പരിസ്ഥിതി ജനസഭ – തിരുവനന്തപുരം

0
തിരുവനന്തപുരം ജില്ലാതല പരിശീലന ശില്പശാലയില്‍ നിന്ന്.

തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും പരിസ്ഥിതി ജനസഭ സംഘടിപ്പിക്കുന്നതിന് തീരുമാനമായി. പരിസ്ഥിതി ജനസഭയിൽ പ്രാദേശിക പരിസ്ഥിതി പഠനം നടത്തുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാല തിരുവനന്തപുരം പരിഷദ് ഭവനില്‍ നടന്നു. ഡോ. കെ വി തോമസ്, ഡോ. അജയകുമാർ വർമ്മ, എൻ ജഗജീവൻ, വി ഹരിലാൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഡോ. നന്ദകുമാർ, ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. അനൂപ് കൃഷ്ണൻ, ഡോ. റഫീക്ക് എന്നിവരും സംസാരിച്ചു.
പരിസ്ഥിതിയെ സംരക്ഷിച്ചുള്ള സുസ്ഥിര വികസന സമീപനത്തെക്കുറിച്ച് പൊതുസമൂഹം ഗൗരവത്തിൽ ചിന്തിക്കുന്ന പശ്ചാത്തലത്തിൽ ജനസഭകൾക്ക്‌ വലിയ പ്രസക്തിയുണ്ടെന്ന് ശിൽപശാല വിലയിരുത്തി. പാലോട്, വർക്കല, കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട്, വെള്ളനാട്, നെയ്യാറ്റിൻകര, പാറശാല, നേമം, വെഞ്ഞാറമൂട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പഠന വിഷയങ്ങള്‍ അവതരിപ്പിച്ചു.
പെരിങ്ങമ്മല പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്കുള്ള വന്യ മൃഗങ്ങളുടെ കടന്നുവരവിന്റെ നിയന്ത്രണം (പാലോട് മേഖല), ചെറുന്നിയൂർ പഞ്ചായത്തിലെ നീർച്ചാലുകളുടെ ശോഷണം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ (വർക്കല മേഖല), അഞ്ചുതെങ്ങ് പഞ്ചായത്തിലെ തീരശോഷണവും തീരമലീനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ (ആറ്റിങ്ങൽ), അരുവിക്കര ഡാമും ക്വാറികൾ ഉയർത്തുന്ന പ്രശ്നങ്ങളും (നെടുമങ്ങാട് മേഖല), കുറ്റിച്ചൽ പഞ്ചായത്തിലെ കുമ്പിൾ മൂട് തോട്ടിലുണ്ടായ പ്രളയത്തിന്റെ കാരണങ്ങൾ (വെള്ളനാട്‌), അതിയന്നൂർ പഞ്ചായത്തിലെ പാടശേഖരങ്ങളുടെ നശീകരണവും കുടിവെള്ള പ്രശ്നവും (നെയ്യാറ്റിൻകര), ചെങ്കൽ പഞ്ചായത്തിലെ നെൽവയലുകളുടേയും ജലാശയങ്ങളുടേയും നാശം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ (പാറശാല), വിളപ്പിൽ പഞ്ചായത്തിലെ ജലലഭ്യതയും ഭൂവിനിയോഗവും (നേമം), നെല്ലനാട് പഞ്ചായത്തിലെ ജലവിതാനവും മാലിന്യപ്രശ്നങ്ങളും (വെഞ്ഞാറമൂട്), നെടുങ്കാട് വാർഡിലെ മാലിന്യപ്രശ്നങ്ങൾ (തിരുവനന്തപുരം), കഠിനംകുളം കായൽ തീരത്തിലുള്ള കിണറുകളിലെ ശുദ്ധജല ലഭ്യത (കഴക്കൂട്ടം), പെരുങ്കടവിളയിലെ ക്വാറികൾ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ (പെരുങ്കടവിള), നഗരൂരിലെ ക്വാറികൾ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ (കിളിമാനൂർ) എന്നീ വിഷയങ്ങളിലാണ് പരിസ്ഥിതി ജനസഭ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *