ജീവിതം മൈക്രോബുകളോടൊപ്പം

0

കോടാനുകോടി വൈവിധ്യമാര്‍ന്ന മൈക്രോബുകള്‍ നമ്മുടെ അന്നനാളത്തിലും കുടലിലും ഒരൊറ്റ സമൂഹമായി വസിച്ച് കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയെയും രോഗാവസ്ഥയയെയും സ്വാധീനിക്കുന്നു. ആന്‍ഡ്രൂമൊള്ളര്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ ഡോക്ടറല്‍ ബിരുദൊത്തിനായി സമര്‍പ്പിച്ച പ്രബന്ധം മനുഷ്യ ഉദരത്തിലെ മൈക്രോബയോട്ടയുടെ പരിണാമചരിത്രാന്വേഷണമായിരുന്നു. ഒരു നിയത എക്കോവ്യൂഹത്തില്‍ കാണപ്പെടുന്ന പലതരത്തില്‍പ്പെട്ട മൈക്രോബുകളുടെ ഒരു കോളനിയെയാണ് മൈക്രോബയോട്ട എന്നുപറയുന്നത് അന്നനാളം അത്തരം ഒരു എക്കോവ്യൂഹമാകുന്നു. മനുഷ്യജീവിതത്തില്‍ മൈക്രോബയോട്ടയുടെ പങ്കിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ഹ്യൂമന്‍ മൈക്രോബയോം പ്രോജക്ട് (HMP) എന്ന ഒരു ഗംഭീര പദ്ധതി 2008 ല്‍ തുടങ്ങിവച്ചു. മനുഷ്യന്റെ ശരീരവുമായി ഒത്തുചേര്‍ന്ന് ജീവിക്കുന്ന മൈക്രോബയോട്ടയുടെ ജീനോമുകളുടെ കാറ്റലോഗ് തയ്യാറാക്കുകയും മനുഷ്യരുടെ സ്വാസ്ഥ്യത്തിനും ആസ്വാസ്ഥ്യത്തിലും അവയുടെ ധര്‍മങ്ങള്‍ വിശകലനം ചെയ്യുകയും ആയിരുന്നു HMPയുടെ ലക്ഷ്യം. അന്നപഥ മൈക്രോബയോട്ടയെ സംബന്ധിച്ച രസകരമായ അനേകം വിവരങ്ങള്‍ ഈ പഠനങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടു. നവജാതശിശുക്കള്‍ക്ക് മാതാവില്‍ നിന്ന് കുറേ മൈക്രോബുകളെ ലഭിക്കും. പന്ത്രണ്ട് വയസ്സാകുന്നതോടെ അവയുടെ എണ്ണവും വൈവിധ്യവും വര്‍ധിക്കുകയും ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്റെ മൈക്രോബയോട്ടയ്കക്ക് ഒപ്പമാവുകയും ചെയ്യും. 70 വയസ്സ് കഴിയുമ്പോള്‍ എണ്ണത്തിലും വൈവിധ്യത്തിലും ക്ഷയമുണ്ടാകും. അതേപോലെ അവയുടെ കാര്യപ്രാപ്തിയലും കുറവ് വരും. നൈസര്‍ഗികമായി കിട്ടിയതും ചുറ്റുപാടില്‍ നിന്ന് നേടിയതുമായ ലക്ഷണങ്ങള്‍ മൈക്രോബയോട്ടയുടെ വൈവിധ്യത്തെയും സന്തുലനത്തെയും പ്രവര്‍ത്തനശേഷിയെയും ബാധിക്കുന്നു. കൊഴുപ്പും ഉപ്പും കൂടുതലായി ചേര്‍ന്ന ഭക്ഷണരീതി ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തുടങ്ങിയവ മൈക്രോബയോട്ടയുടെ വൈവിധ്യത്തെയും അതിന്റെ അനുപാതത്തെയും ബാധിക്കുന്നു. മൈക്രോബയോട്ടയുടെ വൈവിധ്യവും ആപേക്ഷിക അനുപാതവും ഒരു വ്യക്തിയുടെ ലാക്ഷണികഗുണമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും ഒരു മൈക്രോബിയ കയ്യൊപ്പ് – അതായത് തനിമയാര്‍ന്ന മൈക്രോബിയ തിരിച്ചറിയല്‍ രേഖ ഉണ്ട്. ചില ഭക്ഷണങ്ങളോട് വ്യക്തികള്‍ക്ക് തോന്നുന്ന ഇഷ്ടത്തിനും അനിഷ്ടത്തിനും കാരണം മൈക്രോബുകളുടെ സാന്നിധ്യം ആണെന്ന് ഗവേഷകര്‍ പറയുന്നു.
പന്ത്രണ്ട് വയസാകുന്നതോടെ ഒരു വ്യക്തിക്ക് അയാളുടേതായ മൈക്രോബിയ ചേരുവ ലഭ്യമാകുന്നു. ഈ സാഹചര്യത്തില്‍ വരുന്ന ഉലച്ചിലുകള്‍ ഉദരവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ രോഗങ്ങള്‍ക്ക് ഹേതുവാകുന്നു. ഈ ഉലച്ചിലിന് ഡിസ്‍ബയോസിസ് എന്നു പറയുന്നു. അവിടെ മൈക്രോബുകളുമായുള്ള സഹവാസത്തിന് ഉലച്ചില്‍ സംഭവിക്കുന്നു. അലര്‍ജി, ആസ്മ, പൊണ്ണത്തടി, ദഹനക്കേട് തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണം മൈക്രോബയോട്ടയില്‍ ഉണ്ടാകുന്ന അലോരസങ്ങളാണ്. പക്ഷേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരവുമുണ്ട്. ഗുണമേന്മയുള്ള മൈക്രോബിയല്‍ സമൂഹത്തെ ഉദരത്തില്‍ ഉത്പാദിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ തക്കമുള്ള ഭക്ഷണം നാം ശീലിക്കണം. തൈര്, ചീസ്, ഇഡ്ലി തുടങ്ങിയ പ്രോ ബയോട്ടിക്കുകള്‍ ഉള്ളതും നാരുകള്‍ ധാരാളമായുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ‌നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ആധുനിക ജീവിതശൈലി മൈക്രോബുകളെ ഒഴിവാക്കുന്ന തരത്തിലുള്ളതാണ്. അവയിലേറ്റവും പ്രധാനം ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗമാകുന്നു. മറ്റൊന്ന് ആന്റി സെപ്റ്റിക്കുകള്‍ ആവശ്യമില്ലാതെയും ഉപയോഗിക്കുന്നതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ മൈക്രോബുകളെ നശിപ്പിക്കാതെ ഉള്ള ഒരു ജീവിതശൈലി നാം സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *