ദുരന്തനിവാരണ സമിതികൾ പ്രാദേശിക തലത്തിലേക്ക് വികേന്ദ്രീകരിക്കണം

0

തൃശ്ശൂർ ജില്ലയിലെ ഉരുൾപൊട്ടലുകൾ എന്ന പഠന റിപ്പോർട്ട് വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ പ്രകാശനം ചെയ്യുന്നു.

വടക്കാഞ്ചേരി : പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും അവ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് തലത്തിൽ വിദഗ്‌ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുകയും ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലാൻഡ് സ്ലൈഡ് പ്രോജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഐ.ആര്‍.ടി.സി ഡയറക്ടറുമായ ജിയോളജിസ്റ്റുമായ ഡോ.എസ്. ശ്രീകുമാർ പറഞ്ഞു. ഉരുൾപൊട്ടലിനെ തുടർന്ന് 19 പേരുടെ ജീവനപഹരിച്ച തൃശ്ശൂർ ജില്ലയിലെ കുറാഞ്ചേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച “തുടർക്കഥയാകുന്ന ഉരുൾപൊട്ടൽ; ഇനിയും പഠിക്കാത്ത നമ്മൾ… ” എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകളിലെ ദുരന്തനിവാരണത്തിന്റെ ചുമതല നിലവിൽ കളക്ടർമാർക്കാണ്. ഗ്രാമങ്ങളിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായും പെട്ടെന്നും കൈകാര്യം ചെയ്യാനും ഏകോപിപ്പിക്കാനും ജില്ലാ കളക്ടർമാർക്ക് പ്രായോഗികമായി അത്ര എളുപ്പമല്ല. പഞ്ചായത്തുകളിൽ വിദഗ്ധരെ ഉൾപ്പെടുത്തി കർമ്മസേന നിലവിൽ വരേണ്ടതുണ്ട് എന്നദ്ദേഹം പറഞ്ഞു. ഫോറസ്ട്രി കോളേജ് ഡീൻ ഡോ. കെ വിദ്യാസാഗർ മോഡറേറ്റർ ആയിരുന്നു. ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ജിയോളജിസ്റ്റുകൾ തൃശ്ശൂർ ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ പഠന റിപ്പോർട്ട്, വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ, പരിഷത്ത് മേഖലാ പ്രസിഡണ്ട് സി.എം. അബ്ദുള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. കേരള വനഗവേഷണ കേന്ദ്രത്തിലെ സോയിൽ സയന്റിസ്റ്റ് എം.പി. സുജാത മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്ത് ലാൽ, ശ്രീകേരളവർമ്മ പൊതു വായനശാല പ്രസിഡൻറ് വി. മുരളി, പരിഷത്ത് ജില്ലാസെക്രട്ടറി ടി. സത്യനാരായണൻ, മേഖലാ സെക്രട്ടറി എം. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. രാജൻ നെല്ലായി ഭൂമിഗീതങ്ങൾ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed