പുതിയ ദേശീയ വിദ്യാഭ്യാസ നയം: കനത്ത ആഘാതം

0

കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധനും എൻ.സി.ഇ.ആർ.ടി.യുടെ മുൻ കരിക്കുലം മേധാവിയുമായ ഡോ. എം എ ഖാദർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഉപസമിതി സംഘടിപ്പിച്ച വെബിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം നവീന സമീപനം അനുസരിച്ചാവണം എന്നാണ് രേഖയിൽ അവിടവിടെ പറഞ്ഞിട്ടുള്ളത്. എന്നാൽ കോമ്പിറ്റൻസിയും പഠനനേട്ടവും ആണ് പ്രധാനമെന്ന് വരുന്നതോടെ പ്രവർത്തനാധിഷ്ഠിത പഠനരീതി കടലാസിലേ ഉണ്ടാവൂ. 3, 5, 8 ക്ലാസുകളിൽ പുതുതായി ഏർപ്പെടുന്ന പൊതു പരീക്ഷകളും പന്ത്രണ്ടാം ക്ലാസിനു ശേഷം ഉന്നത പഠനത്തിന് ഏർപ്പെടുത്തുന്ന പൊതു എൻട്രൻസ് പരീക്ഷകളും ഈ ദു:സ്ഥിതിക്ക് ആക്കം കൂട്ടും.
അധ്യാപകരുടെ യോഗ്യത ഉയർത്തുന്നത് ഉചിതമാണെങ്കിലും അവരുടെ പ്രമോഷനും മറ്റും കാര്യക്ഷമതയുമായി ബന്ധപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. സ്കൂളിനെ ഒരു ഫ്ലാക്ടറിയായും അധ്യാപകനെ അവിടുത്തെ തൊഴിലാളിയായുമാണ് പുതിയ രേഖ കാണുന്നത് എന്നത് നിർഭാഗ്യകരമാണ്. സന്നദ്ധ സംഘടനകളുടെ കടന്നു കയറ്റവും ബദല്‍ വിദ്യാലയങ്ങള്‍ക്ക് അമിത പ്രോത്സാഹനം നല്‍കുന്നതും ആശങ്കാജനകമാണ്.
അമിതമായ കേന്ദ്രീകരണമാണ് രേഖയിലാകെ കാണുന്നത്. ഇത് ഫെഡറലിസത്തിന് വിരുദ്ധമാണ്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെന്നത് ഇതിന്റെ ഉപജ്ഞാതാക്കൾ വിസ്മരിച്ചു. ഒരുഭാഗത്ത് സംസ്ഥാനങ്ങളെ അവിശ്വസിക്കുന്ന രേഖ മറുഭാഗത്ത് മാർക്കറ്റ് ശക്തികളെ വിശ്വാസത്തിലെടുക്കുന്നു. വിദ്യാഭ്യാസത്തെ കോർപ്പറേറ്റുകളുടെ ഇംഗിതമനുസരിച്ച് രൂപപ്പെടുത്തുന്ന ഈ രേഖയ്ക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയർന്നുവരണം എന്നദ്ദേഹം ഓർമിപ്പിച്ചു. വെബിനാറിൽ ഉപസമിതി ചെയർമാൻ പ്രൊഫ. പി കെ രവീന്ദ്രൻ മോഡറേറ്ററായിരുന്നു. ഒ എം ശങ്കരൻ ചർച്ചകൾ ക്രോഡീകരിച്ചു. ഡോ. പി വി പുരുഷോത്തമൻ സ്വാഗതവും ജി സ്റ്റാലിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed