പൊങ്ങലക്കരി കോളനി സാമൂഹ്യ – സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു

0

കുമരകം: ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമരകത്ത് മെത്രാൻ കായലിനോട് ചേർന്നുള്ള പൊങ്ങലക്കരി കോളനിയുടെ സാമൂഹ്യ – സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു. ആകെ നൂറ്റിപ്പതിനെട്ട് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ മുപ്പത്തിയേഴ് പട്ടികജാതി കുടുംബങ്ങളും അമ്പത്തിയഞ്ച് ഓ.ഇ.സി കുടുംബങ്ങളും – ഇരുപത്തിനാല് ഒ.ബി.സി കുടുംബങ്ങളും ഉള്ളപ്പോൾ പൊതുവിഭാഗത്തിൽ പെട്ട രണ്ട് കുടുംബങ്ങൾ മാത്രമാണുള്ളത്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് സദൃശമായ ഈ തുരുത്തിലെ ആകെ ജനസംഖ്യ 468 ആണ്.

1995 ൽ വേൾഡ് വിഷൻ എന്ന സർക്കാരിതര സംഘടന നിർമിച്ച് കൊടുത്ത നടപ്പാലം മാത്രമാണ് കോളനിയിലേക്കുള്ള പ്രവേശന കവാടം. ആദ്യ മഴക്കുതന്നെ വെള്ളം പൊങ്ങും. കായലിൽ നിന്ന് മണ്ണിട്ട് നികത്തിയെടുത്ത സ്ഥലമാണിത്. മണ്ണിന് ഉറപ്പില്ല. ഓരോ വെള്ളപ്പൊക്കവും കഴിയുമ്പോൾ മണ്ണ് ഒഴുകിപ്പോകും. അങ്ങനെ കല്ല് കെട്ടി നിർമിച്ച വീടുകളെല്ലാം പൊട്ടിപ്പൊളിയും. ഇത് തടയാൻ എട്ട് ഏക്കർ വരുന്ന കോളനിക്ക് ചുറ്റും കരിങ്കല്ല് കെട്ടി സംരക്ഷിക്കണം എന്ന് ഇവിടുത്തെ താമസക്കാർ ആവശ്യപ്പെടുന്നു.

ഓലമേഞ്ഞതും ടാർപ്പോളിൻ കൊണ്ടു മറച്ചതുമായ വീടുകൾ ധാരാളം. നടവഴികൾ മുഴുവൻ ചെളി നിറഞ്ഞിരിക്കുന്നു. കക്കൂസ് ഇല്ലാത്ത വീടുകൾ ധാരാളം. സ്കൂൾ, ഹെൽത്ത് സബ്‌ സെന്റർ, അങ്കണവാടി എന്നിവയൊന്നും ഒരു കിലോമീറ്റർ നടന്നെത്താവുന്ന ദൂരപരിധിയിലല്ല.

സുരേഷ് കുറുപ്പ് എം.എൽ.എ യുടെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിപ്രകാരം എല്ലാ വീട്ടിലും വൈദ്യുതി എത്തിയിട്ടുണ്ട്. എന്നാൽ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പാലം നിർമിക്കാൻ അനുവദിച്ച ഒരു കോടി പത്ത് ലക്ഷം രൂപ യഥാസമയം വിനിയോഗിക്കാൻ കഴിഞ്ഞില്ല.
ഈ കോളനിയുടെ വികസനാവശ്യങ്ങൾ -ജനങ്ങൾ എന്താഗ്രഹിക്കുന്നു എന്ന പഠനമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ജനസംഖ്യ, സമുദായം, വിദ്യാഭ്യാസ യോഗ്യത, വീടിന്റെ ഉടമസ്ഥത, കടബാധ്യതകൾ, ആരോഗ്യസ്ഥിതി, ജനങ്ങളുടെ നോട്ടത്തിൽ കോളനിയുടെ പോരായ്മകൾ, മെച്ചങ്ങൾ, ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയാണ് പഠന വിധേയമാക്കുന്നത്. നിഷാ മോൾ, ജോസഫ്, ജാനറ്റ് ജോൺസൺ എന്നിവർ വിവരശേഖരണവും അനുബന്ധ അക്കാദമിക പ്രവർത്തനവും നടത്തുന്നു. ഇതിന് സമാന്തരമായി വിവിധ വിഭാഗം ജനങ്ങൾ പങ്കെടുക്കുന്ന ഫോക്കസ്ഗ്രൂപ്പ് ചര്‍ച്ചകളും ആരംഭിച്ചു.

കോളനിയുടെ ചരിത്രവും വികസന പ്രവർത്തനങ്ങൾക്കായി ഇതുവരെ മുന്നോട്ട് വച്ച നിർദേശങ്ങൾ, അവ സാധ്യമാക്കാൻ നടത്തിയ പരിശ്രമങ്ങൾ, അവക്കുണ്ടായ തടസ്സങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി കോളനിയിലെ 50 വയസ്സിന് മേൽ പ്രായമുള്ളവരുടെയും, കോളനിയുടെ ഭാവിയെക്കുറിച്ചുള്ള പുതുതലമുറയുടെ സ്വപ്നങ്ങൾ ക്രോഡീകരിക്കുന്നതിനായി 25 വയസ്സിൽ താഴെ പ്രായമുള്ള യുവാക്കളുടെയും ചർച്ചായോഗങ്ങൾ ചേർന്നു.

കോളനി വികസനത്തെക്കുറിച്ച് ഇവിടെ പ്രവർത്തിക്കുന്ന സാമുദായിക സംഘടനകളുടെ നിർദേശങ്ങൾ ക്രോഡീകരിക്കാൻ സമുദായ സംഘടനാ നേതാക്കളുടെ യോഗം ഉടനെ നടക്കും. വിവരശേഖരണത്തിലും ചർച്ചകളിലും ഉയരുന്ന നിർദേശങ്ങളിൽ നിന്ന് കോളനി വികസനരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയാണ് ലക്ഷ്യം. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.ബാബു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.സലിമോൻ, വൈസ് പ്രസിഡണ്ട് സിന്ധു രവികുമാർ, കുമരകം യൂണിറ്റ് സെക്രട്ടറി മഹേഷ്‌ ബാബു എന്നിവർ ചർച്ചകൾക്കും പഠനങ്ങൾക്കും നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *