കണ്ണൂർ-ഗ്രാമീണ ഗ്രന്ഥാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കണ്ണൂർ ജില്ലാ പഠന കേന്ദ്രം ആവശ്യപ്പെട്ടു.
കേരളത്തിന്റെ പുരോഗമനോന്മുഖമായ പൊതുമണ്ഡലത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ഗ്രാമീണ ഗ്രന്ഥാലയങ്ങൾ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ പതിനായിരത്തിലേറെ ഗ്രന്ഥാലയങ്ങളാണ് കേരളത്തിൽ സ്ഥാപിതമായിട്ടുള്ളത്. ഇത് ലോകത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. മതേതരത്വവും പുരോഗമന ചിന്തയും കേരളീയ മനസ്സിൽ ആഴത്തിൽ വേരൂന്നുന്നതിന് ഈ ഗ്രന്ഥാലയങ്ങളാണ് കാരണം. സാധാരണക്കാരായ മനുഷ്യരുടെ അകമഴിഞ്ഞ സഹായത്തോടെയും അനല്പമായ പങ്കാളിത്തത്തോടെയുമാണ് ഇവ ഓരോന്നും സ്ഥാപിക്കപ്പെട്ടതും പരിപാലിക്കപ്പെടുന്നതും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസവ്യാപനത്തിന്, ജനാധിപത്യ മനോഭാവത്തിന്, ശാസ്ത്ര ചിന്തയ്ക്ക് എല്ലാം അന്തരീക്ഷമൊരുക്കിയത് സുസംഘടിതമായ ഗ്രാമീണ ഗ്രന്ഥാലയങ്ങളാണ്.
ഇന്ത്യയെപ്പോലെ ബഹുസ്വരത പരമപ്രധാനമായ ഒരു രാജ്യത്ത് വിദ്യാഭ്യാസവും സംസ്‌കാരവും സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ തുടരേണ്ടത് രാഷ്ട്രചേതനയുടെ അഭംഗുരതയ്ക്ക് അനിവാര്യമാണ്. ഗ്രാമീണ ഗ്രന്ഥാലയങ്ങളെ സമവർത്തിപ്പട്ടികയിൽപ്പെടുത്തി നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരികന്റെ നീക്കം ഭീതിദമാണ്.
നിലനിൽക്കുന്ന ഭരണവ്യവസ്ഥയ്ക്കുള്ളിൽ തന്നെ കേന്ദ്രസർക്കാരിന് സഹായിക്കാം. നെഹറുവിന്റെ കാലത്ത് സ്ഥാപിതമായ രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷനിലൂടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി അത് ചെയ്തു വരുന്നുണ്ട്. അധികാര വികേന്ദ്രീകരണം സാർവ്വലൗകികമായ് അംഗീകരിക്കപ്പെട്ട കാലത്ത് പുതിയൊരു നിയമം നിർമിച്ച് ഗ്രാമീണ ഗ്രന്ഥാലയങ്ങളുടെ നിയന്ത്രണാധികാരം കയ്യടക്കാനുള്ള കേന്ദ്രഭരണകക്ഷിയുടെ കുടില നീക്കമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം സംസ്ഥാനത്തിന് നൽകിയിട്ടുള്ള അധികാരങ്ങളിൽ ” സംസ്ഥാനം നിയന്ത്രിക്കുന്നതോ ചെലവ് വഹിക്കുന്നതോ ആയ ഗ്രന്ഥശാലകളുടെ’ ചുമതല സംസ്ഥാനങ്ങൾക്കാണ്.
ഭരണഘടനാ ഭേദഗതിയില്ലാതെ ഈ അധികാരം കവർന്നെടുക്കാൻ സാധിക്കില്ല. ഇന്നത്തെ അവസ്ഥയിൽ അത് സുസാധ്യവുമല്ല. വിദ്യാഭ്യാസത്തെ 42ാം ഭേദഗതിയിലൂടെയാണ് സമവർത്തിപ്പട്ടികയിലുൾപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്.
കേന്ദ്ര സർക്കാരിന്റെ ദുരുപദിഷ്ടവും ജനാധിപത്യവിരുദ്ധവുമായ നീക്കത്തിൽ പ്രതിഷേധിക്കുവാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പഠന കേന്ദ്രം കൂട്ടായ്മ അഭ്യർത്ഥിക്കുന്നു.