പെരിങ്ങമ്മല പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

0

മാലിന്യ സംസ്ക്കരണ പ്ലാന്റ് പെരിങ്ങമ്മലയില്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം

പെരിങ്ങമല പഠന റിപ്പോര്‍‌ട്ട് ഡോ. കെ വി തോമസ് സമരസമിതി അംഗം സലാഹുദ്ദീന് നല്‍കി പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം: ജൈവ വൈവിധ്യ കലവറയായ പെരിങ്ങമലയിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡോ. കെ വി തോമസ് അഭിപ്രായപ്പെട്ടു. ‘പെരിങ്ങമലയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സാധ്യമോ’ എന്ന പരിഷത്ത് പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന പരിസര വിഷയ സമിതി ചെയർമാന്‍ കൂടിയായ അദ്ദേഹം. സമരസമിതിയിലെ മുതിർന്ന അംഗം സലാഹുദ്ദിൻ റിപ്പോർട്ട് ഏറ്റു വാങ്ങി.
വാമനപുരം വികസന ബ്ലോക്കിൽ ഉൾപ്പെടുന്ന പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ ജില്ലാ കൃഷിത്തോട്ടത്തിനുള്ളിലെ പരിസ്ഥിതി ലോല മേഖലയിൽ ഏതൊരു വിധത്തിലുള്ള പരിസരാഘാത പഠനവും നടത്താതെ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യത്തിൽ വൈദ്യുതി ഉൽപ്പാദിക്കുന്ന പ്ലാൻറിനെതിനെതിരായി തദ്ദേശീയർ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പരിഷത്ത് തിരുവനന്ത പുരം ജില്ലാപരിസര വിഷയ സമിതി പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യ ത്തെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും പ്രസ്തുത പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിച്ചാലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനം നടത്താൻ തീരുമാനിക്കുന്നത്.
ഡോ. കെ വി തോമസ്, വി ഹരിലാൽ, ഡോ. കമറുദ്ദിൻ, ബി രമേഷ്, ഷിബു തണൽ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.
പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യ സമ്പന്നമായ അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ കരുതൽ മേഖല (Buffer Zone) യുടെ ഭാഗമായ പെരുന്തേൻ മലയെന്ന പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിന്റെ ഭൂരിഭാഗവും സംരക്ഷിത വനമേഖലയാണ്. ആഗോള ജൈവ വൈവിധ്യക്കല വറകളിൽ (Biodiversity Hotspot) തന്നെ അപൂർവ്വ ജീവജാലങ്ങളുടെ വൈവിധ്യമേറെയുള്ള പ്രദേശമെന്ന പരിഗണനയും യുനെസ്കോ ഈ പ്രദേശത്തിന് നൽകിയിട്ടുണ്ട്. പശ്ചിമ ഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ പരിഗണിക്കപ്പെട്ട സവിശേഷതകളിലെന്നായ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ ശുദ്ധജല കണ്ടൽച്ചതുപ്പ്(Fresh Water Myristica Swamp) ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഈ പഞ്ചായത്തിലാണ്. സപുഷ്പികളായ ചെടികളുടെ ഉൽഭവ ചരിത്രവുമായി ഏറെ ബന്ധമുള്ള “Living fossil”കളാണിവ. ലോകത്താകമാനം രണ്ടായിരം ഹെക്ടറിലേറെയുണ്ടായിരുന്ന ഈ അപൂർവ്വ ആവാസ വ്യവസ്ഥയുടെ വിസ്തൃതി ഇന്ന് 200 ഹെക്ടറിൽ താഴെയാണെന്ന് കണക്കാക്ക പ്പെടുന്നു. ഇതിൽ 80 % കാണപ്പെടുന്നത് ഇവിടെയാണ്.
കളക്കാട് മുണ്ടൻ തുറ കടുവാ സങ്കേതവുമായും ശെന്തരുണി വന്യജീവി സങ്കേതവുമായും അതിർത്തി പങ്കിടുന്ന പെരിങ്ങമല, തനതും വംശനാശ ഭീഷണി നേരിടുന്നതുമായനിരവധി സസ്യങ്ങളുടേയും ജീവജാലങ്ങളുടേയും ആവാസ പ്രജനന കേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതമാകാൻ പോകുന്ന അരിപ്പ, വരയാടുകൾ ധാരാളമായിക്കാണപ്പെടുന്ന വരയാട്ടുമുടി എന്നിവയും ഇതിനടുത്താ
ണ്.
പെരിങ്ങമ്മലയുടെ ജൈവ വൈവിധ്യ സമ്പന്ന മായ ആവാസ വ്യവസ്ഥയോട് ഒരുതരത്തിലും യോജിക്കുന്നതല്ല മാലിന്യപ്ലാന്റും അനുബന്ധ പ്രവർത്തികളും. സവിശേഷമായ ഭൂപ്രകൃതിയും സമൃദ്ധമായ ജലസ്രോതസ്സുകളും മണ്ണും സസ്യജാലങ്ങളും ചേർന്നൊരുക്കുന്ന സവിശേഷമായൊരു ആവാസ വ്യവസ്ഥയാണ് പെരിങ്ങമ്മലയിലേത്. നിർദ്ദിഷ്ട മാലിന്യ പ്ലാന്റും അനുബന്ധ നിർമ്മിതികളും പെരിങ്ങമ്മലയിലെ ആവാസ വ്യവസ്ഥയുടെ സമ്പന്നത യെയും സന്തുലിതാവസ്ഥയെയും തകിടം മറിക്കും. മേൽ സൂചിപ്പിച്ച ഘടകങ്ങൾ പരിഗണിക്കുമ്പോൾ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാൻ ഒട്ടും അനുയോജ്യമല്ല പെരിങ്ങമ്മലയെന്നു റിപ്പോര്‍ട്ട് അടിവരയിടുന്നു.
ജില്ലാ സെക്രട്ടറി എസ് ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പരിസര വിഷയ സമിതി കൺവീനർ എസ് എൽ സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കമറുദ്ദീൻ, ഡോ. ബാലചന്ദ്രൻ, സലിം പള്ളിവിള എന്നിവർ സംസാരിച്ചു. മാലിന്യ പ്ലാന്റ് വിരുദ്ധ സമര സമിതി കൺവീനർ നിസ്സാമുദ്ദിൻ സുൽഫി സ്വാഗതവും പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജി ആർ ഹരി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *