കുറുമാലിപ്പുഴ മണൽഖനനം അശാസ്ത്രീയം പരിഷത്ത് പഠനസംഘം

0
കുറുമാലിപ്പുഴയോരത്ത് നാലാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണൽക്കൂമ്പാരത്തിന് മുകളിൽ പഠന സംഘം.

തൃശ്ശൂര്‍: പഞ്ചായത്തിലെ കുറുമാലിപ്പുഴയുടെ കന്നാറ്റുപാടം, കാരികുളം ഭാഗത്തുനിന്ന് അമിതമായി മണൽ നീക്കം ചെയ്ത് മാറ്റിയിട്ടത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയസമിതി അംഗവും ഭൗമശാസ്ത്രജ്ഞനുമായ ഡോ. എസ് ശ്രീകുമാർ പറഞ്ഞു. ശാസ്ത്രീയമായ പഠനത്തിനും വിദഗ്ധോപദേശത്തിനും മണൽ ഓഡിറ്റിങ്ങിനും ശേഷം ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അനുമതിയോടെ മാത്രം ചെയ്യേണ്ട പ്രവർത്തിയാണിത്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് പുഴയ്ക്ക് വലിയ വീതിയില്ല. ഗണ്യമായ തോതിൽ സമതലനിക്ഷേപവുമില്ല.(Flood Plain Deposit). പുഴയുടെ മധ്യത്തിൽ സ്വാഭാവികമായി രൂപപ്പെട്ട മണൽത്തിട്ടകൾ ( 20 മീ വീതി x 50 മീ നീളം) നീക്കം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ, പുഴയുടെ അടിത്തട്ടിനെയും ഇരുകരകളെയും പ്രതികൂലമായി ബാധിക്കും വിധമാണ് ഇവിടെ യന്ത്രസഹായത്താൽ അമിതമായി മണൽ ഖനനം ചെയ്ത് പുഴയോരത്ത് മാറ്റിയിട്ടിരിക്കുന്നത്. നദിയുടെ അടിത്തട്ടിലെത്തുന്ന ഒഴുക്കുവെള്ളം ഇരുകരകളയും കവർന്നെടുക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നു. തീരം ഇടിയാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. ഒഴുക്കിന്റെ ശക്തിയിൽ കര പുഴയെടുക്കുകയും പുഴയ്ക്ക് വീതി വെക്കുകയും ചെയ്തേക്കാം. ആഴത്തിലുള്ള മണ്ണെടുപ്പ് , പ്രദേശത്തെ ഭൂഗർഭജലവിതാനം വേനൽക്കാലത്ത് താഴാനും ഇടവരുത്തും. ഇപ്പോൾ ഖനനം ചെയ്ത് മാറ്റിയിട്ടിരിക്കുന്ന മണ്ണ് പുഴയുടെ തിട്ട ബലപ്പെടുത്തുന്നതിന് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള മുൻ കരുതലെന്ന നിലയ്ക്ക് ഒഴുക്കിന് തടസ്സം നിൽക്കുന്ന കടപുഴകി വീണ മരങ്ങളും പാലം പണിയ്ക്കിടെ നിക്ഷേപിക്കപ്പെട്ട കോൺക്രീറ്റും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനുദ്ദേശിച്ച് നടത്തുന്ന ‘ജലപ്രയാണം’ പദ്ധതിയുടെ മറവിലാണ് ബിസിനസ് താൽപര്യങ്ങൾക്ക് വഴങ്ങി പുഴയ്ക്കും തീരത്തിനും നാശം വരുത്തുന്ന ഈ പ്രവൃത്തിയെന്ന് പഠനസംഘം നിരീക്ഷിച്ചു.
പറപ്പൂക്കര പഞ്ചായത്തിലെ കറുമാലിപ്പുഴയോരത്തെ പറ്റി കൊടകര മേഖല നേരത്തെ നടത്തിയ പഠനത്തിൽ, പുഴയോരം വ്യാപകമായി ഇടിയുന്നതായും ബണ്ട് തകരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്. അമിതമായി മണലെടുത്ത് പുഴയുടെ ആഴം കൂട്ടുകയല്ല വേണ്ടത്. മറിച്ച് ഇങ്ങനെ ഇപ്പോൾ നീക്കം ചെയ്ത മണ്ണ് ഉപയോഗിച്ച് പുഴയുടെ ബണ്ട് ബലപ്പെടുത്തുകയാണ് വേണ്ടത്.
ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, പരിസര വിഷയസമിതി ജില്ലാ കൺവീനർ ടി വി വിശ്വംഭരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ജി ഗോപിനാഥൻ, പി എസ് ജൂന, അഡ്വ. കെ പി രവിപ്രകാശ് എന്നിവരും കെ കെ അനീഷ്കുമാർ, കെ ജി മുകുന്ദൻ, എം മോഹൻദാസ്, പി എസ് അശോകൻ, വി എ ലിന്റൊ എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *