മലപ്പുറത്ത് വേറിട്ട പരിസര ദിനാചരണം

0

മലപ്പുറം: മാലിന്യ പരിപാലനത്തിന്റെ പ്രാദേശിക സാധ്യത തേടിയ മലപ്പുറം ജില്ലാതല പരിസരദിന പരിപാടി വേറിട്ട അനുഭവമായി. പതിവു പരിപാടികൾക്കു പകരം ജൈവ മാലിന്യ സംസ്കരണത്തിന് മൈക്രോ യൂണിറ്റുകള്‍ എന്നതിന്റെ പൈലറ്റ് പ്രോജക്ടായി നിലമ്പൂർ മേഖലയിലെ പൂക്കോട്ടുംപാടം യൂണിറ്റിന്റെ മുൻകൈയിൽ നടന്നത് കോഴിമാലിന്യ പരിപാലന പരിശീലന പരിപാടിയാണ്.
പൂക്കോട്ടുംപാടം അങ്ങാടിയിൽ റംസാൻ ദിനത്തിൽ അധികമായി ഉണ്ടാകുന്ന ഒരു ടൺ കോഴിമാലിന്യം വഴിയോരത്ത് വലിച്ചെറിയാൻ വിടാതെ നാട്ടിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി പൂക്കോട്ടുംപാടത്തെ ആറ് കോഴി ഇറച്ചി വില്പന കടകളിലുണ്ടായ ഏകദേശം 500 കിലോ അവശിഷ്ടങ്ങൾ ജൂൺ 5 ന് രാവിലെ പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിച്ചു. ചെട്ടിപ്പാടം പരിങ്ങാടുള്ള കുന്നത്താഴി ജലാലുദ്ദീൻ മാഷുടെ റബർ തോട്ടത്തിൽ ഉണ്ടാക്കിയ മാലിന്യ പരിപാലന പ്ലാന്റിലേക്കാണ് അത് എത്തിച്ചത്. ഐ.ആർ.ടി.സിയുടെ സാങ്കേതിക സഹായത്തോടെ ഇനോകുലം ചകിരിച്ചോർ മിക്ചർ ഉപയോഗിച്ച് വിൻഡ്രോ കമ്പോസ്റ്റിങിലൂടെ ജൈവവളമാക്കി മാറ്റുകയാണ് ഉദ്ദേശ്യം. മാലിന്യം സമ്പത്ത് എന്ന കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമൊരുക്കാനുള്ള പദ്ധതി.
മലപ്പുറം ജില്ലാ സെക്രട്ടറി സുനിൽ സി.എൻ അധ്യക്ഷനായ ചടങ്ങിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഡെമോൻസ്ട്രേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത് നിർവഹിച്ചു. രാജേന്ദ്രൻ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ഐ.ആർ.ടി.സി രജിസ്ട്രാർ കെ.കെ. ജനാർദ്ദനൻ മുഖ്യ പ്രഭാഷണം നടത്തി. തുവ്വൂർ പഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ, പുക്കോട്ടുംപാടം പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ്, ബിഡിഒ കേശവദാസ്, വാർഡ് മെമ്പർ അനീഷ് കവള, നിലമ്പൂർ മുനിസിപ്പാലിറ്റി കൗൺസിലർ മണി, എൻ.എൻ.സുരേന്ദ്രൻ, പി.രാജീവ്, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പരിഷത്ത് പരിസര ദിന പോസ്റ്ററിന്റെ പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed