കേരളത്തെ മറ്റൊരു സോമാലിയ ആക്കരുത് : ഡോ.എസ്. ശ്രീകുമാർ

0

 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി പരിസര വിഷയസമിതി സംസ്ഥാന ചെയർമാൻ ഡോ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ : കടുത്ത പട്ടിണിയിലും കുടിവെള്ളക്ഷാമത്തിലും പൊറുതിമുട്ടി തെരുവ് യുദ്ധം നടക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ സോമാലിയയുടെ അനുഭവമാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് ഭൗമശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതി സംസ്ഥാന ചെയർമാനുമായ ഡോ. എസ്. ശ്രീകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഓർഡിനൻസിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാതൊരു മാനദണ്ഡവുമില്ലാതെ, വളരെ അശാസ്ത്രീയമായി സോമാലിയയിലെ കാടുകൾ വെട്ടിവെളുപ്പിക്കുകയും പാടശേഖരങ്ങൾ നികത്തി വികസനം നടത്തുകയും ചെയ്തതിനെത്തുടർന്നാണ് അവർ ഇന്നനുഭവിക്കുന്ന കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായത്. സംസ്ഥാനസർക്കാരിന്റെ പുതിയ നിയമ ഭേദഗതി ശേഷിക്കുന്ന നെൽവയലുകളെ കൂടി ഇല്ലാതാക്കാൻ സഹായകരമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ്. ജലസംഭരണികൾ കൂടിയായ തണ്ണീർത്തടങ്ങൾ താൽക്കാലികമായ നേട്ടത്തിനുവേണ്ടി നികത്തുന്നത് പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെയാണെന്നും വരും തലമുറയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് എം.എ മണി അധ്യക്ഷത വഹിച്ചു. ടി എം മുകുന്ദൻ, അഡ്വ. ജോർജ് പുലിക്കുത്തി, ഡോ.കെ.വിദ്യാസാഗർ, എം. മോഹൻദാസ് , കെ.കെ. അനീഷ് കുമാർ , ജില്ലാ സെക്രട്ടറി കെ.എസ്. സുധീർ, പരിസര വിഷയ സമിതി ജില്ലാ കൺവീനർ ടി.വി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
നേരത്തെ നടുവിലാൽ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധജാഥ സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. പ്രൊഫ.സി.വിമല, അംബിക സോമൻ, അനിത, മഹേഷ്, ടി. സത്യനാരായണൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed