗവും പരിഷത്തിന്റെ സഹകരണത്തോടെ ഫെബ്രുവരി 28, 29 തീയതികളിലായി സംഘടിപ്പിച്ച ക്യാമ്പിൽ ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജിലെ കുട്ടികളും പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. പി കെ രജുല ഉദ്ഘാടനം ചെയ്തു. ഇരുട്ടിൽ കൊളുത്തിവെച്ച വിളക്കാണ് ശാസ്ത്രമെന്നും അതു കെടുത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്നും വർത്തമാന ഇന്ത്യൻ അവസ്ഥയെ ചൂണ്ടിക്കാട്ടി അവർ സംസാരിച്ചു. പാഠപുസ്തകങ്ങളിൽ നിന്നു മാത്രം കിട്ടുന്ന വിവരങ്ങളിൽ തൃപ്തരാകാതെ കൂടുതൽ അറിവുകൾ ആർജിക്കാനുള്ള ഇത്തരം ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു. ഡോ.സി പി സന്തോഷ് അധ്യക്ഷനായി. ഡോ.വിപിൻ ചന്ദ്രൻ സ്വാഗതവും സതീശൻ കസ്തൂരി നന്ദിയും പറഞ്ഞു. “വനിതകളും മെറ്റിൽഡാ ഇഫക്ടും” എന്ന വിഷയം അവതരിപ്പിച്ചു ടി വി നാരായണൻ ശാസ്ത്രദിന പ്രഭാഷണം നടത്തി. നിർമലഗിരി കോളേജിലെ അസി പ്രൊഫെസർ ഡോ. ദീപു ജോസ് നടത്തിയ “മാനം മഹാത്ഭുതം” എന്ന അവതരണം പ്രപഞ്ച വിസ്മയങ്ങളിലേക്കുള്ള കിളിവാതിൽ തുറന്നു. കെ പി പ്രദീപൻ നക്ഷത്ര നിരീക്ഷണത്തിനു നേതൃത്വം നൽകി. ടെലിസ്കോപ്പ്, സ്റ്റെല്ലേറിയം എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രദീപൻ വിശദീകരിച്ചു. “പ്രപഞ്ചത്തിന്റെ ഉല്പത്തി, നക്ഷത്ര പരിണാമം” എന്നീ കാര്യങ്ങൾ വിശദമായി സംസ്ഥാന പ്രസിഡന്റും സർവ വിജ്ഞാന കോശം ഡയറക്ടറുമായിരുന്ന പ്രൊഫ. കെ പാപ്പൂട്ടി അവതരിപ്പിച്ചു. ജ്യോതിശാസ്ത്രത്തിലെ ഏറ്റവും നവീനമായ അറിവുകൾ വളരെ ലളിതമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ അത് കൂടുതൽ അന്വേഷണങ്ങൾക്ക് പ്രചോദനമായി.
“ജ്യോതിശാസ്ത്രം വളർച്ചയുടെ പടവുകൾ” എന്ന അവതരണം ലുക്കാ പത്രാധിപർ ടി.കെ. ദേവരാജൻ നടത്തി. ജ്യോതിശാസ്ത്രത്തിൽ നിന്നും ജ്യോതിഷം വ്യത്യസ്തമാകുന്നത് എങ്ങനെ എന്നും ഫലഭാഗ ജ്യോതിഷത്തിന്റെ അശാസ്ത്രീയതകളും നിരർഥകതയും ക് സിൽ ടി കെ ദേവരാജൻ വ്യക്തമാക്കി.
ജാതകക്കുറിപ്പു നോക്കി ജനന സമയം തീയതി വർഷം എന്നിവ എങ്ങനെ മനസ്സിലാക്കാം എന്നും ചൊവ്വാ ദോഷം പോലുള്ള അന്ധവിശ്വാസങ്ങൾ എങ്ങനെ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും കുട്ടികൾ മനസ്സിലാക്കി.
ലോകപ്രശസ്തയായ കാലാവസ്ഥാ ശാസ്ത്രജ്ഞ ഡോ. അന്നാ മാണിയെക്കുറിച്ചു എ.ഐ.പി.എസ്.എന്‍ മുൻ ജനറൽ സെക്രട്ടറി ടി ഗംഗാധരൻ മാസ്റ്ററുടെ അവതരണം ഏറെ ആവേശകരമായിരുന്നു. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടും ശാസ്ത്രത്തിന്റെ വഴികളിലൂടെ നീങ്ങിയ മഹപ്രതിഭയ്ക്കു ആദരവും പുതിയ തലമുറയ്ക്ക് പ്രചോദനവുമായി ടി ജി യുടെ ക്‌ളാസ്.
ക്യാമ്പിൽ രണ്ടു ദിവസം കേട്ടതും സംവദിച്ചതുമായ കാര്യങ്ങൾ എത്രമാത്രം മനസ്സിലായി എന്നു വിലയിരുത്താനായി ഒരു ചെറിയ ചോദ്യാവലിയും ഉണ്ടായി. ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച ഒരു ഫീഡ്ബാക്കും.
ഏറെ ആസ്വദിച്ച, ആനന്ദിച്ച ദിവസങ്ങൾ എന്നു കുട്ടികൾ അഭിപ്രായപ്പെട്ടത് സംഘാടകർക്കും സന്തോഷം. ഡോ. സുരഭി, ഡോ. സന്തോഷ്, ഡോ. വിപിൻ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *