ബാലോത്സവം – കഴക്കൂട്ടം മേഖല

0

25/9/2022
തിരുവനന്തപുരം: ജലം ബാലോത്സവം കഴക്കൂട്ടം മേഖലയിൽ കഠിനംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാന്നാങ്കര ഗവണ്മെന്റ് എൽ. പി. എസ്സിൽ നടന്നു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 92 കുട്ടികൾ ബാലോത്സവത്തിൽ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയ്ക്ക് മേഖല സെക്രട്ടറി സ്വാഗതം ആശംസിച്ചു. വെട്ടുതുറ ബി. പി. എം. സ്കൂളിലെ വിദ്യാർത്ഥിനി മുഹ്സിന മാജിക്‌ ബോർഡിൽ രാസപ്രവർത്തനം വഴി ബാലോത്സവ സന്ദേശം തെളിയിച്ചു ഉദഘാടനം നിർവഹിച്ചു. ബാലോത്സവ മൊഡ്യൂൾ അനുസരിച്ചുള്ള ഭാഷാലോകം ശ്രീമതി. ഉഷ നന്ദിനി, ശ്രീമതി.ബേബി ഷമ്മി ഗഫൂർ എന്നിവരും പരീക്ഷണ ലോകം മേഖല ബാലവേദി കൺവീനറും കൈകാര്യം ചെയ്തു. ബാലോത്സവ വേദിയിൽ പ്രശസ്ത സിനിമ നടൻ ശ്രീ അലൻസിയർ കുറച്ച് സമയം കുട്ടികളുമായി സംവദിക്കുകയുണ്ടായി. ഉച്ചക്ക്ശേഷം, പ്രശ്നപരിഹാര ലോകം എന്ന ഇനത്തിൽ ഫീൽഡ് സന്ദർശനം ആണ് ഒരുക്കിയിരുന്നത്. ബാലോത്സവവേദിയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കഠിനംകുളം കായലും അതിനോട് ചേർന്നുള്ള കണ്ടൽ കാടുകളും സന്ദർശിച്ചു. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സസ്യ ശാസ്ത്ര വിഭാഗത്തിൽ നിന്നും എത്തിയ ഗവേഷക വിദ്യാർത്ഥികളായ ശ്രീ. വിവേക്, ശ്രീ. ഷിബിൻ, ശ്രീ. റിയാസ്, ശ്രീമതി. ദീപ്തി, ശ്രീമതി. ശ്രീദേവി എന്നിവർ പ്രകൃതി പഠനത്തിന് നേതൃത്വം നൽകി. കണ്ടൽ കാടുകൾ വച്ചുപിടിപ്പിക്കുന്നതിൽ നേരിട്ട് ഇടപെട്ട കഠിനംകുളം യൂണിറ്റ് പ്രവർത്തകനായ ശ്രീ. ജയചന്ദ്രൻ തന്റെ അറിവ് കുട്ടികളുമായി പങ്കുവെച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ഹരിപ്രസാദ് ബാലോത്സവ വേദി സന്ദർശിക്കുകയും ഫീൽഡ് വിസിറ്റിനു കുട്ടികളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ. സജയൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ജനറ്റ് വിക്ടർ എന്നിവരും ആദ്യാവസാനം ക്യാമ്പിൽ സജീവമായി ഉണ്ടായിരുന്നു. മേഖലയിലെ ഓൺലൈൻ ബാലവേദി, സയൻസ് കിഡ്‌സ്, മുൻപ് കൂട്ടുകാർക്കുവേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്കു പരിഷത്ത് പുസ്തകങ്ങൾ സമ്മാനമായി നൽകി. കഴക്കൂട്ടം മേഖലയിൽ നിന്നുള്ള ജില്ല കമ്മിറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം ബാലോത്സവത്തെ വളരെ മികച്ചതാക്കി മാറ്റി. ഇനിയും ബാലോത്സവം വേണം എന്ന് കുട്ടികളും രക്ഷിതാക്കളും ആവശ്യപ്പെട്ടത് മേഖല പ്രവർത്തകരിലും ആവേശം ഉണ്ടാക്കിയിട്ടുണ്ട്. സ്കൂളുകളിൽ തുടർ ബാലോത്സവങ്ങൾ ആലോചിക്കുന്നതിനുകൂടി മേഖല ബാലോത്സവം രാസത്വരകം ആയി.

Leave a Reply

Your email address will not be published. Required fields are marked *