പത്രക്കുറിപ്പ് – ദേശീയ പാത വികസനം ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരളത്തിലെ ദേശീയപാതകള്‍ എത്രയും പെട്ടന്ന് വികസിപ്പിക്കേണ്ടത് അനിവാര്യം തന്നെയാണ്. സെപ്തംബര്‍ 2018നകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കും എന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മാറ്റാന്‍ അവര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് 30 മീറ്റര്‍ പാത 45 മീറ്റര്‍ ആക്കാന്‍ നിര്‍ബന്ധിതമായത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിച്ചാല്‍ തന്നെയും ഭൂമിയും കിടപ്പാടവും നഷ്ട്ടപെടുന്നവരുടെ പ്രശ്‌നത്തെ എങ്ങിനെയാണ് സര്‍ക്കാര്‍ പരിഹരിക്കാന്‍ പോകുന്നത് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോഡിന്റെ രൂപരേഖ (alignment) ഇടയ്ക്കിടയ്ക്ക് മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. പ്രത്യേകിച്ച് ബൈപ്പാസിന്റെ കാര്യത്തില്‍, ബൈപ്പാസുകള്‍ക്ക് പുതിയ വഴിയാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നറിയുന്നു. ഏതാണ് രൂപരേഖ (alignment) എന്ന് കൃത്യമാക്കാത്തിടത്തോളം കാലം ജനങ്ങളുടെ പരിഭ്രാന്തി വര്‍ധിച്ചുകൊണ്ടിരിക്കും. മറ്റൊന്ന് നിലനില്‍ക്കുന്ന റോഡ് വികസിപ്പിച്ചാണ് പുതിയ വീതിയുള്ള റോഡ് നിര്‍മ്മിക്കുന്നത്. ഈ പാതയിലൂടെ പോകുന്നതിന് ടോള്‍ വേണ്ടിവരുമോ? എങ്കില്‍ ടോളിന്റെ നിരക്ക് എന്തായിരിക്കും. മുന്‍ അനുഭവങ്ങളിലെപോലെ സമാന്തരറോഡുകള്‍ കെട്ടി അടച്ച് ഉയര്‍ന്ന നിരക്കില്‍ ടോള്‍ കൊടുക്കേണ്ട സാഹചര്യമാകുമോ നിലവില്‍ ഉണ്ടാകുക. അതീവ ജനസാന്ദ്രതയുള്ള പ്രദേശത്തുകൂടി ഉയര്‍ന്ന നിലവാരമുള്ള അതിവേഗപ്പാത നിര്‍മിക്കുമ്പോള്‍ പ്രാദേശിക ജനതക്ക് ഉണ്ടാകാവുന്ന സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരമാണ് സര്‍ക്കാരിന് നിര്‍ദ്ദേശിക്കാനുള്ളത്.
ഇത്തരത്തില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 3എ ഡിക്ലറേഷന്‍ പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്നെ താഴെ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും അത് ജനങ്ങളെ അറിയിക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
1. പുനരധിവാസ നഷ്ടപരിഹാര പാക്കേജുകള്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രം 3എ ഡിക്ലറേഷന്‍ പുറപ്പെടുവിക്കുക.
2. നിലവിലുള്ള പാതയാണ് വികസിപ്പിക്കുന്നത് എന്നതിനാല്‍ ജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാത്ത വിധത്തില്‍ പകരം സംവിധാനം കൊണ്ടുവരിക.
3. ജനങ്ങളുടെ സുരക്ഷക്ക് പരമപ്രാധാന്യം നല്‍കികൊണ്ട് ആവശ്യമായ ഫ്‌ളൈ ഓവറുകളും സിഗ്നലോടുകൂടിയ ക്രോസിങ്ങ് സംവിധാനങ്ങളും മുന്‍കൂട്ടി തന്നെ പ്രഖ്യാപിക്കുക.
4. മുന്‍പത്തെ രൂപരേഖ (alignment) മാറ്റേണ്ടിവരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് മാറ്റി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക.
5. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക.
ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ ആണ് പരമാധികാരികള്‍. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി പരിഹരിച്ചുകൊണ്ട് മാത്രമേ ദേശീയപാത വികസനം മുന്നോട്ട് കൊണ്ടുപോകാവൂ എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

Share

Leave a Reply

Your email address will not be published.

ജില്ലാവാർത്തകൾ