തിരൂരങ്ങാടി മേഖല ജനോത്സവം കൊടിയിറങ്ങി

0

തിരൂരങ്ങാടി : പുതുമയുള്ള കൊടിയേറ്റം, 13 കേന്ദ്രങ്ങളിലെ പ്രാദേശിക പരിപാടികൾ, ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോൾ കളി, രണ്ടു ദിവസത്തെ വിപുലമായ പ്രദർശനപൂരം, സമാപന ദിവസത്തെ സയൻസ് മിറാക്കിൾ ഷോ, ശാസ്ത്രം കെട്ടുകഥയല്ല പ്രഭാഷണം. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മേരി ക്യൂറി കലായാത്രയും – മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മേഖല ജനോത്സവം കലയെ പ്രാദേശിക ജനതയുടെ ആയുധമാക്കുന്നതിലെ പുത്തൻ അനുഭവമായി. പ്രാദേശികമായി കെട്ടിയെടുത്ത പാട്ടുകൾ ഉൾപ്പെട്ട പാട്ടുപന്തലും സിനിമാകൊട്ടകയും നാട്ടുവർത്തമാനവുമായിരുന്നു മുഴുവൻ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നത്. മൂന്നിടത്ത് വരക്കൂട്ടവും ഉണ്ടായി. യു. കലാനാഥൻ മാഷ് ചെയർമാനും പി.സുനിൽകുമാർ വർക്കിങ് ചെയർമാനും എ.കെ.ശശിധരൻ കൺവീനറുമായ സ്വാഗത സംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വായനശാലകൾ, ക്ലബുകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ മുൻകൈയിലായിരുന്നു പ്രാദേശിക ജനോത്സവ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. മിക്കയിടത്തും വേദികളായത് വീട്ടുമുറ്റങ്ങൾ. ഓരോ കേന്ദ്രത്തിലും 50-100 പേർ പങ്കാളികളായി. ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും. വള്ളിക്കുന്നിലെ കുറിയപ്പാടത്ത് നടന്ന പരിപാടിയിൽ 250-ലേറെപ്പേർ ഉണ്ടായിരുന്നു. നാടൻ പാട്ടുകളും കവിതയും എന്നു തുടങ്ങി ഒപ്പനവരെയായി രാവേറെ നീണ്ടു അവിടെ ജനോത്സവം. പൂരക്കളിത്തട്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ജെന്റര്‍ ന്യൂട്രല്‍ഫുട്ബോൾ ശ്രദ്ധേയമായി. ശാസ്ത്രദിനത്തിലെ കൊടിയിറക്കത്തിൽ ശ്രീ.സുരേഷ് അവതരിപ്പിച്ച സയൻസ് മിറാക്കിള്‍ ഷോ, ഡോ.ഹരികുമാരൻ തമ്പി നടത്തിയ ശാസ്ത്രം കെട്ടുകഥയല്ല പ്രഭാഷണം എന്നിവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *