പൊതുവിദ്യാഭ്യാസ മേഖല വെല്ലുവിളി നേരിടുന്നു. പരിഷത്ത് സെമിനാര്‍

0

കല്‍പ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് മാനന്തവാടിയില്‍ തുടക്കമായി. വിദ്യാഭ്യാസ സെമിനാര്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഒ.അര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുംബൈ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. ഡോ. ജോസ് ജോര്‍ജ്ജ് അധ്യക്ഷനായി.
പ്രമുഖനായ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. സി.രാമകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിലേക്ക് എന്നതായിരുന്നു വിഷയം. പ്ലസ് ടു വരെ സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ചതോടെ ശക്തമായ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഡോ. രാമകൃഷ്ണന്‍ പറ‍ഞ്ഞു. നാട്ടിലെ പ്രകൃതി വിഭവങ്ങളെയും സമൂഹത്തിന്റെ ആവശ്യകതയെയും പരിഗണിച്ച് നമ്മുടെ അധ്വാനശേഷിയെ എങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താമെന്ന് പാഠ്യപദ്ധതി അന്വേഷിക്കുന്നില്ല. അതിനാല്‍ പന്ത്രണ്ടാം ക്ലാസ്സ് കഴി‍ഞ്ഞുവരുന്ന 18 വയസ്സോടടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് സ്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കപ്പെടുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യ വിദ്യാഭ്യാസം സാര്‍ത്ഥകമാകുന്നത്.
പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന ലഘു അവതരണങ്ങളില്‍ ബഹുഭാഷാരംഗത്തെ അടിസ്ഥാനശേഷി വികസനം എന്ന വിഷയം, ബാവലി സ്കൂളിലെ അനുഭവങ്ങള്‍ പരിചയപ്പെടുത്തി ഇ.വി.പ്രമീള, കെ.രാധ എന്നീ അധ്യാപികമാര്‍ വിശദീകരിച്ചു. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ മുന്നേറ്റം എന്ന വിഷയത്തില്‍ അംബ സ്കൂളിലെ അനുഭവങ്ങള്‍ പ്രധാനാധ്യാപകന്‍ എം.ജനാര്‍ദനന്‍ വിശദീകരിച്ചു. വിദ്യാലയ വികസനത്തിലൂടെ ഗ്രാമവികസനം എന്ന വിഷയത്തില്‍ ഓടപ്പള്ളം സ്കൂളിലെ അനുഭവങ്ങള്‍ അധ്യാപകന്‍ ജിതിന്‍ജിത് വിശദീകരിച്ചു.
പരിഷത്ത് നിര്‍വാഹകസമിതി അംഗങ്ങളായ പ്രൊഫ.കെ.ബാലഗോപാലന്‍, പി.വി.സന്തോഷ്, ടി.ആര്‍.സുമ, കെ.ബി.സിമില്‍ പ്രസാദ് വെള്ളമുണ്ട, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ ഖാദര്‍, സെയ്ത്, കെ.വത്സല, അ‍ജയകുമാര്‍ എന്നിവരും സംസാരിച്ചു. കണ്‍വീനര്‍ പി.പി.ബാലചന്ദ്രന്‍ സ്വാഗതവും ജില്ലാസെക്രട്ടറി പി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *